സന്തോഷ് ട്രോഫി, ലക്ഷദ്വീപിന് ആദ്യ മത്സരത്തിൽ പരാജയം

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ അദ്യ മത്സരത്തിൽ ലക്ഷദ്വീപിന് തോൽവി. വെസ്റ്റ് സോണിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ മഹാരാഷ്ട്ര ആണ് ലക്ഷദ്വീപിനെ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മഹാരാഷ്ട്രയുടെ ഇന്നത്തെ വിജയം. മഹാരാഷ്ട്രയ്ക്ക് വേണ്ടി യാഷ് തുകാറാം, അലൻ ജോസഫ്, ഷാനോൻ പെരേര എന്നിവരാണ് ഗോളുകൾ നേടിയത്.

സർവീസസ്, ഗുജറാത്ത്, ദാമൻ ദിയു എന്നീ ടീമുകളാണ് ലക്ഷദ്വീപിനൊപ്പം ഗ്രൂപ്പിൽ ഉള്ളത്. അടുത്ത മത്സരത്തിൽ ഗുജ്റാത്തിനെ ആണ് ലക്ഷദ്വീപ് നേരിടുക. മഹാരാഷ്ട്രയ്ക്ക് ഇന്നത്തേത് ഗ്രൂപ്പിലെ രണ്ടാം വിജയം ആയിരുന്നു. ആദ്യ മത്സരത്തിൽ ദാമൻ ദിയുവിനെ മഹാരാഷ്ട്ര തോൽപ്പിച്ചിരുന്നു.

മലയാളി താരങ്ങൾ തിളങ്ങി, ഗുജ്റാത്തിനെ ഗോളിൽ മുക്കി സർവീസസ് തുടങ്ങി

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ സർവീസസിന് വൻ വിജയത്തോടെ തുടക്കം. ഇന്ന് ഗുജ്റാത്തിനെ നേരിട്ട സർവീസസ് ഏഴ് ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ ഏഴു ഗോളുകളുടെ വിജയവും സ്വന്തമാക്കി. എട്ട് മലയാളികളാണ് ഇത്തവണ സർവീസസിന്റെ സന്തോഷ് ട്രോഫി ടീമിൽ ഉള്ളത്. ഇന്ന് പിറന്ന ഏഴു ഗോളുകളിൽ നാലു മലയാളി താരങ്ങൾ ആണ് സ്കോർ ചെയ്തത്.

മലയാളി താരങ്ങളായ ഇനായതും, ശ്രേയസും ഇന്ന് ഇരട്ടഗോളുകൾ നേടി. 17, 23 മിനുട്ടുകളിൽ ആയിരുന്നു ഇനായതിന്റെ ഗോളുകൾ. രണ്ടാം പകുതിയിലാണ് ശ്രേയസിന്റെ ഗോളുകൾ പിറന്നത്. ഇവരെ കൂടാതെ ലാലംകിമയും ഇന്ന് ഇരട്ട ഗോളുകൾ നേടി. നോവിൻ ഗുരുങ് ആണ് സർവീസസിന്റെ മറ്റൊരു സ്കോറർ.

മലയാളി  കരുത്തിൽ ഇത്തവണയും സർവീസസ്, ടീമിൽ എട്ടു മലയാളികൾ

ഇത്തവണയും സന്തോഷ് ട്രോഫിയിൽ സർവീസസ് ടീം ഇറങ്ങുന്നത് മലയാളി കരുത്തിലാണ്. യോഗ്യതാ റൗണ്ടിനായുള്ള 24 അംഗ ടീമിൽ 8 മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്. മുൻ ഗോകുലം കേരള എഫ് സി ഗോൾകീപ്പർ ആയ വിഷ്ണു ആണ് സർവീസസ് ടീമിനെ നയിക്കുന്നത്. വിഷ്ണുവിനൊപ്പം കേരളത്തിലെ മികച്ച ടാലന്റുകൾ തന്നെ സർവീസസ് ടീമിൽ ഉണ്ട്.

വിഷ്ണു – ഗോൾകീപ്പർ
മുഹമ്മദ് ഷാനൂസ് – ഗോൾകീപ്പർ
അമൽ എം – ഡിഫൻഡർ
അഭിഷേക് – ഡിഫൻഡർ
ഹരികൃഷ്ണ – മിഡ്ഫീൽഡർ
അനൂപ് പോളി – മിഡ്ഫീൽഡർ
ഇനായത് – വിങ്ങർ
ശ്രേയസ് – സ്ട്രൈക്കർ

ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം സ്വദേശികളായ റുനു, ഫസലു എന്നിവരാണ് ത്രിപുര സംസ്ഥാന ടീമിൽ എത്തിയിരിക്കുന്നത്. ഇരുവരും അവസാന കുറച്ചു കാലമായ ത്രിപുര ലീഗിൽ ആയിരുന്നു കളിക്കുന്നത്. ത്രിപുര ലീഗ് ടീമായ അഖേയ ചലോ സംഘ എഫ് സിക്കായി ഇരുവരും നടത്തിയ പ്രകടനമാണ് ഇരുവരെയും തിരഞ്ഞെടുക്കാൻ കാരണം.

റുനു മുമ്പ് എം ഇ എസ് കോളേജ് വളാഞ്ചേരിയുടെ താരമായിരു‌‌ന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസലു മുമ്പ് ഓസോണിലും സാറ്റ് തിരൂരിനു വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ കെ പി എല്ലിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സാറ്റിനായി ഫസലു നേടിയിരുന്നു.

സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്കുള്ള ലക്ഷദ്വീപ് ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്കുള്ള ലക്ഷദ്വീപ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വർഷം മുമ്പ് മാത്രം സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിൽ കളിക്കാൻ തുടങ്ങിയ ടീം ആണ് ലക്ഷദ്വീപ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ലക്ഷദ്വീപ് പല വമ്പൻ ടീമുകളെയും അട്ടിമറിക്കുകയും പലരെയും വിറപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഇത്തവണ യോഗ്യത നേടാനുള്ള കഠിനപരിശ്രമം ആവും ടീം നടത്തുക.

20 അംഗ ടീമിന് ഒപ്പം 5 റിസർവ് താരങ്ങൾ ഉൾപ്പെടുന്ന ടീമിനെയാണ് ലക്ഷദ്വീപ് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചത്. മുമ്പ് സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കളിച്ച താരങ്ങൾ ഉൾപ്പെടുന്ന ടീമിൽ 5 താരങ്ങൾ അണ്ടർ 21 താരങ്ങൾ ആണ്. 20 അംഗ ടീമിൽ 3 ഗോൾകീപ്പർമാരും, 5 വീതം പ്രതിരോധ, മുന്നേറ്റക്കാരും, 7 മധ്യനിര താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 14 നു എറണാകുളത്ത് വച്ചാണ് ലക്ഷദ്വീപ് ടീമിന്റെ പരിശീലന ക്യാമ്പ് തുടങ്ങുക.

സന്തോഷ് ട്രോഫിക്കായി കേരളം ഒരുങ്ങുന്നു, സാധ്യതാ ടീം പ്രഖ്യാപിച്ചു

2019-20 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങൾ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 40 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മുൻ ഗോകുലം കേരള എഫ് സി പരിശീലകൻ ബിനോ ജോർജ്ജ് ആണ് ടീം തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം നടന്ന സന്തോഷ് ട്രോഫിയിലെ നിരാശയാർന്ന പ്രകടനം മറികടക്കാൻ ആണ് കേരളം ബിനോ ജോർജ്ജിനെ പരിശീലകനായി കൊണ്ടു വന്നത്. കഴിഞ്ഞ മാസം നടന്ന കേരള സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് കാണിച്ച താരങ്ങൾക്ക് സന്തോഷ് ട്രോഫി സാധ്യതാ ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25ആം തീയതി മുതൽ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് ക്യാമ്പ് ആരംഭിക്കും. ബിനോ ജോർജ്ജിന് ഒപ്പം സഹ പരിശീലകനായി ടി ജി പുരുഷോത്തമനും ഗോൾ കീപ്പിംഗ് കോച്ചായി സജി ജോയിയും ഉണ്ട്.

ടീം;
ഗോൾ കീപ്പർ;

കണ്ണൻ രാജു (കോട്ടയം)
രാഹുൽ മുരളി (എറണാകുളം)
പ്രതീഷ് ( കാസർഗോഡ് )
മുഹമ്മദ് അസ്ഹർ (മലപ്പുറം)
സച്ചിൻ സുരേഷ് (തൃശ്ശൂർ)

ഡിഫൻസ്;

സനീഷ് (പാലക്കാട്)
അഖിൽ കെ ചന്ദ്രൻ (കോട്ടയം)
അജയ് കെ അലക്സ് (ഇടുക്കി)
സഫുവാൻ (മലപ്പുറം)
ഡാനി (തിരുവനന്തപുരം)
മുഹമ്മദ് ഷബിൻ (തൃശൂർ)
അനീഷ് ഒ ബി (വയനാട്)
ടോണി തോമസ് (എറണാകുളം)
സമ്പത്ത് കുമാർ (കാസർഗോഡ്)
മുഹമ്മദ്‌ റാഫി (ആലപ്പുഴ)

മിഡ്ഫീൽഡർ

ഗിഫ്റ്റി ഗ്രാഷ്യസ് (കോട്ടയം)
അഭിഷേക് വി നായർ (പാലക്കാട്)
റുമൈസ് (കോട്ടയം)
താഹിർ സമദ് (കോഴിക്കോട്)
അസ്ഫർ കെ ടി (കണ്ണൂർ)
നെറ്റോ ബെന്നി (ഇടുക്കി)
വിശാക് മോഹനൻ (ഇടുക്കി)
വരുൺദാസ് (കാസർഗോഡ്)
അഭയ് യു എസ് (എറണാകുളം)
ഷബീർ കെ (കൊല്ലം)
അഭിജിത്ത് എസ് (മലപ്പുറം)
അരുൺ കലാഥരൻ (തൃശൂർ)

ഫോർവേഡ്

മുഹമ്മദ് പറക്കോട്ടിൽ (പാലക്കാട്)
എമിൽ ബെന്നി (വയനാട്)
എൽദോസ് സണ്ണി (ഇടുക്കി)
വിഷ്ണു പി വി (കാസർഗോഡ്)
റോഷൻ വി (തൃശ്ശൂർ)
അഭിജിത്ത് കെ (കോട്ടയം)
മുഹമ്മദ് സാലിം (കോട്ടയം)
വിഗ്നേഷ് (തിരുവനന്തപുരം)
ക്രിസ്റ്റ്യൻ വിൽസൺ (പത്തനംതിട്ട)
ബുജൈർ (മലപ്പുറം)

സന്തോഷ് ട്രോഫി കിരീടം സർവീസസിന് സ്വന്തം!!

സന്തോഷ് ട്രോഫി കിരീടം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സർവീസസിന് സ്വന്തം. ഇന്ന് വൈകിട്ട് നടന്ന ഫൈനലിൽ ആതിഥേയർ കൂടിയായ പഞ്ചാബിനെ മുട്ടുകുത്തിച്ചാണ് സർവീസസ് കിരീടം ഉറപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഏക ഗോളിനായിരുന്നു സർവീസസ് ജയിച്ചത്. കളിയുടെ 61ആം മിനുട്ടിൽ ബികാഷ് താപയാണ് സർവീസസിനായി വിജയഗോൾ നേടിയത്. ലാലാകിമ കൊടുത്ത പാസിൽ നിന്നായിരുന്നു ബികാഷിന്റെ ഗോൾ.

സെമിയിൽ കർണാടകയെ മറികടന്നായിരുന്നു സർവീസസ് ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് എ ചാമ്പ്യന്മാർ കൂടി ആയിരുന്ന സർവീസസ് ഫൈനൽ റൗണ്ടിൽ ഒരു മത്സരം പോലും പരാജയപ്പെട്ടില്ല. ഈ കിരീടം സർവീസസിന്റെ അഞ്ചാം സന്തോഷ് ട്രോഫിയാണ്. കഴിഞ്ഞ വർഷം കേരളം ആയിരുന്നു സന്തോഷ് ട്രോഫി ചാമ്പ്യൻസ്‌. ഈ വർഷം സർവീസസ് ടീമിലും നിരവധി മലയാളി സാന്നിദ്ധ്യമുണ്ട്.

സന്തോഷ് ട്രോഫി; പെനാൾട്ടി ഷൂട്ടൗട്ട് കടന്ന് സർവീസസ് ഫൈനലിൽ

സന്തോഷ് ട്രോഫി ഫൈനൽ തീരുമാനമായി. ഇന്ന് വൈകിട്ട് നടന്ന രണ്ടാം സെമി ഫൈനൽ ജയിച്ച് സർവീസസ് ഫൈനൽ ഉറപ്പിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. കർണാടകയെ ആണ് സർവീസസ് ഇന്ന് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു സർവീസസിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

സർവീസസിനായി ലാലകിമയും കർണാടകയ്ക്ക് നിഖിൽ രാജുമാണ് ഗോൾ നേടിയത്. മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-3ന് സർവീസസ് ജയിക്കുകയായിരുന്നു. ഏപ്രിൽ 21ന് ആതിഥേയരായ പഞ്ചാബിനെ ആകും സർവീസസ് നേരിടുക. ഇന്ന് രാവിലെ നടന്ന ആദ്യ സെമി ഫൈനലിൽ ഗോവയെ തോൽപ്പിച്ചാണ് പഞ്ചാബ് ഫൈനലിലേക്ക് കടന്നത്.

സന്തോഷ് ട്രോഫി; ഇഞ്ച്വറി ടൈമിൽ ഗോവയെ തോൽപ്പിച്ച് പഞ്ചാബ് ഫൈനലിൽ

സന്തോഷ് ട്രോഫിയിൽ ആതിഥേയരായ പഞ്ചാബ് ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ഗോവയെ തോൽപ്പിച്ചാണ് പഞ്ചാബ് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പഞ്ചാബിന്റെ വിജയം. ഒരു ഇഞ്ച്വറി ടൈം ഗോളാണ് പഞ്ചാബിന് വിജയം നൽകിയത്. കളിയുടെ 12ആം മിനുട്ടിൽ ജസ്പ്രീത് സിംഗിലൂടെ പഞ്ചാബ് ലീഡ് എടുത്തിരുന്നു. ആ ലീഡ് 89ആം മിനുട്ട് വരെ നിലനിർത്താൻ പഞ്ചാബിനായി.

പക്ഷെ 89ആം മിനുട്ടിൽ പഞ്ചാബിനെ ഞെട്ടിച്ച് റൊണാൾഡോ ഒലിവേരയുടെ ഗോൾ പിറന്നു. സ്കോർ 1-1. കളി എക്സ്ട്രാ ടൈമിലേക്ക് നീളും എന്ന് കരുതി എങ്കിലും 92ആം മിനുട്ടിൽ പഞ്ചാബിന്റെ വിജയ ഗോൾ പിറന്നു. ഹർജീന്ദർ ആയിരുന്നു പഞ്ചാബിനെ ഫൈനലിൽ എത്തിച്ച ഗോൾ നേടിയത്. പഞ്ചാബിന്റെ 16ആം സന്തോഷ് ട്രോഫി ഫൈനൽ ആയിരിക്കും ഇത്.

ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം സെമിയിൽ സർവീസസും കർണാടകയും തമ്മിൽ ഏറ്റുമുട്ടും.

സന്തോഷ് ട്രോഫി സെമി ഫൈനൽ നാളെ

സന്തോഷ് ട്രോഫി സെമി ഫൈനൽ ലൈനപ്പായി. ഇന്നലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചതോടെ സെമി ലൈനപ്പ് തീരുമാനമായിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് സർവീസസും ഗോവയുമാണ് സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് ബിയിൽ നിന്ന് പഞ്ചാബും കർണാടകയും സെമിയിലേക്ക് കടന്നു. നാളെ നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ‌ സർവീസസ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കർണാടകയെയും, ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ഗോവ ആതിഥേയരും ഗ്രൂപ്പ് ചാമ്പ്യന്മാരുമായ പഞ്ചാബിനെയും നേരിടും. സർവീസസ് ടീമിലും കർണാടക ടീമിലും മലയാളി താരങ്ങൾ ബൂട്ടുകെട്ടുന്നുണ്ട്.

തോറ്റിട്ടും കർണാടക സെമിയിൽ, തുണയായത് അടിച്ച ഗോളിന്റെ എണ്ണം

സന്തോഷ് ട്രോഫി സെമിയിലേക്ക് കർണാടക യോഗ്യത നേടി. ഇന്ന് ഫൈനൽ റൗണ്ടിലെ അവസാന ഗ്രൂപ്പ് പോരാട്ടം അതി നിർണായകമായിരുന്നു. കർണാടകയും പഞ്ചാബും നേർക്കുനേർ. ആതിഥേയരായ പഞ്ചാബിന് വിജയിച്ചാൽ മാത്രമെ സെമിയിൽ കടക്കാൻ ആകുമായിരുന്നുള്ളൂ. കർണാടകയ്ക്ക് ആണെങ്കിൽ തോറ്റാൽ പുറത്ത് ആകുമെന്ന ഭീഷണിയും. ആവേശകരമായ മത്സരം അവസാനിച്ചത് 4-3 എന്ന നിലയിൽ പഞ്ചാബിന് അനുകൂലം.

വിജയം സ്വന്തമാക്കിയ പഞ്ചാബ് 9 പോയന്റുമായി ഗ്രൂപ്പ് ബി ചാമ്പ്യന്മാർ. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും 7 വീതം പോയന്റ്. ഹെഡ് ഹെഡിൽ ഇരുവരും സമനിലയിൽ ആയതിനാൽ ഗോൾ ഡിഫറൻസ് നോക്കി. ഇരു ടീമുകൾക്കും +5. അതും കഴിഞ്ഞ് ആര് സെമിയിൽ എത്തുമെന്ന് അറിയാൻ കൂടുതൽ ഗോൾ അടിച്ചതാരെന്ന് നോക്കി. 12 ഗോളുകൾ അടിച്ച് കർണാടക, 11 ഗോളടിച്ച് മഹാരാഷ്ട്ര. ആ ഒരൊറ്റ ഗോളിന്റെ ബലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി കർണാടക സെമിയിലും മഹാരാഷ്ട്ര പുറത്തും.

19ആം തീയതി നടക്കുന്ന സെമിയിൽ സർവീസസ് കർണാടകയെയും, ഗോവ പഞ്ചാവിനെയും നേരിടും.

വീണ്ടും ആരിഫ് ഷെയ്ക്കിന്റെ ഇരട്ടഗോൾ, സെമി പ്രതീക്ഷയിൽ മഹാരാഷ്ട്ര

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് ഗംഭീര വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിക്കിമിനെ ആണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു മഹാരാഷ്ട്രയുടെ വിജയം. മഹാരാഷ്ട്രയ്ക്ക് വേണ്ടി ഇന്ന് വീണ്ടും ആരിഫ് ഷെയ്ക് ഇരട്ട ഗോളുകൾ നേടി. മുൻ ഗോകുലം കേരള എഫ് സി താരമായ ആരിഫ് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഇരട്ട ഗോളുകൾ നേടുന്നത്. യോഗ്യത റൗണ്ടിലെ ഉൾപ്പെടെ ആരിഫിന് സന്തോഷ് ട്രോഫിയിൽ ഇതോടെ 9 ഗോളുകളായി.

ആരിഫിനെ കൂടാതെ ലിയാണ്ടർ, വിനോദ്കുമാർ, അമൻ ഗെയ്ക്വാദ് എന്നിവരാണ് മഹാരാഷ്ട്രയ്ക്കായി ഗോൾ നേടിയത്. എന്നാൽ ഈ വിജയവും മഹാരാഷ്ട്രയ്ക്ക് സെമി ഉറപ്പിച്ചു കൊടുക്കില്ല. ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി മഹാരാഷ്ട്ര ഇപ്പോൾ ഗ്രൂപ്പിൽ രണ്ടാമതാണ്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസുള്ള കർണാടക ഏഴു പോയന്റുമായി ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതുണ്ട്. 6 പോയന്റുള്ള പഞ്ചാബ് മൂന്നാമതും ഉണ്ട്. ഇന്ന് വൈകിട്ട് പഞ്ചാബും കർണാടകയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ആ മത്സരഫലം മാത്രമെ ആര് സെമിയിൽ എത്തുമെന്ന് നിർണയിക്കൂ.

Exit mobile version