ഫൈനലിനു മുന്നിൽ ഗോവയുടെ നാടും ഗോവയും, കേരളം ഇറങ്ങുന്നു

സന്തോഷ് ട്രോഫി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്ന് ഇറങ്ങുന്നു. ഗോവയുടെ മണ്ണിൽ ഗോവയെ തകർത്തു കൊണ്ട് കേരളം ഫൈനലിലേക്ക് കുതിക്കുന്നത് കാണാൻ മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് കേരളവും ഗോവയും തമ്മിലുള്ള സെമി പോരാട്ടം. മത്സരം തത്സമയം ഡി ഡി സ്പോർട്സിൽ കാണാം.

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് കേരളത്തിന്റെ സെമി പ്രവേശനം. അവസാന മത്സരത്തിൽ മഹാരാഷ്ട്രയോടു പരാജയപ്പെട്ടു എങ്കിലും അത് പരീക്ഷണങ്ങൾ കാരണം മാത്രമാണെന്ന് വിശ്വസിക്കാം. ഇന്ന് കേരളം ശക്തമായ നിരയുമായാകും ഇറങ്ങുക. ഉസ്മാനും ജോബിയുമായിരിക്കും ആദ്യ മത്സരങ്ങളിലെ പോലെ ആക്രമണങ്ങളെ നയിക്കുക. പ്രതിരോധത്തിൽ നൗഷാദ് ബാപ്പു വീണ്ടും ബെഞ്ചിൽ ഇരിക്കേണ്ടി വന്നേക്കും. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ സർവ്വീസസിനെ പിറകിൽ നിന്ന് വന്ന് പരാജയപ്പെടുത്തിയായിരുന്നു ഗോവയുടെ സെമി പ്രവേശനം. സ്വന്തം നാട്ടിൽ കളിക്കുന്നു എന്നതു തന്നെയാണ് ഗോവയുടെ ഏറ്റവും അനുകൂലമായ ഘടകവും.

ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ വൈകിട്ട് നാലു മണിക്ക് പശ്ചിമ ബംഗാൾ മിസോറാമിനെ നേരിടും. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഒരേയൊരു ടീമാണ് ബംഗാൾ.

Loading...