മഹാരാഷ്ട്ര വലയും നിറഞ്ഞു, കേരളം സെമി ഉറപ്പിച്ചു

72ആം സന്തോഷ് ട്രോഫിയിൽ അവസാന നാലിൽ കേരളവും എത്തി. ഇന്ന് നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരവും ഏകപക്ഷീയമായി വിജയിച്ചതോടെയാണ് കേരളം സെമി ഉറപ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയെ നേരിട്ട കേരളം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മൂന്നാം വിജയം നേടിയതോടെ കേരളത്തിന്റെ ഗ്രൂപ്പിൽ നിന്ന് കേരളവും ബംഗാളും സെമി ഉറപ്പിച്ചു. ഇനി ഗ്രൂപ്പിൽ ആര് ഒന്നാമതായി ഫിനിഷ് ചെയ്യും എന്നതേ അറിയാനുള്ളൂ. കേരളവും ബംഗാളും തമ്മിലാണ് ഗ്രൂപ്പിലെ അവസാന മത്സരം.

23ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ക്യാപ്റ്റൻ രാഹുൽ വി രാജാണ് കേരളത്തിന് വേണ്ടി ഇന്നാദ്യം ഗോൾ കണ്ടെത്തിയത്. 38ആം മിനുട്ടിൽ ഒരു മികച്ച കൗണ്ടറിന് ഒടുവിൽ ജിതിൻ എം എസ് ആണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. ജിതിന്റെ ഫൈനൽ റൗണ്ടിലെ നാലാം ഗോളാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും ജിതിൻ സ്കോർ ചെയ്തിരുന്നു.

രണ്ടാം പകുതിയിൽ ജിതിന്റെ അസിസ്റ്റിൽ നിന്ന് രാഹുൽ കെ പിയാണ് മൂന്നാം ഗോൾ നേടിയത്. 58ആം മിനുട്ടിലായിരുന്നു മൂന്നാം ഗോൾ. മാർച്ച് 27നാണ് കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യന്മാരുടെ തോൽവിയോടെ അമേരിക്കൻ ലീഗിന് തുടക്കം
Next articleമൂന്നാം ജയത്തോടെ ബംഗാൾ സെമിയിൽ