പുത്തൻ പണം!! തിരിച്ചുവരവിനൊരുങ്ങി എ സി മിലാൻ

പൗളോ മൾഡീനി,കാക്ക, വാൻ ബാസ്റ്റൻ, സീദോർഫ്, ഷെവ്ചെങ്കോ  , ജോർജ് വെ , ആന്ദ്രേ പിർലോ , ഇൻസാഗി , ഗുള്ളിറ്റ് അങ്ങനെ കഴിഞ്ഞകാലങ്ങളിൽ ഫുട്ബാൾ കണ്ട ഏതാനും മികച്ച താരങ്ങൾ പന്ത് തട്ടിയ എ സി മിലാൻ …

7 പ്രാവശ്യം ചാമ്പ്യൻസ് ലീഗ് നേടിയ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബ്കളിലൊന്നായിരുന്ന മിലാൻ ഇപ്പൊൾ പ്രതാപ കാലത്തിന്റെ നിഴലിന് അടുത്ത്‌ പോലുമില്ല. അവസാനമായി 2011 ഇൽ ലീഗ് കിരീടം നേടിയ ശേഷം പിന്നീട് കാര്യമായി ഒന്നും നേടാനാവാതെ ചക്ര ശ്വാസം വലിക്കുകയാണ് മിലാൻ. നിലവിൽ സീരി എ യിൽ ഒന്നാം സ്ഥാനക്കാരായ യുവന്റസിന് 20 പോയിന്റ് പിന്നിൽ 6 ആം സ്ഥാനത്താണ്‌ മിലാൻ.

എന്നാൽ ഒരുകാലത്ത് മിലാന്റെ തേരോട്ടം ആസ്വദിച്ച ഫുട്ബാൾ പ്രേമികൾക് പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇറ്റലിയിൽ നിന്ന് വരുന്നത്.പുതിയ ഉടമസ്ഥർക്ക് കീഴിൽ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് മിലാൻ.

31 വർഷം മിലാന്റെ ഉടമസ്തനായിരുന്ന മുൻ ഇറ്റാലിയൻ പ്രധാന മന്ത്രി കൂടി ആയിരുന്ന സിൽവിയോ ബെർലുസ്കോണി ക്ലബ്ബ് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. റോസ്‌നേരി സ്പോർട്ട് ലക്സംബർഗ് എന്ന കമ്പനിയാണ് ഇനി മിലാന്റെ പുതിയ അവകാശികൾ. ബെർലുസ്കോണിയുടെ കീഴിൽ 31 വര്ഷത്തിനിടക്ക്‌ 29 ട്രോഫികളാണ് മിലാൻ നേടിയത്, ഇതിൽ 5 യൂറോപ്യൻ ട്രോഫികളും പെടും.

ഇന്നാണ് മിലാന്റെ ഏറ്റെടുക്കൽ നടപടികൾ ലക്സംബർഗ് കമ്പനി പൂർത്തിയാക്കിയത്. ഏകദേശം 740 മില്യൺ യൂറോക്കാണ് കമ്പനി മിലാന്റെ ഉടമസ്ഥാവകാശം വാങ്ങിയത് എന്ന് അറിയുന്നു. 220 മില്യൺ യൂറോയോളം വരുന്ന മിലാന്റെ കടവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്, ഒരുകാലത്ത് യൂറോപ്പ് അടക്കിവാണ പ്രതാപകാലത്തിലേക്ക് മിലാൻ പുതിയ ഉടമസ്ഥർക്ക് കീഴിൽ മടങ്ങി വരാൻ തന്നെയാണ് സാധ്യത.

നിയമ നടപടികൾ പൂർത്തിയാവുന്നതിന് മുൻപേ തന്നെ പുതിയ ഉടമസ്ഥർ അടുത്ത ട്രാൻസഫർ മാർക്കറ്റിൽ സ്വന്തമാകേണ്ട കളിക്കാരുടെ അടക്കം ഉള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. അങ്ങിനെയെങ്കിൽ യുവന്റസ് ,റോമ, നാപോളി എന്നിവരുടെ ഇറ്റാലിയൻ ആധിപത്യത്തിന് കനത്ത വെല്ലുവിളി ആയേക്കും പുതിയ മിലാൻ. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ചാമ്പ്യൻഷിപ്പുകളിൽ ഇറ്റലിയിൽ നിന്ന് ഇനി മിലാനും മടങ്ങി വരുന്ന കാഴ്ചക്ക് ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല ഫുട്ബാൾ പ്രേമികൾക്ക്.