സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ലക്ഷദ്വീപ് ടീം കേരളത്തിൽ പരിശീലനം തുടങ്ങി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എഴുപത്തി അഞ്ചാമത് സന്തോഷ്‌ ട്രോഫി യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ലക്ഷദ്വീപ് ടീം പരിശീലനം ആരംഭിച്ചു. സൗത്ത് സോൺ വിഭാഗത്തിൽ ആണ് ലക്ഷദ്വീപ് ടീം യോഗ്യതക്ക് ആയി മാറ്റുരക്കുക. 22 കളിക്കാരുൾപ്പെടെ ടീം മാനേജർ സലാഹുദ്ധീൻ നയിക്കുന്ന 25 പേരടങ്ങുന്ന ടീം ആണ് ഇത്തവണ ലക്ഷദ്വീപ് ടീമിൽ ഉള്ളത്. കോഴിക്കോട് കക്കയത്ത് കല്ലനോട് സ്കൂൾ ഗ്രൗണ്ടിലാണ് 21 ദിവസത്തെ കഠിന പരിശീലനം ടീം നടത്തുക. ഇതിനായി സ്റ്റേഡിയത്തിന്റെ അവസാന ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇത്തവണ മിൽട്ടൺ ആന്റണി ആണ് ലക്ഷദ്വീപ് ടീമിനെ പരിശീലിപ്പിക്കുക. കെ.എഫ്.എ പരിശീലകനായ മിൽട്ടൺ മുൻ നേവി ടീം പരിശീലകൻ കൂടിയാണ്. നിലവിൽ സ്കോർ ലൈൻ സൊക്കർ അക്കാദമി ടെക്നിക്കൽ ഡയറക്ടർ കൂടിയാണ് എറണാകുളം സ്വദേശിയായ മിൽട്ടൺ.
അസിസ്റ്റന്റ് കോച്ച് ആയി ലക്ഷദ്വീപ് സ്വദേശി ആയ ശ്രി. നസ്രുദീൻ ബഹലാവിയും ടീം ഫിസിയോ ആയി ഡോക്ടർ ബിപിൻ എന്നിവരും ടീമിനോടൊപ്പം ഉണ്ടാവും. ടീം പരിശീലനത്തിൽ ഏർപ്പെട്ട കാര്യം ലക്ഷദ്വീപ് ഫുട്‌ബോൾ അസോസിയേഷൻ പത്രക്കുറിപ്പിലൂടെ അറിയിക്കുക ആയിരുന്നു.

ഇത്തവണ കേരളം അടങ്ങുന്ന സൗത്ത് സോൺ ബി ഗ്രൂപ്പിൽ ലാണ് ലക്ഷദ്വീപ് ടീം. ആൻഡമാൻ, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഡിസംബർ ഒന്നിന് എറണാകുളം ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് ലക്ഷദ്വീപിന്റെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ ശക്തരായ കേരളം ആണ് ലക്ഷദ്വീപിന്റെ എതിരാളികൾ. മൂന്നു വർഷങ്ങൾക്ക് മുമ്പ് മാത്രം സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കളിച്ചു തുടങ്ങിയ ലക്ഷദ്വീപ് മികച്ച റിസൾട്ടുകൾ സ്വന്തമാക്കി കായികപ്രേമികളെ ഞെട്ടിച്ചിരുന്നു. ഇത്തവണ മുമ്പ് സന്തോഷ് ട്രോഫി കളിച്ച താരങ്ങൾ അടക്കമുള്ള പരിചയസമ്പന്നരായ നിരയാണ് ലക്ഷദ്വീപ് ടീമിൽ ഉള്ളത്. അതിനാൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു അത്ഭുതം നടത്താൻ തന്നെയാവും ലക്ഷദ്വീപ് ഒരുങ്ങുന്നത്.