ജയത്തോടെ സാറ്റ് ഒന്നാമത്, എക്സൈസിനോട് തോറ്റ് എസ് ബി ഐ അവസാനത്ത്

കേരള പ്രീമിയർ ലീഗിൽ കേരള പോലീസിനെ തകർത്ത് സാറ്റ് തിരൂർ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് തിരൂരിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് കേരള പോലീസിനെ പരാജയപ്പെടുത്തിയത്. കളി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോൾ ഷഹീദ് നേടിയ ഇരട്ട ഗോളുകളാണ് കളി സാറ്റിന്റെ കൈകളിലാക്കിയത്. 85-ാം മിനുട്ടിലും 94ാം മിനുട്ടിലുമായിരുന്നു ഷഹീദിന്റെ ഗോളുകൾ. ഷഹീദിന്റെ പ്രീമിയർ ലീഗിലെ ഗോൾ ടാലി ഇതോടെ നാലായി. ജയത്തോടെ പത്തു പോയന്റുമായി സാറ്റ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തായി. ഏഴു പോയന്റുമായി കേരളാ പോലീസ് മൂന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ സെൻട്രൽ എക്സൈസ് എസ് ബി ഐയെ ഞെട്ടിച്ചു. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ആയ എസ് ബി ഐയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എക്സൈസ് പരാജയപ്പെടുത്തി. അസ്കർ നേടിയ ഇരട്ട ഗോളുകളാണ് സെൻട്രൽ എക്സൈസിനെ ജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് റാഫി സെൻട്രൽ എക്സൈസിനു വേണ്ടി ഒരു ഗോൾ നേടി. എസ് ബി ഐക്കു വേണ്ടി സജിത് പൗലോസും പ്രസൂണുമാണ് ലക്ഷ്യം കണ്ടത്.

പരാജയപ്പെട്ടതോടെ മൂന്നു കളികളിൽ നിന്ന് വെറും രണ്ടു പോയന്റുമായി എസ് ബി ഐ ഗ്രൂപ്പിൽ അവസാനമായി. നാലു മത്സരങ്ങളിൽ നിന്ന് മൂന്നു പോയന്റുമായി എക്സൈസ് നാലാം സ്ഥാനത്താണ്