സീസൺ റിവ്യൂ; ഫൈനലുകളിൽ തട്ടി വീണ സൂപ്പർ സ്റ്റുഡിയോ മലപ്പുറം

- Advertisement -

അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സീസണിൽ വില്ലനായത് ഫൈനലുകളായിരുന്നു. അല്ലായെങ്കിൽ മികച്ച സീസണായേനെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് 2016-17 സീസൺ. സീസണിൽ ഒമ്പതു ഫൈനലുകൾ കളിച്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് അതിൽ ഏഴു ഫൈനലുകളും പരാജയം രുചിക്കേണ്ടി വന്നു. വെറും രണ്ട് കിരീടങ്ങളോടെ സീസൺ അവസാനിപ്പിക്കേണ്ടി വന്നു.

തുടർച്ചയായ അഞ്ചു വിജയങ്ങളോടെയായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഈ‌ സീസണ് തുടക്കം കുറിച്ചത്. ആദ്യ ടൂർണമെന്റിൽ തന്നെ ഫൈനലിൽ എത്തിയിരുന്നെങ്കിലും മഞ്ചേരി അഖിലേന്ത്യാ സെവൻസ് വരെ കാത്തിരിക്കേണ്ടി വന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ആദ്യ കിരീടം ഉയർത്താൻ. സൂപ്പറിന്റെ സീസണിലെ അഞ്ചാം ഫൈനലായിരുന്നു മഞ്ചേരി അഖിലേന്ത്യാ സെവൻസിലേത്.

മഞ്ചേരിക്കു ശേഷം കൊണ്ടോട്ടിയിലും സൂപ്പർ സ്റ്റുഡിയോ മലപ്പുറം കിരീടം ഉയർത്തി. കൊണ്ടോട്ടിയിൽ ഫിഫാ മഞ്ചേരിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആയിരുന്നു സൂപ്പർ കിരീടത്തിൽ മുത്തമിട്ടത്. കർക്കിടാംകുന്ന്, ചാവക്കാട്, മാവൂർ, മണ്ണാർക്കാട്, വളാഞ്ചേരി, വരന്തരപ്പിള്ളി, കല്പകഞ്ചേരി എന്നീ മൈതാനങ്ങളിലാണ് സൂപ്പർ സ്റ്റുഡിയോ റണ്ണേഴ്സ് അപ്പായി മടങ്ങേണ്ടി വന്നത്.

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു വേണ്ടി ഇത്തവണ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഇർഷാദും പാട്രിക്കും മൂസയും ഷമീലും സീസണിൽ ഉടനീളം തിളങ്ങി നിന്നു. കപ്പ് നേടിയില്ലായെങ്കിലും സീസണിൽ മികച്ച പ്രകടനവുമായി ഒരു ഘട്ടത്തിൽ ഫാൻപോർട്ട് സോക്കർ സിറ്റി റാങ്കിംഗിൽ രണ്ടാം സ്ഥാനം വരെ‌ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എത്തിയിരുന്നു.

സീസണിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിഫാ മഞ്ചേരിക്കെതിരെ നടത്തിയ പ്രകടനങ്ങളും ശ്രദ്ധേയമായി. എട്ടു തവണ ഫിഫാ മഞ്ചേരിയുമായി ഈ‌ സീസണിൽ ഏറ്റുമുട്ടിയപ്പോൾ ആറിലും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായിരുന്നു വിജയം. സീസണിലെ ഏറ്റവും കൂടുതൽ തുടർ വിജയങ്ങൾ എന്ന റെക്കോർഡും സൂപ്പർ സ്റ്റുഡിയോക്ക് സ്വന്തമാണ്. തുടർച്ചയായ 13 വിജയങ്ങളാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ റെക്കോർഡ്. ഫിഫയുടെ തുടർച്ചയായ 11 വിജയങ്ങളാണ് സൂപ്പറിന്റെ പിറകിൽ ഉള്ളത്.

Advertisement