20230415 201054

എസി മിലാന് തിരിച്ചടി, ബൊളോഗ്നയുമായി സമനില

സീരീ എയിൽ എസി മിലാന് വലിയ തിരിച്ചടി നൽകിക്കൊണ്ട് ബോളോഗ്നയുമായി സമനില. ഇന്ന് നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. ബൊളോഗ്നക്ക് വേണ്ടി സാൻസൺ വളകുലുക്കിയപ്പോൾ പൊബെഗ മിലാന്റെ ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പട്ടികയിൽ റോമയെ മറികടക്കാൻ ഉള്ള അവസരം മിലാന് നഷ്ടമായി. മൂന്നാം സ്ഥാനത്തുള്ള റോമ ഒരു മത്സരം കുറവാണ് കളിച്ചതും. പോയിന്റ് നിലയിൽ ഇരുവരും തുല്യരാണ്.

മിലാനെ ഞെട്ടിക്കുന്ന തുടക്കമാണ് ബോളോഗ്ന സ്വന്തം തട്ടകത്തിൽ കുറിച്ചത്. ഒന്നാം മിനിറ്റിൽ തന്നെ അവർ ലീഡ് എടുത്തു. സ്റ്റെഫാൻ പോഷ് വലത് വിങ്ങിലൂടെ ബോക്സിനുകളിലേക്ക് കയറി പോസ്റ്റിന് മുന്നിലേക്കായി നൽകിയ പാസ് സാൻസൺ ശക്തിയേറിയ ഷോട്ടിലൂടെ വലയിൽ എത്തിച്ചു. പിറകെ മിലാന് വേണ്ടി വ്രാങ്ക്സിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഫ്ലോറിൻസിയുടെ ക്രോസിൽ റേബിക്കിന്റെ ഹെഡർ കീപ്പർ തടുത്തു. മിലാൻ ആക്രമണം ശക്തമാക്കിയതോടെ എതിർ ബോക്‌സിൽ തുടർച്ചായി പന്തെത്തി. ഫ്ലോറൻസിയുടെ ഷോട്ടും കീപ്പർ തടുത്തിട്ടപ്പോൾ സലെമകെഴ്സിന്റെയും കലുലുവിന്റെയും ശ്രമങ്ങൾ പുറത്തേക്കായിരുന്നു. നാൽപതാം മിനിറ്റിൽ മിലാൻ സമനില ഗോൾ കണ്ടെത്തി. എതിർ പ്രതിരോധം ക്ലിയർ ചെയ്ത പന്ത് ബോക്സിന് പുറത്തു നിന്നും മികച്ചൊരു ഷോട്ടോടെ പൊബെഗ ഷോട്ട് വലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മിലാൻ മികച്ച പ്രകടനം തന്നെ പുറത്തെടുത്തെങ്കിലും ഗോൾ മാത്രം പിറന്നില്ല. റാഫേൽ ലിയോ എന്തിയതോടെ അവർ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. താരത്തിന്റെ ഷോട്ട് ക്ലിയർ ചെയ്തത് പോബെഗക്ക് ഹെഡർ അവസരമായി കലാശിച്ചെങ്കിലും പന്ത് കോർണറിൽ അവസാനിച്ചു. ലിയോയുടെ പാസിൽ വിജയ ഗോൾ നേടാനുള്ള അവസരം ഡിയാസ് തുലച്ചു. ബോക്സിനുള്ളിൽ നിന്നും ബൊളോഗ്ന താരത്തിന്റെ ഹാൻഡ്ബോളിനുള്ള മിലാൻ താരങ്ങളുടെ മുറവിളി റഫറി കണക്കിൽ എടുത്തില്ല. ഇഞ്ചുറി സമയത്തും മിലാന്റെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Exit mobile version