സന്തോഷ് ട്രോഫി; ആന്ധ്രയെ ഏഴു ഗോളിൽ മുക്കി കേരളം തുടങ്ങി

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ആന്ധ്രാപ്രദേശിനെ ഗോളിൽ മുക്കി കേരളം തുടങ്ങി. ഇന്ന് നടന്ന സൗത്ത് സോണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് കേരളത്തിന്റെ ചുണകുട്ടികൾ ആന്ധ്രാപ്രദേശിനെ തകർത്തത്. സതീവൻ ബാലന്റെ തന്ത്രങ്ങളുറ്റെ ബലത്തിൽ ഇറങ്ങിയ കേരളം തുടക്കം മുതലേ ആന്ധ്രാ പ്രതിരോധത്തെ വേട്ടയാടുകയായിരുന്നു.

ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരളം മുന്നിലെത്തി. രണ്ടാം പകുതിയിലും കേരളം ആന്ധ്രയോട് ദയ ഒന്നും കാട്ടിയില്ല. സജിത് പൗലോസ് ആണ് ഗോൾ വേട്ട തുടങ്ങി വെച്ചത്. രാഹുൽ കെ പി യും കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം അഫ്ദാലും ഇരട്ട ഗോളുകൾ നേടി. വിപിൻ തോമസ്, എഫ് സി കേരള താരം ജിതിൻ എം എസ്, എന്നിവരും ആന്ധ്രാ ഗോൾവല കുലുക്കി.

22ന് തമിഴ്നാടുമായാണ് യോഗ്യതാ റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരം. നേരത്തെ കേരളത്തിന്റെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial