ജിതിന് ഹാട്രിക്ക്, മണിപ്പൂരിനേയും ഗോളിൽ മുക്കി സന്തോഷ് ട്രോഫിയിൽ കേരള കുതിപ്പ്

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിലും വമ്പൻ വിജയവുമായി കേരള ടീം. ഇന്ന് മണിപ്പൂരിനെ നേരിട്ട കേരളം എതിരില്ലാത്ത 6 ഗോളുകൾക്കാണ് ജയിച്ചത്. രണ്ടാം പകുതിയിലെ ആക്രമണ ടാക്ടിക്സിലേക്കുള്ള മാറ്റമാണ് ഗോൾ രഹിതമായി മുന്നേറിയ കളിയുടെ ഫലം മാറ്റിമാറിച്ചത്.

ആദ്യ പകുതിയിൽ തുല്യരുടെ പോരാട്ടമാണ് ബംഗാളിൽ കണ്ടത് എങ്കിൽ രണ്ടാം പകുതിയിൽ കേരളം മാത്രമായി ചിത്രത്തിൽ. 48ആം മിനുട്ടിൽ കോഴിക്കോട് യൂണിവേഴ്സിറ്റി താരം അഫ്ദാലാണ് കേരളത്തിന് ആദ്യം ലീഡ് നേടിക്കൊടുത്തത്. രാഹുൽ കെ പിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ആദ്യ ഗോളിന് വഴി ഒരുക്കിയ രാഹുലാണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. 59ആം മിനുട്ടിലായിരുന്നു രാഹുലിന്റെ ഗോൾ.

രണ്ട് മിനുട്ടിനകം ജിതിൻ ഗോപാലനിലൂടെ മൂന്നാം ഗോളും കേരളം കണ്ടെത്തി. 71ആം മിനുട്ടിൽ ആദ്യ മത്സറ്റത്തിലെ ഹീറോ ജിതിൻ എം എസും ഗോൾ കണ്ടെത്തി. പിന്നീട് ജിതിൻ ഗോപാലൻ 82ആം മിനുട്ടിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും 94ആം മിനുട്ടിൽ ഹാട്രിക്കും തികച്ച ഗോൾപട്ടിക പൂർത്തിയാക്കി.

ആദ്യ മത്സരത്തിൽ കേരളം ചണ്ഡിഗഡിനെയും തോൽപ്പിച്ചിരുന്നു. 25ആം തീയതി മഹാരാഷ്ട്രയോടാണ് കേരളത്തിന്റെ അടുത്ത മത്സരം.

Previous articleവെടിക്കെട്ടിനു ശേഷം വാര്‍ണര്‍ പുറത്ത്, ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം
Next articleസന്തോഷ് ട്രോഫി; മഹാരാഷ്ട്രയ്ക്ക് വിജയം