മലയാളി കരുത്തിൽ സർവീസസ്

- Advertisement -

കഴിഞ്ഞ രണ്ട്‌ തവണയും സന്തോഷ് ട്രോഫി കിരീടമണിഞ്ഞ സർവീസസ് ടീം തുടർച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ട് ഗോവയിൽ ഫൈനൽ റൗണ്ട്  മത്സരങ്ങൾക്കിറങ്ങുമ്പോൾ ഇത്തവണയും അവരുടെ പ്രതീക്ഷ മലയാളികളിലാണ്. എന്നും കേരള താരങ്ങൾക്ക് പ്രാമുഖ്യം നൽകാറുള്ള പട്ടാളക്കാർക്ക്‌ വേണ്ടി ഇത്തവണ എട്ട് മലയാളികളാണ് ബൂട്ട് കെട്ടുന്നത്.
 
പാലക്കാട്ടുകാരനായ രാരി എസ്.രാജ് നയിക്കുന്ന ടീമിൽ  മലപ്പുറം തിരൂരിലെ  ഇര്‍ഷാദ് തൈവളപ്പില്‍, കണ്ണൂർ സ്വദേശി വിഷ്ണു വി.കെ, തൃശൂരുകാരൻ അനൂപ് പോളി, തിരുവനന്തപുരത്തെ ബ്രിട്ടോ പി.എം, തൃക്കരിപ്പൂരുകാരൻ ജൈൻ. പി., കോഴിക്കോട് സ്വദേശി ഫർഹാദ്, പയ്യന്നൂരിലെ കലേഷ് എന്നിവരാണുള്ളത്.
ഇതിൽ കലേഷ് ഒഴികെ ഏഴുപേരും കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ സർവീസസ് ജഴ്‌സി അണിഞ്ഞവരാണ്. പ്രതിരോധ നിരക്കാരനായ ക്യാപ്റ്റൻ രാരി എസ്.രാജിന് പട്ടാളക്കാരോടൊപ്പം ഇത് ആറാം സന്തോഷ് ട്രോഫിയാണ്.


 
സർവീസസിന് വേണ്ടി ആദ്യ സന്തോഷ് ട്രോഫി കളിക്കുന്ന ഇർഷാദ് ഡി.എസ്.കെ ശിവാജിയൻസ്, ഫത്തേഹ് ഹൈദരാബാദ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2015 നാഷണൽ ഗെയിംസിൽ മഹാരാഷ്ടയ്ക്ക് വേണ്ടി കളിച്ച്  ടോപ്സ്കോറെർ പട്ടം സ്വന്തമാക്കിയ തിരൂരുകാരൻ ഈ വർഷത്തെ സന്തോഷ്‌ ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്‌തിരുന്നു.

ഗോള്‍ കീപ്പറായ വി.കെ വിഷ്ണു നേരത്തേ ചിരാഗ് യുനൈറ്റഡിനും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്കും വേണ്ടി കളിച്ചിട്ടുണ്ട്, പ്രാഥമിക റൗണ്ടിൽ പകരക്കാരന്റെ റോളിലായിരുന്നെങ്കിലും  അവസരം ഒത്തുവന്നാൽ കരുത്ത് തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മധ്യനിരക്കാരനായ അനൂപ് പോളി തൃശൂർ സെന്റ് തോമസ് കോളേജിന്റെ താരമായിരുന്നു.
മധ്യനിരയിലും മുന്നേറ്റ നിരയിലും ഒരുപോലെ തിളങ്ങാറുള്ള  ബ്രിട്ടോ ജി.വി രാജ സ്പോർട്സ് സ്കൂളിലൂടെ വളർന്ന് വന്ന താരമാണ്, പ്രാഥമിക റൗണ്ടിൽ രണ്ടുഗോളുകളിടിച്ച ബ്രിട്ടോയുടെ ബൂട്ടിലൂടെ ആയിരുന്നു തമിഴ്നാടിനെതിരായ നിർണ്ണായക മത്സരത്തിൽ ടീമിന്റെ വിജയ ഗോൾ പിറന്നത്‌.

പട്ടാള ടീമിലെ സ്ഥിര സാനിധ്യമായ തൃക്കരിപ്പൂരുകാരൻ ജയിൻ. പി. വിവകേരള ജൂനിയർ ടീമിലൂടെയാണ്‌ പ്രൊഫഷണൽ രംഗത്തേക്ക് കടന്ന് വന്നത്‌, പിന്നീട്‌ ഗോൾഡൻ തെഡ്സ്‌,ആർമി ഇലവൻ എന്നീ ടീമുകളുടെ ജഴ്‌സി അണിഞ്ഞ ജയിൻ 2015-ഇൽ ആർമി ഇലവനെ കൊൽകത്ത ലീഗിൽ റണ്ണേഴ്‌സ്‌ അപ്പാക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ചു. കൊൽകത്ത വമ്പന്മാരെല്ലാം അണിനിരന്ന ടൂർണ്ണമെന്റിലെ മികച്ച മധ്യനിര താരമെന്ന നേട്ടം സ്വന്തമാക്കിയാണ്‌ ഈ മലയാളി  മടങ്ങിയത്‌.
ഈ വർഷം സർവീസസിനെ ഫൈനൽ റൗണ്ടിലെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ജെയിൻ-ബ്രിട്ടോ-അനൂപ് പോളി എന്നിവരടങ്ങുന്ന “മലയാളി മധ്യനിര ത്രയം” ഫൈനൽ റൗണ്ടിലും അതേ പ്രകടനം ആവർത്തിച്ചാൽ എതിരാളികൾ വിയർക്കുമെന്നുറപ്പ്.


 
കോഴിക്കോട്‌ മീഞ്ചന്ത സ്വദേശിയായ വി.വി ഫർഹാദ്‌ ‌ഏറെ കാലമായി പട്ടാളക്കാർക് വേണ്ടി ബൂട്ടണിയുന്ന താരമാണ്, സ്വന്തം നാട്ടിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പരിക്ക് കാരണം കളിക്കാനാകാതിരുന്ന ഈ മുന്നേറ്റനിരക്കാരന് നിലവിൽ പരിക്കിന്റെ പ്രശ്നങ്ങളില്ല. കണ്ണൂരുകാരൻ എം.വി കലേഷ് ആണ് സർവീസസ് നിരയിലെ എട്ടാം മലയാളി. പ്രാഥമിക റൗണ്ടിൽ ടീമിനോടൊപ്പം ഇല്ലാതിരുന്ന കലേഷിനെ ഫൈനൽ റൗണ്ടിലേക്ക് കോച്ച് പ്രത്യേകം വിളിച്ച് വരുത്തിയതാണ്.
ടീമിലെ സീനിയർ താരങ്ങളിൽ ഒരാളായ ഈ മുൻ എസ്.ബി.ടി താരം  പ്രതിരോധത്തിലും, മധ്യനിരയിലും കളിക്കാൻ മിടുക്കൻ.

പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അടിച്ച്‌ കൂട്ടി ആധികാരികമായി ഫൈനൽ റൗണ്ടിലേക്ക്‌ മുന്നേറിയ പട്ടാളക്കാർക്ക്‌ വേണ്ടി അഞ്ച്‌ ഗോളുകളായിരുന്നു മലയാളി താരങ്ങളുടെ സംഭാവന. കോഴിക്കോട്ട്‌ വച്ച്‌ നടത്തിയ പ്രകടനം ഫൈനൽ റൗണ്ടിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ “മല്ലു പട്ടാളം”. ആലപ്പുഴ സ്വദേശി സജിത്ത്‌ കുമാർ ആണ്‌ നിലവിലെ ചാമ്പ്യന്മാരുടെ ടീം മാനേജർ.

സർവീസസ് ഉൾപ്പെട്ട ഗ്രൂപ് A-യിൽ ചണ്ഡീഗഢ്,ഗോവ,ബംഗാൾ,മേഘാലയ  എന്നീ ടീമുകളാണുള്ളത്, ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് സെമിഫൈനലിലേക്ക് മുന്നേറാം.

സർവീസസിന്റെ മത്സരക്രമം:
14/3 – vs West Bengal
16/3 – vs Chandigarh
18/3 – vs Meghalaya
20/3 – vs Goa

Advertisement