നിലവിലെ ചാമ്പ്യന്മാർ സർവ്വീസസ് പുറത്ത്, ഗോവ സെമിയിൽ

സർവ്വീസസിന്റെ ഹാട്രിക്ക് കിരീടം എന്ന മോഹം ഗോവയിൽ ഗോവ തന്നെ തീർത്തു. സന്തോഷ് ട്രോഫി ഗ്രൂപ്പ് എയിലെ നിർണ്ണായക മത്സരത്തിൽ ഗോവയെ തോൽപ്പിച്ചാൽ മാത്രമേ സർവ്വീസസിനു സെമി പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ട സർവ്വീസസ് മികച്ച രീതിയിലാണ് ഗോവയ്ക്കെതിരെ തുടങ്ങിയത്. തുടക്കത്തിൽ തന്നെ ടുഡുവിന്റെ ഗോളിലൂടെ ലീഡെടുത്ത സർവ്വീസസ് സെമി പ്രതീക്ഷകൾ സജീവമാക്കി. പക്ഷെ ചുവപ്പ് കാർഡ് സർവ്വീസസിനെ ഒരിക്കൽ കൂടെ ഗോവയിൽ പരാജയപ്പെടുത്തി. ക്യാപ്റ്റൻ കൂടിയായ മലയാളി താരം രാരിയാണ് അറുപത്തി ഒമ്പതാം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയത്.

പത്തു പേരായി ചുരുങ്ങിയ സർവ്വീസസിനെതിരെ അവസാന ഇരുപതു മിനുട്ടിൽ സ്വന്തം നാട്ടുകാരെ സാക്ഷി നിർത്തി ഗോവ തിരിച്ചടിച്ചു. ബ്രണ്ടനിലൂടെ കളി അവസാനിക്കാൻ എട്ടു മിനുട്ട് മാത്രം ശേഷിക്കേ ഗോവ സമനില ഗോൾ കണ്ടെത്തി. സമനില തന്നെ സെമിയിലേക്ക് ഗോവയെ എത്തിക്കുമായിരുന്നു എങ്കിലും 89ആം മിനുട്ടിൽ കൈതാനിലൂടെ ഗോവ വിജയഗോളും കണ്ടെത്തി. നിലവിലെ ചാമ്പ്യന്മാരായ സർവ്വീസസ് ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനക്കാരായി പുറത്തേക്ക്.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പശ്ചിമ ബംഗാൾ മേഘാലയയെ പരാജയപ്പെടുത്തി. 4 മത്സരങ്ങളിൽ നിന്ന് 10 പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബംഗാൾ സെമിയിലേക്ക് കടന്നത്. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഒരേയൊരു ടീമാണ് ബംഗാൾ.

Loading...