സന്തോഷ് ട്രോഫി കേരളം ഒരുങ്ങുന്നു, സന്നാഹ മത്സരത്തിൽ സെൻട്രൽ എക്സൈസിനെ വീഴ്ത്തി

- Advertisement -

സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിനുള്ള ഒരുക്കത്തിലാണ് കേരളം. മാർച്ച് 13ന് ആരംഭിക്കുന്ന ടൂർണമെന്റിനായി കേരളം ഗോവയിൽ പരിശീലനം നടത്തി വരികയാണ്. ഗോവയാണ് ഫൈനൽ റൗണ്ടിന് വേദിയാകുന്നത്. നേരത്തെ ഗോവയിൽ നടന്ന സന്നാഹ മത്സരത്തിൽ എസ് ബി ഐയെ പരാജയപ്പെടുത്തിയിരുന്ന കേരളം ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ സെൻട്രൽ എക്സൈസിനേയും പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സെൻട്രൽ എക്സൈസിനെതിരെയുള്ള കേരളത്തിന്റെ വിജയം.

പതിനഞ്ചാം തീയതി ആണ് കേരളത്തിന്റെ ആദ്യ കളി. ആദ്യ മത്സരത്തിൽ കേരളം റെയിൽവേസിനെ നേരിടും.17ന് പഞ്ചാബും 19ന് മിസോറാമും 21ന് മഹാരാഷ്ട്രയുമാണ് കേരളത്തിന്റെ മറ്റു മത്സരങ്ങൾ. രണ്ടു ഗ്രൂപ്പുകളായുള്ള മത്സരത്തിൽ ഒരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിൽ എത്തുക. 23ന് സെമി ഫൈനലുകൾ ആരംഭിക്കും‌. 25നാണ് ഫൈനൽ.

മരണ ഗ്രൂപ്പെന്നു വിളിക്കപ്പെടുന്ന ഗ്രൂപ്പിലാണ് കേരളം എങ്കിലും ജയിച്ചു കയറാമെന്നാണ് വി പി ഷാജിയും കേരളത്തിന്റെ താരങ്ങളും കരുതുന്നത്.

Advertisement