സമനിലയിൽ സമനില തെറ്റുന്ന എസ് ബി ഐ, നാലു മത്സരങ്ങളായിട്ടും ലീഗിൽ ജയമില്ല

നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ എസ് ബി ഐക്ക് ഇത്തവണ തൊട്ടതൊക്കെ പിഴക്കുകയാണ്. അവസാനമായി ഇന്നലെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എഫ് സി തൃശ്ശൂരിനെതിരെയും ജയം കാണാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. 2-2 എന്ന സ്കോറിൽ അവസാനിച്ച മത്സരം എഫ് സി തൃശ്ശൂരിനെ ഗ്രൂപ്പ് ബിയിൽ ഒന്നാമതാക്കി.

കളിയിൽ പിറന്ന നാലു ഗോളുകളും രണ്ടാം പകുതിയിൽ ആയിരുന്നു പിറന്നത്. 51ാം മിനുട്ടിൽ മുൻ വിവാ കേരള താരം ഷൈജു മോനിലൂടെ എസ് ബി ഐയാണ് ആദ്യം ലീഡെടുത്തത്. പക്ഷെ മിനുട്ടുകൾക്കകം തിരിച്ചടിച്ചു കൊണ്ട് ജാസിർ(53′) തൃശ്ശൂരിനെ ഒപ്പമെത്തിച്ചു. 76ാം മിനുട്ടിൽ ആന്റണി പൗലോസിലൂടെ ലീഡ് നേടിക്കൊണ്ട് എഫ് സി തൃശ്ശൂർ തങ്ങളുടെ നാലാം വിജയത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ചു എങ്കിലും എസ് ബി ഐ വിട്ടുകൊടുത്തില്ല. 88ാം മിനുട്ടിൽ തൃശ്ശൂർ വഴങ്ങിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ജിജോ പൗലോസ് എസ് ബി ഐക്ക് സമനില വാങ്ങിക്കൊടുക്കുക ആയിരുന്നു.

എഫ് സി തൃശ്ശൂരിനെതിരെ ഇന്ന് പിറകിൽ നിന്ന് വന്ന് സമനില പിടിച്ചു എങ്കിലും പോയന്റ് ടേബിളിൽ ഇപ്പോഴും വളരെ പിറകിൽ തന്നെയാണ് എസ് ബി ഐ. നാലു മത്സരങ്ങളിൽ നിന്നായി മൂന്നു സമനിലയും ഒരു പരാജയവുമാണ് എസ് ബി ഐയുടെ ഇതുവരെയുള്ള സമ്പാദ്യം. ഒരു പോയന്റുമായി ഗ്രൂപ്പിൽ അഞ്ചാമതാണ് എസ് ബി ഐ ഇപ്പൊൾ. പതിനൊന്നു പോയന്റുമായി എഫ് സി തൃശ്ശൂർ ആണ് ഒന്നാമത്.