ഗ്രൂപ്പ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ ഇന്ന് അറിയാം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ ഇന്ന് (24-04-2022) അറിയാം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ 4.00 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ രാജസ്ഥാനെ നേരിടും. മൂന്ന് മത്സരങ്ങള്‍ കളിച്ച ബംഗാളിന് രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായി കഴിഞ്ഞു. രാജസ്ഥാനെ തോല്‍പ്പിക്കുകയാണങ്കില്‍ ഒമ്പത് പോയിന്റോടെ ബംഗാള്‍ സെമിക്ക് യോഗ്യത നേടും.

കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മേഘാലയയെ തോല്‍പിച്ചാണ് ബംഗാളിന്റെ വരവ്. വിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള അറ്റാക്കിംങ് ആണ് ടീമിന്റെ ശക്തി. കഴിഞ്ഞ മത്സരത്തില്‍ മേഘാലയക്കെതിരെ അടിച്ച മിക്കഗോളുകളുടെയും തുടക്കം വിങ്ങുകളില്‍ നിന്നായിരുന്നു. രണ്ടാം മത്സരത്തില്‍ കേരളത്തോട് ഗോളടിക്കാന്‍ മറന്ന അറ്റാക്കിംങ് നിര ലക്ഷ്യം കണ്ടെത്താന്‍ തുടങ്ങിയത് ടീമിന്റെ ശക്തി ഇരട്ടിയാക്കിയിട്ടുണ്ട്. പ്രതിരോധത്തില്‍ ചില പാളിച്ചകള്‍ ഉണ്ടെങ്കിലും മുന്‍ ഗോകുലം കേരള എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് മികച്ച ഫോമിലാണ്. മത്സരത്തിന്റെ അവസാന നിമിഷം നടത്തിയ പെനാല്‍റ്റി സേവും റിട്ടേര്‍ണ്‍ ബോള്‍ സേവുമാണ് ടീമിന്റെ സെമി സാധ്യത നിലനിര്‍ത്തിയത്. തന്‍മോയ് ഗോഷ് നയിക്കുന്ന മധ്യനിരയും മികച്ച ഫോമിലാണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന് അവസാന മത്സരമെങ്കിലും ജയിച്ച് വേണം നാട്ടിലേക്ക് തിരിക്കാന്‍. ഗോള്‍കീപ്പര്‍ ഒഴികെയുള്ള എല്ലാ ഡിപാര്‍ട്ട്‌മെന്റുകളും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മത്രമേ ആശ്വാസ ജയത്തിന് സാധ്യതയോള്ളു.
8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മേഘാലയ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങള്‍ കളിച്ച മേഘാലയക്ക് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് ഒരു ജയം രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റാണ് ഉള്ളത്. അവസാന മത്സരം ജയിച്ച ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകും പഞ്ചാബ് ശ്രമിക്കുക. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിക്ക് യോഗ്യ നേടാനാണ് മേഘാലയ കാത്തിരിക്കുന്നത്. നിലവില്‍ 4 പോയിന്റുള്ള മേഘാലയക്ക് പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ ഏഴ് പോയിന്റാകും. രാജസ്ഥാന്‍ ബംഗാളിനെ തോല്‍പ്പിച്ചാല്‍ മേഘാലയക്ക് സെമിക്ക് യോഗ്യത നേടാം.

ഗുജറാത്തിനെ തകര്‍ത്ത് ഒഡീഷ; സെമി ഫൈനലിന് അരികെ

മഴനിറഞ്ഞാടിയ രണ്ട് പകുതിയില്‍ അവസാന നിമിഷം ഗോളടി മേളം. സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജാത്തിനെ തകര്‍ത്ത് ഒഡീഷ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗുജറാത്തിനെതിരെ ഒഡീഷയുടെ ജയം. രണ്ടാം പകുതിയുടെ അവസാന പത്ത് മിനുട്ടിലാണ് മൂന്ന് ഗോളുകള്‍ വീണത്. ഒഡീഷക്കായി ചന്ദ്രമുദുലി ഇരട്ടഗോള്‍ നേടി. റയ്സണ്‍ ടുഡുവിന്റെ വകയാണ് ഒരു ഗോള്‍. Img 20220423 Wa0012

ആദ്യ പകുതി

ഇരുടീമിന്റെയും ആദ്യ ഇലവനില്‍ ഓരോ മാറ്റങ്ങളുമായി ഇറങ്ങിയത്. ആദ്യ പകുതിയില്‍ ഒഡീഷയുടെ മുന്നേറ്റമാണ് കണ്ടത്. 9 ാം മിനുട്ടില്‍ ഒഡീഷ്യക്ക് അവസരം ലഭിച്ചു. കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം പ്രതിരോധ താരം അഭിഷേക് രാവത് നഷ്ടപ്പെടുത്തി. 14 ാം മിനുട്ടില്‍ അടുത്ത അവസരം വലതു വിങ്ങില്‍ നിന്ന് പിന്റു സമല്‍ നല്‍കിയ ക്രോസ് കാര്‍ത്തിക് ഹന്‍തല്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നും ഒഡീഷ്യക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇടവേളയില്‍ ഒഡീഷ്യന്‍ ഗോള്‍മുഖത്തേക്ക് ഗുജറാത്ത് ഒറ്റപെട്ട ചില ആക്രമണങ്ങള്‍ ഒന്നും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 37 ാം മിനുട്ടില്‍ ഒഡീഷ്യ ലീഡെടുത്തു. അര്‍പന്‍ ലാക്ര എടുത്ത കോര്‍ണര്‍ ഗുജറാത്ത് പ്രതിരോധ താരങ്ങളും ഗോള്‍കീപ്പര്‍ അജ്മലും തട്ടിഅകറ്റാന്‍ ശ്രമിക്കവേ ലഭിച്ച അവസരം ബോക്സില്‍ നിലയുറപ്പിച്ചിരുന്ന ചന്ദ്രമുദുലി ഗോളാക്കി മാറ്റി. ഉയര്‍ന്നു വന്ന പന്ത് ഒരു ഉഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു ഗോള്‍.

രണ്ടാം പകുതി

വിരസമായ രണ്ടാം പകുതിയില്‍ ഇടവേളയില്‍ ഇരുടീമുകള്‍ക്കും ഓരോ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 78 ാം മിനുട്ടില്‍ ഗുജറാത്ത് കിടിലന്‍ ഗോളിലൂടെ സമനില പിടിച്ചു. ഒഡീഷ പ്രതിരോധ താരം പ്രബിന്‍ ടിഗ്ഗ ക്ലിയര്‍ ചെയ്ത ബോള്‍ മുഹമദ്മറൂഫ് മൊല്ലക്ക് ലഭിച്ചു. ഉയര്‍ന്നു വന്ന പന്ത് മുഹമദ്മറൂഫ് മൊല്ല ചെസ്റ്റ് കൊണ്ട് ടാപ് ചെയ്ത് പ്രഭല്‍ദീപിന് നല്‍കി. കിട്ടിയ പന്ത് ചെസ്റ്റില്‍ ഇറക്കി ബോക്സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് ഉഗ്രന്‍ ഗോള്‍. 87 ാം മിനുട്ടില്‍ ഒഡീഷ ലീഡെടുത്തു പിടിച്ചു. മധ്യനിരയില്‍ നിന്ന് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ ഉയര്‍ത്തി നല്‍ക്കിയ പാസ് ഓടിയെടുത്ത അര്‍പന്‍ ലാക്ര ഗോള്‍ കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുകളിലൂടെ ഉയര്‍ത്തി നല്‍കി. പോസ്റ്റിന് മുമ്പിന്‍ നിന്നിരുന്ന ചന്ദ്രമുദുലി ഗോളാക്കി മാറ്റി. 89 ാം മിനുട്ടില്‍ ഒഡീഷ ലീഡ് ഉയര്‍ത്തി. ഗോള്‍ കീപ്പര്‍ അഭിഷേക് എടുത്ത കിക്ക് ഗുജറാത്തിന്റെ പ്രതിരോധ നിരയിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ പകരക്കാരനായി ഇറങ്ങിയ റയ്സണ്‍ ടുഡുവിന് ലഭിച്ചു. ബോളുമായി മുന്നേറിയ ടുഡു ഗോളാക്കി മാറ്റി. 90 ാം മിനുട്ടില്‍ ഗുജറാത്ത് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കിനിടെ ജയ്കനാനിയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി. ജയ്കനാനി തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.

കര്‍ണാടകയെ തോല്‍പ്പിച്ച് മണിപ്പൂര് സന്തോഷ് ട്രോഫി സെമിയില്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര് സെമിയില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് സെമി പ്രവേശം. മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറക്ിന്റെ വകയാണ് ഒരു ഗോള്‍. നാല് മത്സരങ്ങളി്ല്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുമായി മണിപ്പൂരാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കര്‍ണാടകയ്ക്ക് ഉള്ളത്. 25 ന് ഗുജറാത്തിന് എതിരെയാണ് കര്‍ണാടകയുടെ അവസാന മത്സരം.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ ഒരു മാറ്റവുമായി ആണ് മണിപ്പൂര്‍ ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മണിപ്പൂര് കര്‍ണാടകന്‍ ഗോള്‍മുഖത്തേക്ക് അറ്റാക്കിംങ് ആരംഭിച്ചു. തുടരെ അവസരങ്ങള്‍ ലഭിച്ച മണിപ്പൂരിന് ലക്ഷ്യം കണ്ടെത്താനായില്ല. ഇടവേളയില്‍ കര്‍ണാടകയ്ക്കും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 19 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് എടുത്തു. വലതു വിങ്ങില്‍ നിന്ന് കര്‍ണാടകന്‍ പ്രതിരോധ താരം ദര്‍ശന്‍ വരുത്തിയ പിഴവില്‍ സോമിഷോണ്‍ ഷിറകിന് ലഭിച്ച പന്ത് ബോക്‌സിലേക്ക് നല്‍കി. ബോക്‌സില്‍ രണ്ട് പ്രതിരോധ നിരക്കാരുടെ ഇടയില്‍ നിന്നിരുന്ന ലൂന്‍മിന്‍ലെന്‍ ഹോകിപ് ഗോളാക്കി മാറ്റി. 30 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് അവസരം ലഭിച്ചു ബോക്‌സിന് മുമ്പില്‍ നിന്ന് നടത്തിയ നീക്കത്തില്‍ ലഭിച്ച പന്ത് സുലൈമലൈ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. 34 ാം മിനുട്ടില്‍ മണിപ്പൂരിന് അടുത്ത അവസരം. മധ്യനിരയില്‍ നിന്ന് സുധീര്‍ ലൈതോന്‍ജം നല്‍കിയ പാസ് സ്വീകരിച്ച ങ്ഗുല്‍ഗുലാന്‍ സിങ്‌സിട് പോസ്റ്റിലേക്ക് അടിച്ചു. ഗോള്‍കീപ്പറെ മറികടന്ന പന്ത് ഗോള്‍പോസ്റ്റില്‍ തട്ടി. 42 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ലൂന്‍മിന്‍ലെന്‍ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളാക്കി മാറ്റുകയായിരുന്നു. 44 ാം മിനുട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. വലതു വിങ്ങിലൂടെ മുന്നേറിയ സോമിഷോണ്‍ ഷിറക് അടിച്ച പന്ത് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ ജയന്ത്കുമാര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടയ അവസരം സോമിഷോണ്‍ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ മുന്നേറ്റമാണ് കണ്ടത്. ഇടവേളയില്‍ കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 65 ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ കര്‍ണാടകന്‍ താരം ആര്യന്‍ അമ്ല നല്‍കിയ പാസ് സുധീര്‍ കൊട്ടികല നഷ്ടപ്പെടുത്തി.

ഗ്രൂപ്പ് ബിയില്‍ കര്‍ണാടകയും മണിപ്പൂരൂം നേര്‍ക്കുനേര്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കര്‍ണാടകയും മണിപ്പൂരും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ച് സെമി യോഗ്യത ഉറപ്പിക്കാനാകും മണിപ്പൂരിന്റെ ശ്രമം. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെ ഗ്രൂപ്പ് ബിയില്‍ മണിപ്പൂരാണ് ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിയാതെ ഒരു ജയവും ഒരു സമനിലയുമായി കര്‍ണാടക രണ്ടാം സ്ഥാനത്താണ്.

അധിവേഗ ആക്രമണമാണ് മണിപ്പൂരിന്റെ ശക്തി. എന്നാല്‍ ഫിനിഷിങ്ങിലെ പോരാഴ്മയും മഞ്ഞകാര്‍ഡ് വാങ്ങികൂട്ടുന്നതിലെ മിടുക്കും ടീമിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് മഞ്ഞകാര്‍ഡാണ് ടീം വാങ്ങികൂട്ടിയത്. ആതില്‍ നാല് പേര് പ്രതിരോധ നിരക്കാരാണ്. ഒരു മഞ്ഞ കാര്‍ഡ്കൂടെ ലഭിച്ചാല്‍ ഇവര്‍ക്കെല്ലാ അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരും. അത് ടീമിന് തലവേദനയാകും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത പോരാട്ടവീര്യം പിന്നീടുള്ള മത്സരങ്ങളില്‍ കാണാനായില്ല.

രണ്ടാം മത്സരത്തില്‍ ഒഡീഷക്കെതിരെ തകര്‍ന്ന പ്രതിരോധം ഗുജറാത്തിനെതിരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ അറ്റാകിങില്‍ ടീം പിന്നോട്ടാണ്. ഗുജറാത്തിനെതിരെ നേടിയ രണ്ട് ഗോളില്‍ ഒന്ന് സെല്‍ഫ് ഗോളായിരുന്നു. കര്‍ണാടകയാണെങ്കില്‍ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ 3-3 സമനില പിടിച്ച ടീം രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ തകര്‍ത്തു. ആദ്യ പകുതിയുടെ 38 ാം മിനുട്ടില്‍ നേടി ഗോളില്‍ ബാക്കി സമയം പിടിച്ചു നിന്നു. മലയാളി താരം സിജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിര്‍ണായക മത്സരത്തില്‍ മണിപ്പൂരിനെ തകര്‍ത്ത് ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് എത്താനാകും കര്‍ണാടകയുടെ ശ്രമം.

രണ്ടാം മത്സരത്തില്‍ ഒഡീഷ ഗുജറാത്തിനെ നേരിടും. വൈകീട്ട് 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ഗുജറാത്തിന്റെ വരവ്. രണ്ട് മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളാണ് ടീം വഴങ്ങിയത്. ഒരു ഗോള്‍ മാത്രമാണ് ടീമിന് തിരിച്ചടിക്കാനായത്. മലയാളി ഗോള്‍കീപ്പര്‍ അജ്മലിന്റെ പ്രകടനം മാത്രമാണ് ടീമില്‍ എടുത്ത് പറയേണ്ട. രണ്ട് മത്സരങ്ങളില്‍ നിന്നായി നിരവധി ഗോളവസരങ്ങളാണ് അജ്മല്‍ രക്ഷപ്പെടുത്തിയത്. പ്രതിരോധം മുതല്‍ അറ്റാക്കിംങ് വരെയുള്ള എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ ടീമിന് വിജയം നേടാന്‍ സാധിക്കൂം. നിലവില്‍ ടീമിന്റെ സെമി ഫൈനല്‍ യോഗ്യത മങ്ങിയിരിക്കുകയാണ്.

എന്നാല്‍ മറുവശത്തുള്ള ഒഡീഷ ചാമ്പ്യന്‍ഷിപ്പിലെ കറുത്തകുതിരകളാണ്. ആദ്യ മത്സരത്തില്‍ കര്‍ണാടകയോട് 3-3 ന്റെ സമനില രണ്ടാം മത്സരത്തില്‍ കരുത്തരായ മണിപ്പൂരിനോട് ജയം. തോല്‍വി അറിയാതെ മൂന്നേറുന്ന ടീം ഗുജറാത്തിനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മുന്നോട്ട് കുതിക്കാനാകും ശ്രമിക്കുക. മികച്ച് അറ്റാക്കിംങും മുന്‍ മുംബൈ സിറ്റി താരം രാകേഷ് ഓറം നയിക്കുന്ന പ്രതിരോധവും ഡബിള്‍ സ്റ്റ്‌റോങാണ്.

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി സെമി ഫൈനലിൽ!!

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പഞ്ചാബിനെ കീഴ്പ്പെടുത്തി കൊണ്ട് കേരളം സെമി ഫൈനൽ ഉറപ്പിച്ചു. ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ 2-1 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്.

ഇന്ന് പഞ്ചാബിനെതിരെ മെല്ലെ തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. ആദ്യ പത്തു മിനുട്ടിൽ തന്നെ നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിച്ച പഞ്ചാബ് 12ആം മിനുട്ടിൽ മന്വീർ സിങ്ങിലൂടെ കേരളത്തെ ഞെട്ടിച്ച് കൊണ്ട് ലീഡ് നേടി. മൻവീറിന്റെ ഷോട്ട് മിഥുന്റെ ദേഹത്ത് തട്ടി എങ്കിലും അവസാനം വലയിലേക്ക് തന്നെ എത്തി. ഈ ഗോളിന് ശേഷമാണ് കേരളം ഉണർന്നത്. കേരളം തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ഇതോടെ കാണികളും ഉണർന്നു.

14ആം മിനുട്ടിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോൾ കീപ്പർ തടഞ്ഞ് കോർണറാക്കി. പിന്നാലെ അർജുൻ ജയരാജിന്റെ ഒരു ഷോട്ടും പഞ്ചാബ് പ്രതിരോധത്തിന് ഭീഷണിയായി. അധികം വൈകാതെ കേരളം സമനില ഗോൾ നേടി. ഒരു ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ജയരാജ് നൽകിയ ക്രോസ് ഒരു നല്ല ലീപിലൂടെ ഉയർന്ന് കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ഹെഡ് ചെയ്ത് വലയിൽ ഇട്ടു. സ്കോർ 1-1. ജിജോ ജോസഫിന്റെ ടൂർണമെന്റിലെ നാലാം ഗോൾ.

22ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മൻവീറിലൂടെ പഞ്ചാബ് രണ്ടാം ഗോളും കണ്ടെത്തി‌. പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. 24ആം മിനുട്ടിൽ ജിജോയ്ക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ജിജോയുടെ ഫ്ലിക്ക് ടാർഗറ്റിലേക്ക് എത്തിയില്ല.

ആദ്യ പകുതിയുടെ മധ്യത്തിൽ വെച്ച് ഗോൾ കീപ്പർ മിഥുൻ പരിക്കേറ്റ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. പകരം ഹജ്മൽ സബ്ബായി എത്തി. 34ആം മിനുട്ടിൽ അർജുന്റെ ഒരു ഫ്രീകിക്ക് രക്ഷപ്പെടുത്താൻ ഹർപീതിന്റെ സേവ് വേണ്ടി വന്നു. അർജുൻ ജയരാജിന്റെ സെറ്റ് പീസുകൾ പഞ്ചാബിന് ഭീഷണി ആയി തുടർന്നു. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയും മടങ്ങി.

രണ്ടാം പകുതിയിൽ വിജയം നേടാൻ ആണ് രണ്ട് ടീമുകളും ശ്രമിച്ചത്. തുടർ ആക്രമണങ്ങൾ വന്നെങ്കിലും ഗോൾ വന്നില്ല. ഷിഗിലിന്റെയും നൗഫലിന്റെ ഗോൾ ശ്രമങ്ങൾ ഹർപീത് തട്ടിയകറ്റി. അവസാനം ജിജോ തന്നെ വേണ്ടി വന്നു കേരളത്തെ രക്ഷിക്കാൻ. 86ആം മിനുട്ടിൽ ബോക്സിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു ജിജോയിലേക്ക് പന്തെത്തി. അനായാസം ജിജോ പന്ത് വലയിലേക്കും എത്തിച്ചു. സ്കോർ 2-1. ജിജോയുടെ അഞ്ചാം ഗോൾ. പിന്നീട് കേരളം വിജയം ഉറപ്പിക്കുകയും ചെയ്തു.

ഈ വിജയത്തോടെ കേരളത്തിന് 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി. കേരളം ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള ബംഗാൾ രണ്ടാമത് നിൽക്കുന്നു. പഞ്ചാബിന് 3 പോയിന്റും മേഘാലയക്ക് 4 പോയിന്റുമാണ് ഉള്ളത്.

ആദ്യം പഞ്ചാബ് വിറപ്പിച്ചു, പിന്നാലെ ജിജോയുടെ ഹെഡർ, ആദ്യ പകുതി സമനിലയിൽ

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പഞ്ചാബിനെ നേരിടുന്ന കേരളം ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-1 എന്ന നിലയിൽ.

ഇന്ന് പഞ്ചാബിനെതിരെ മെല്ലെ തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. ആദ്യ പത്തു മിനുട്ടിൽ തന്നെ നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിച്ച പഞ്ചാബ് 12ആം മിനുട്ടിൽ മന്വീർ സിങ്ങിലൂടെ കേരളത്തെ ഞെട്ടിച്ച് കൊണ്ട് ലീഡ് നേടി. മൻവീറിന്റെ ഷോട്ട് മിഥുന്റെ ദേഹത്ത് തട്ടി എങ്കിലും അവസാനം വലയിലേക്ക് തന്നെ എത്തി. ഈ ഗോളിന് ശേഷമാണ് കേരളം ഉണർന്നത്. കേരളം തുടർച്ചയായ ആക്രമണങ്ങൾ നടത്തി. ഇതോടെ കാണികളും ഉണർന്നു.

14ആം മിനുട്ടിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോൾ കീപ്പർ തടഞ്ഞ് കോർണറാക്കി. പിന്നാലെ അർജുൻ ജയരാജിന്റെ ഒരു ഷോട്ടും പഞ്ചാബ് പ്രതിരോധത്തിന് ഭീഷണിയായി. അധികം വൈകാതെ കേരളം സമനില ഗോൾ നേടി. ഒരു ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ജയരാജ് നൽകിയ ക്രോസ് ഒരു നല്ല ലീപിലൂടെ ഉയർന്ന് കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ഹെഡ് ചെയ്ത് വലയിൽ ഇട്ടു. സ്കോർ 1-1. ജിജോ ജോസഫിന്റെ ടൂർണമെന്റിലെ നാലാം ഗോൾ.

22ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മൻവീറിലൂടെ പഞ്ചാബ് രണ്ടാം ഗോളും കണ്ടെത്തി‌. പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. 24ആം മിനുട്ടിൽ ജിജോയ്ക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ജിജോയുടെ ഫ്ലിക്ക് ടാർഗറ്റിലേക്ക് എത്തിയില്ല.

ആദ്യ പകുതിയുടെ മധ്യത്തിൽ വെച്ച് ഗോൾ കീപ്പർ മിഥുൻ പരിക്കേറ്റ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. പകരം ഹജ്മൽ സബ്ബായി എത്തി. 34ആം മിനുട്ടിൽ അർജുന്റെ ഒരു ഫ്രീകിക്ക് രക്ഷപ്പെടുത്താൻ ഹർപീതിന്റെ സേവ് വേണ്ടി വന്നു. അർജുൻ ജയരാജിന്റെ സെറ്റ് പീസുകൾ പഞ്ചാബിന് ഭീഷണി ആയി തുടർന്നു. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയും മടങ്ങി.

രണ്ടാം പകുതിയിൽ വിജയം നേടാൻ ആകും കേരളം ശ്രമിക്കുക. ഇന്ന് സമനില എങ്കിലും വേണം കേരളത്തിന് സെമി ഉറപ്പിക്കാൻ.

സെമി ഉറപ്പിക്കാൻ മാറ്റങ്ങളുമായി കേരളം, പഞ്ചാബിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫിയിലെ നാലാം മത്സരത്തിന് ഇറങ്ങുന്ന കേരളം പഞ്ചാബിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന മത്സരത്തിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങൾ ഉണ്ട്. നിജോ ഗിൽബേർടും, സഫ്നാദും ഇന്ന് ആദ്യ ഇലവനിൽ ഇല്ല. പകരം സൽമാനും ഷിഗിലും ആദ്യ ഇലവനിൽ എത്തി.

ജിജോ ജോസഫ് ആണ് കേരളത്തെ ഇന്നും നയിക്കുന്നത്. സന്തോഷ് ട്രോഫിയിൽ ഏറെ പരിചയ സമ്പത്തുള്ള മിഥുൻ വല കാക്കുന്നു. ഷഹീഫ്, അജയ് അലക്സ്, സഞ്ജു, സോയൽ എന്നിവരാണ് ഡിഫൻസിൽ. മധ്യനിരയിൽ ജിജോക്ക് ഒപ്പം ഐലീഗിന്റെ പരിചയ സമ്പത്തുള്ള അർജുൻ ജയരാജും റാഷിദും സൽമാനും ഇറങ്ങുന്നു. ബെംഗളൂരു എഫ് സിയുടെ ഷിഗിലും ഉണ്ട്. അറ്റാക്കിൽ വിഗ്നേഷും ഇറങ്ങുന്നു

Lineup: Mithun, Muhammed Saheef, Sanju, Ajay Alex, Soyal Joshy, Jijo, Rashid, Arjun Jayaraj, Salman, Shigil, Viknesh

സെമി ഫൈനല്‍ യോഗ്യത ഉറപ്പിക്കാൻ കേരളം ഇന്ന് ഇറങ്ങും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കേരളം ഇന്നിറങ്ങും (22-04-2022). വൈകീട്ട് 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. മേഘാലയക്കെതിരായുള്ള മത്സരത്തിലേറ്റ അപ്രതിക്ഷിത സമനില കേരളത്തിന്റെ സെമി പ്രവേശനത്തിന് വെല്ലുവിളിയായിട്ടുണ്ട്. പഞ്ചാബിന് എതിരെയുള്ള മത്സരത്തില്‍ വിജയം നേടി സെമി യോഗ്യത ഉറപ്പിക്കാനാകും കേരളം ശ്രമിക്കുക. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജെസിനും നൗഫലിനും പരീശീലകന്‍ ആദ്യ ഇലവനില്‍ സ്ഥാനം നല്‍ക്കിയേക്കും. കേരള പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലായിരുന്ന വിക്‌നേഷിന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ താളം കണ്ടെത്താനാകാത്തത് കേരളാ ടീമിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിക്കുന്നത്. മേഘാലയക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സ്‌ട്രൈക്കര്‍ സഫ്‌നാദ് ഗോള്‍ നേടിയത് ടീമിന് ഗുണംചെയ്യും. ക്യാപ്റ്റന്‍ ജിജോ ജോസഫും, അര്‍ജുന്‍ ജയരാജും, മുഹമ്മദ് റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരെയും തുടരും. മത്സരത്തില്‍ കേരളത്തിന് ധാരാളം ഗോളവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫിനിഷിങിന്റെ പോരാഴ്മയാണ് ടീമിനെ സമനിലയിലെത്തിച്ചത്. പഞ്ചാബ് ആണെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗാളിനോട് തോറ്റതിന് ശേഷം രാജസ്ഥാനെതിരെ ഗോളാടി മേളം നടത്തിയാണ് നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. കരുത്തുറ്റ പ്രതിരോധമാണ് പഞ്ചാബിന്റെ ശക്തി. പകരക്കാരനായി ഇറങ്ങിയ ബംഗാളിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്ത് ഷെയ്കിന് കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ അവസരം നല്‍ക്കിയിരുന്നെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ചിലമുന്നേറ്റങ്ങള്‍ എതിര്‍ പ്രതിരോധ നിരക്ക് തലവേദനയാണ്. ആദ്യ മത്സരത്തില്‍ ഫോംകണ്ടെത്താന്‍ സാധിക്കാത്ത തരുണ്‍ സ്‌ളാതിയ രണ്ടാം മത്സരത്തില്‍ ഫോംകണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. രാജസ്ഥാനെതിരെ 68 ാം മിനുട്ടിലിറങ്ങി രണ്ട് ഗോളാണ് തരുണ്‍ സ്‌ളാതിയ നേടിയത്.

വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാള്‍ മേഘാലയയെ നേരിടും. ഇരുടീമുകള്‍ക്കും സെമി ഫൈനല്‍ യോഗ്യ നേടണമെങ്കില്‍ വിജയം അനിവാര്യമാണ്. സമനിലയാണ് നേടുന്നതെങ്കില്‍ കേരളത്തിനും പഞ്ചാബിനും ഗുണം ചെയ്യും. ഗ്രൂപ്പിലെ കരുത്തരായ കേരളത്തെ 2-2 ന് സമനില പിടിച്ച ആത്മവിശ്വാസത്തിലാണ് മേഘാലയ ടീം. ഈ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി കേരളാ ടീമിന്റെ വലകുലിക്കിയതും മേഘാലയ തന്നെ. ചെറിയ പാസില്‍ അധിവേഗം മുന്നോട്ട് കുതിക്കുന്നതാണ് ടീമിന്റെ ശൈലി. ടിക്കി ടാക്ക സ്‌റ്റൈലില്‍ മുന്നേറുന്ന ടീമിനെ പിടിച്ച് കെട്ടുക എന്നത് പ്രയാസമാണ്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഒരു പ്രതിരോധ താരത്തെ അധികമായി കളിപ്പിച്ചിരുന്നു. അടുത്ത മത്സരത്തില്‍ അതില്‍ മാറ്റം വരുത്തിയേക്കാം. ഇടംകാലന്‍ വലതു വിങ്ങര്‍ ഫിഗോ സിന്‍ഡായിയാണ് ടീമിന്റെ മറ്റൊരു ശക്തി. മികച്ച ഡ്രിബിളിങ്ങും കൃത്യതയാര്‍ന്ന ഷോട്ടും ഫിഗോ സിന്‍ഡായിയുടെ കരുത്ത്. രണ്ട് മത്സരം കളിച്ച താരം മൂന്ന് ഗോള്‍ നേടി ഗോള്‍പട്ടികയില്‍ കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഒപ്പമാണ്. കിട്ടിയ അവസരം മുതലെടുക്കാന്‍ സാധിക്കാതതാണ് ബംഗാള്‍ നേരിടുന്ന വെല്ലുവിളി. കേരളത്തിനെതിരെ ആദ്യ പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിരോധമാണ് മറ്റൊരു കരുത്ത്. കേരളത്തിനെതിരെ അവസാന നിമിഷം വരെ ബംഗാള്‍ പ്രതിരോധ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നിരുന്നു. മത്സരം വിജയിച്ച് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകും ടീം ശ്രമിക്കുക.

നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരം കളിച്ച കേരളം രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ഒന്നാമതാണ്. രണ്ട് മത്സരം കളിച്ച മേഘാലയയാണ് രണ്ടാമത്. ഒരു ജയവും ഒരു സമനിലയുമാണ് ടീമിനുള്ളത്. രണ്ട് മത്സരം വീതം കളിച്ച പഞ്ചാബിനും ബംഗാളിനും ഒരേ പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബാണ് ഗ്രൂപ്പില്‍ മൂന്നാമത്. ബംഗാള്‍ നാലും എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന്‍ അവസാന സ്ഥാനത്തുമാണ്. രാജസ്ഥാന്‍ ഇതിനകം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഇരിപ്പിട സംവിധാനം ഒരുക്കും. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി 9847608088 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ തിരക്കുള്ള ദിവസങ്ങളില്‍ കഴിവതും നേരത്തെ സ്റ്റേഡിയത്തില്‍ എത്തിചേരേണ്ടതാണ്. ഗ്യാലറി ടിക്കറ്റ് എടുത്ത ഭിന്നശേഷിക്കാരനും കൂടെ ഒരാള്‍ക്കും സ്റ്റേഡിയത്തിലെ കസേര എന്റ്‌റിയിലൂടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാം.

സര്‍വീസസിന് രണ്ടാം തോല്‍വി, സെമി സാധ്യത മങ്ങി

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച് കര്‍ണാടക. എതിരില്ലാത്ത ഒരു ഗോളിനാണ് കര്‍ണാടക സര്‍വീസസിനെ തോല്‍പ്പിച്ചത്. 38 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് സോലൈമലൈ ഉയര്‍ത്തി നല്‍ക്കിയ പാസ് അന്‍കിത് ഉഗ്രന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ രണ്ട് മത്സങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ കര്‍ണാടക ഗ്രൂപ്പില്‍ ഒഡീഷക്കൊപ്പമാണ്. ഇരുവര്‍ക്കും തുല്യപോയിന്റും തുല്യ ഗോള്‍ ശരാശരിയുമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു ജയവുമായി മൂന്ന് പോയിന്റാണ് സര്‍വീസസിന് ഉള്ളത്. ഈ തോല്‍വിയോടെ സര്‍വീസസിന്റെ സെമി ഫൈനല്‍ യോഗ്യതക്ക് മങ്ങലേറ്റു.

ആദ്യ പകുതി

കര്‍ണാടക നേടി ഗോളൊയിച്ചാല്‍ വിരസമായ ആദ്യ പകുതിയായിരുന്നു മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. 15 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് ഒരു അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ പ്രശാന്ത് കിലിങ്ക നല്‍ക്കിയ പാസില്‍ മലയാളി താരം സിജു ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 24 ാം മിനുട്ടില്‍ സര്‍വീസസിന് അവസരം. ബോക്‌സിന് മുമ്പില്‍ നിന്ന് റോണാള്‍ഡോ സിങിന് ലഭിച്ച പന്ത് ബോക്‌സിന് അകത്തേക്ക് കടന്ന് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. 28 ാം മിനുട്ടില്‍ സര്‍വീസസിന് അടുത്ത അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ക്രിസ്റ്റഫര്‍ നല്‍കിയ പാസ് സ്വീകരിച്ച ലിട്ടണ്‍ ഷില്‍ സ്വീകരിച്ച് മുന്നോട്ട് കുതിച്ചു. വലത് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടിഅകറ്റി. 38 ാം മിനുട്ടില്‍ കര്‍ണാടക ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് സോലൈമലൈ ഉയര്‍ത്തി നല്‍ക്കിയ പാസ് അന്‍കിത് ഉഗ്രന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സര്‍വീസസ് സമനിലക്കായി ശ്രമിച്ചു. 58 ാം മിനുട്ടില്‍ നടത്തിയ അറ്റാക്കിങ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 66 ാം മിനുട്ടില്‍ മറ്റൊരു അവസരം പകരക്കാരനായി ഇറങ്ങിയ ദീപക് സിങിന്റെ ഹെഡര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യം കാണാതെ പുറത്തേക്ക്. 80 ാം മിനുട്ടില്‍ കര്‍ണാടകക്ക് കിട്ടിയ ഫ്രീകിക്ക് വിക്‌നേഷ് ബോക്‌സിലേക്ക് നല്‍ക്കി. ഗോള്‍ കീപ്പര്‍ തട്ടി അകറ്റിയതിനെ തുടര്‍ന്ന് ലഭിച്ച അവസരം റഫറി ഓഫ്‌സൈഡ് വിളിച്ചു. 86 ാം മിനുട്ടില്‍ സര്‍വീസസിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം മലയാളി പ്രതിരോധ താരം അമല്‍ ദാസ് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍ലൈനില്‍ നിലയുറപ്പിച്ചിരുന്ന പവന്‍ കൃത്യമായി അടിച്ച് അകറ്റി.

ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പില്‍ ഒന്നാമത്

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് സുരേഷ് നായര്‍ നേടിയ സെല്‍ഫ് ഗോളും മണിപ്പൂരിന്റെ ഗോള്‍ പട്ടികയിലുണ്ട്.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ആദ്യ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. 2 ാം മിനുട്ടില്‍ മണിപ്പൂരിന്റെ ആക്രമണത്തോട് കൂടിയാണ് മത്സരം ആരംഭിച്ചത്. 14 ാം മിനുട്ടില്‍ ഗുജറാത്തിന് ഗോളവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബ്രജേഷ്‌കുമാര്‍ യാഥവ് ഉയര്‍ത്തി നല്‍ക്കിയ പാസ് ജയ്കനാനിക്ക് ലഭിച്ചു. ബോളുമായി മുന്നേറിയ ജയ്കനായി ഗോളികീപ്പറെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും മണിപ്പൂര്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 19 ാം മിനുട്ടില്‍ മണിപ്പൂരിന് അവസരം. ഗുജറാത്ത് പ്രതിരോധ താരം മുഹമ്മദ് സാഗറലി വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം ങുല്‍ഗൗലാല്‍ സിങ്‌സിട് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്മല്‍ തട്ടിഅകറ്റി. ആദ്യ പകുതിയുടെ അധികസമയത്ത് മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് നല്‍ക്കിയ ക്രോസ് ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ ബോള്‍ പുറത്തേക്ക് പോയി.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന മണിപ്പൂര്‍ 47 ാം മിനുട്ടില്‍ ലീഡ് എടുത്തു. നഗരിയബം ജെനിഷ് സിങ് നല്‍ക്കി പാസില്‍ മധ്യനിര താരം സുധിര്‍ ലൈതോന്‍ജം ക്രോസ് ലക്ഷ്യമിട്ട് നല്‍ക്കി ബോള്‍ സെകന്റ് പോസ്റ്റിന്റെ മൂലയിലേക്ക് താഴ്ന്ന് ഇറങ്ങി. 67 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്തു നിന്ന് അകത്തേക്ക് സോമിഷോന്‍ ഹെഡ് ചെയ്ത് നല്‍കിയ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് സുരേഷ് നായര്‍ സെല്‍ഫ് ഗോള്‍ നേടുകയായിരുന്നു. 71 ാം മിനുട്ടില്‍ ഗുജറാത്തിന് അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടിഅകറ്റിയതില്‍ നിന്ന് ലഭിച്ച അവസരം സ്‌ട്രൈക്കര്‍ നഷ്ടപ്പെടുത്തി.

ഗ്രൂപ്പ് ബി യില്‍ സെമിക്കായി കടുത്ത പോരാട്ടം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയവഴിയില്‍ തിരികെയെത്താന്‍ മണിപ്പൂര്‍ ഇന്ന് (21-04-2022) ഇറങ്ങും. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്താണ് മണിപ്പൂരിന്റെ എതിരാളി. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഒഡീഷക്കെതിരെ ഇറങ്ങിയ മണിപ്പൂരിന് അപ്രതിക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നു. പ്രതിരോധത്തിലെ പിഴവുകളും സ്‌ട്രൈക്കര്‍മാരുടെ ഫിനിഷിങ്ങിലെ പോരാഴ്മയുമാണ് തോല്‍വിയുടെ പ്രധാന കാരണം.

ഒഡീഷക്കെതിരെയുള്ള മത്സരത്തില്‍ പ്രതിരോധ നിരയിലെ മൂന്ന് താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചത് ടീമിന് ഭീക്ഷണിയാണ്. ഈ താരങ്ങള്‍ക്ക് ഒരു കാര്‍ഡുകൂടെ ലഭിച്ചാല്‍ കര്‍ണാടകക്കെതിരെയുള്ള നിര്‍ണായക മത്സരം നഷ്ടമാകും. തുടക്കം മുതല്‍ ആക്രമിച്ച കളിച്ച് കൂടുതല്‍ ഗോളുകള്‍ നേടുക എന്നതാണ് മണിപ്പൂരിന്റെ തന്ത്രം. വേഗത കൊണ്ട് എതിര്‍ടീമിനെ തകര്‍ക്കലാണ് ടീമിന്റെ ശൈലി. എന്നാല്‍ ഒഡീഷക്കെതിരെ ഈ തന്ത്രം പരാജയപ്പെട്ടു. ഗ്രൂപ്പില്‍ മണിപ്പൂരിനും സര്‍വീസസിനും ഒരേ പോയിന്റാണ് അതുകൊണ്ട് തന്നെ വലിയ വിജയം നേടി ഗോള്‍ ശരാശരിയില്‍ മുന്നിലെത്താനാകും മണിപ്പൂര്‍ ശ്രമിക്കുക.


ആദ്യ മത്സരത്തില്‍ സര്‍വീസസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ഗുജറാത്തിന്റെ രണ്ടാം മത്സരത്തിലേക്കുള്ള വരവ്. ലീഡ് എടുത്ത ശേഷം മൂന്ന് ഗോള്‍ വഴങ്ങിയാണ് ടീം തോല്‍വി വഴങ്ങിയത്. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം രണ്ടാം പകുതിയില്‍ വെറും നിഴല്‍ മാത്രമായി. ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്മലിന്റെ ഒറ്റയാന്‍ പ്രകടനം എടുത്ത് പറയേണ്ടതാണ്. വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ട മത്സരം മികച്ച സേവുകള്‍ നടത്തി അജ്മല്‍ രക്ഷകനായി. പ്രരോധത്തിലെ പിഴവുകളില്‍ നിന്നാണ് രണ്ട് ഗോളുകള്‍ വീണത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടീം തളര്‍ന്ന് പോയതും ടീമിന് തിരിച്ചടിയായി. കളിച്ച ഒരു മത്സരത്തില്‍ ഒരു തോല്‍വിയുമായി ഗുജറാത്ത് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് കര്‍ണാടകയെ നേരിടും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ വിജയം കണ്ടെത്തിയ സര്‍വീസസിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിലേ അപ്രതിക്ഷിക തോല്‍വിയില്‍ നിന്ന് രണ്ടാം മത്സരത്തിലെ ജയം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥനക്കാരായ ഒഡീഷയെ സമനിലയില്‍ പിടിച്ച ആത്മവിശ്വസത്തിലാണ് കര്‍ണാടക. വിജയം സ്വന്തമാക്കി സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകും ടീം ശ്രമിക്കുക. ഒരു മത്സരത്തില്‍ ഒരു സമനിലയുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് കര്‍ണാടക.

Exit mobile version