കളിച്ച് കേരളം ജയിച്ച് ഗോവ, സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്

സന്തോഷ് ട്രോഫി ഒരു ഇടവേളയ്ക്കു ശേഷം കേരളത്തിലേക്ക് എത്താൻ പോകുന്ന വർഷമാണ് ഇതെന്നു കരുതിയ കേരള ഫുട്ബോൾ പ്രേമികൾക്ക് തിരിച്ചടി. മികച്ച പ്രകടനം കളിയിലുടനീളം കാഴ്ചവെച്ചിട്ടും ഫിനിഷിംഗിലേയും ഡിഫൻസിലേയും ചെറിയ പിഴവുകൾക്ക് കേരളം വലിയ വില കൊടുക്കേണ്ടി വന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളത്തെ പരാജയപ്പെടുത്തിക്കൊണ്ട് ഗോവ ഫൈനലിലേക്ക് കടന്നു. മിസോറാമിനെ പരാജയപ്പെടുത്തി എത്തിയ ബംഗാളാണ് ഫൈനലിൽ ഗോവയെ നേരിടുക.

ക്യാപ്റ്റൻ ഉസ്മാനെ ബെഞ്ചിലിരുത്തി ആയിരുന്നു കേരളം തുടങ്ങിയത്. തുടക്കത്തിലേ ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു കേരളം മുന്നേറിയെങ്കിലും ഗോവയാണ് ആദ്യം വല കിലുക്കിയത്. കേരളത്തിന്റെ വലത്  വിങ്ങിലൂടെ വന്ന ക്രോസ് വലയിലെത്തിച്ച് ഗോവൻ പ്രൊ  ലീഗിലെ ടോപ്പ് സ്കോറർ ലിസ്റ്റൺ കൊളാസോ ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്. ഗോവൻ അറ്റാക്കുകൾക്ക് മുന്നിൽ വിറച്ചു പോയ കേരളം ആദ്യ പകുതി തീരും മുമ്പ് ഒരു തവണ കൂടെ ലിസ്റ്റണു മുന്നിൽ കീഴടങ്ങി. കേരളത്തിന്റെ ഇടത് ഭാഗത്തു നിന്ന് പന്തുമായി മുന്നേറിയ ലിസ്റ്റൺ  മികച്ചൊരു ഫിനിഷിംഗിലൂടെ  ഗോൾ നേടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2-0.

രണ്ടാം പകുതിയിൽ സീസനെ വലിച്ച് ക്യാപ്റ്റൻ ഉസ്മാനെ ഇറക്കിയ കേരളം പിന്നീടങ്ങോട്ട് ഗോവൻ ഗോൾ മുഖത്ത് തന്നെ ആയിരുന്നു. കേരളത്തിന്റെ പകുതിയിലേക്ക് പന്തെത്തിക്കാൻ വരെ കഴിയാതെ ഗോവ നിൽക്കേണ്ടി വന്നുവെങ്കിലും ഗോവൻ ആരാധകർ ഗോവയ്ക്ക് കരുത്തായി. നിരന്തരമായ ആക്രമണങ്ങളുടെ ഫലമായി ലഭിച്ച് ഒരു കോർണറിൽ നിന്ന് കേരളം കളിയിലേക്ക് തിരിച്ചുവരാനുള്ള ഗോൾ കണ്ടെത്തി. ശ്രീരാഗ് എടുത്ത കോർണർ രാഹുൽ രാജ് വലയിലെത്തിച്ചു. പക്ഷെ ആ തിരിച്ചുവരവ് പൂർത്തിയാക്കാൻ കേരളത്തിനായില്ല‌. പ്രതിരോധ മതിൽ തീർത്ത് കേരളത്തെ തടയുക എന്നദൗത്യം ഗോവൻ ടീം കൃത്യമായി നിർവഹിച്ചു. കേരളത്തിന്റെ മുന്നേറ്റ നിരയ്ക്ക് ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിൽ വന്ന പിഴവും ഗോവയ്ക്ക് രക്ഷയായി.

പരാജയത്തിലും മികച്ച പ്രകടനം തന്നെയായിരുന്നു കേരളം കാഴ്ചവെച്ചത്. മിഡ്ഫീൽഡിൽ ജിജോ ജോസഫ് കേരള താരങ്ങളിൽ മികച്ചു നിന്നു. ടൂർണമെന്റിന്റെ തുടക്കത്തിലേ പരാതികളുയർന്ന കേരള പ്രതിരോധത്തിലെ പാളിച്ചകളാണ് ഫൈനൽ എന്ന സ്വപ്നം കേരളത്തിൽ നിന്നകറ്റിയത്.

Loading...