
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗാളിനെ വീഴ്ത്തി കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്തായിരുന്നു കേരളത്തിന്റെ വിജയ ഗോൾ. 89ആം മിനുട്ടിൽ രാഹുൽ കെ പി ആണ് വിജയ ഗോൾ നേടിയത്. ഇടതു വിങ്ങിൽ നിന്ന് ജിതിൻ ചെയ്ത പാസിൽ നിന്നായിരുന്നു ഗോൾ.
ഇരുടീമുകളും ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ചിരുന്നതിനാൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിന് ഈ മത്സരം നിർണായകമായിരുന്നു. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ കേരളത്തിനു 4 മത്സരങ്ങളിൽ നിന്ന് 4 വിജയവുമായി 12 പോയന്റാണ് ഉള്ളത്. ബംഗാളിന് 9 പോയന്റും.
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ ആകും കേരളം 30ആം തീയതി നടക്കുന്ന ആദ്യ സെമിയിൽ നേരിടുക. ചണ്ഡിഗഡിനെ 5-1 എന്ന സ്കോറിനും, മണിപ്പൂരിനെ എതിരില്ലാത്ത ആറു ഗോളുകൾക്കും മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കുമാണ് കേരളം ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial