വൻ ജയം തേടി കേരളം ഇന്ന് പോണ്ടിച്ചേരിക്ക് എതിരെ

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് കേരളം ഇന്ന് ഇറങ്ങും. കേരളം ഇന്ന് പോണ്ടിച്ചേരിയെ ആണ് നേരിടുന്നത്. ആതിഥേയരായ പോണ്ടിച്ചേരിക്ക് എതിരെ വൻ വിജയം തന്നെ വി പി ഷാജിയും ടീമും ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തിൽ തെലുങ്കാനയ്ക്ക് എതിരെ സമനില വഴങ്ങേണ്ടി വന്നത് കേരളത്തിന് വലിയ തിരിച്ചടി ആയിരുന്നു. ഗോൾ രഹിതമായായിരുന്നു കേരളത്തിന്റെ ആദ്യ മത്സരം അവസാനിച്ചത്.

നിരവധി അവസരങ്ങൾ തെലുങ്കാനയ്ക്ക് എതിരെ കേരളം സൃഷ്ടിച്ചു എങ്കിലും ഒന്നും മുതലാക്കാൻ കേരളത്തിനായില്ല. മികച്ച സ്ട്രൈക്കർമാരെ ടീം സെലക്ഷനിൽ ഉൾപ്പെടുത്തിയില്ല എന്ന വിമർശനം ഇപ്പോൾ തന്നെ കേരളം കേൾക്കുന്നുണ്ട്. ഇന്ന് വലിയ വിജയം തന്നെ കേരളം നേടേണ്ടതുണ്ട്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പിലെ ഒരു ടീം മാത്രമെ ഫൈനൽ റൗണ്ടിലേക്ക് പോവുകയുള്ളൂ. കരുത്തരായ സർവീസസുമായിട്ടാണ് കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരം.

രാവിലെ 9 മണിക്ക് ആണ് കേരള പോണ്ടിച്ചേരി മത്സരത്തിന്റെ കിക്കോഫ്.

Exit mobile version