കിരീടമെന്ന ഒറ്റ ലക്ഷ്യം വെച്ച് കേരളം സന്തോഷ് ട്രോഫി യാത്ര തുടങ്ങുന്നു

- Advertisement -

കോഴിക്കോടിൽ നടന്ന ചെറിയ കളി അല്ല ഇനി വി പി ഷാജിയുടെ സംഘത്തിന്. ഗോവയിൽ കേരള ഫുട്ബോളിന്റെ മുഴുവൻ പ്രതീക്ഷയും ഏറ്റുള്ള കുതിപ്പിന് മുന്നിൽ നിൽക്കുന്നത് മിസോറാമിനെയും പഞ്ചാബിനേയും പോലുള്ള കരുത്തരാണ്. മരണഗ്രൂപ്പ് എന്ന് വിളിപ്പേരു വന്ന ബി ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്നായാലേ സെമിയെങ്കിലും കാണാൻ കഴിയൂ കേരളത്തിന്. ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരങ്ങളിൽ ആദ്യത്തേതിൽ ബുധനാഴ്ച വൈകിട്ട് കേരളം റെയിൽവേസിനെയാണ് നേരിടാൻ പോകുന്നത്.

ആദ്യ മത്സരത്തിൽ 2-1 എന്ന സ്കോറിന് പഞ്ചാബിനോട് റെയിൽവേസ് പരാജയപ്പെട്ടിരുന്നു എങ്കിലും റെയിൽവേസ് കേരളത്തിന് അത്ര എളുപ്പത്തിൽ മറികടക്കാൻ കഴിയുന്ന ഒരു ടീമായിരിക്കില്ല. യോഗ്യതാ റൗണ്ടിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വന്നതെങ്കിലും ഒരിക്കൽ പോലും കേരള ടീം ശരിക്കുള്ള താളം കോഴിക്കോട് കണ്ടെത്തിയിരുന്നില്ല‌.

പരിചയ സമ്പത്തുള്ള ഫിറോസിനേയും ഷിബിൻലാലിനേയും ഗോവയിലേക്കുള്ള ടീമിൽ ഉൾപ്പെടുത്താത്തതിൽ ഫുട്ബോൾ പ്രേമികൾക്കുള്ള പ്രതിഷേധത്തിനും കൂടി വി പി ഷാജിയുടെ തന്ത്രങ്ങൾ ഗോവയിൽ ഉത്തരം പറയേണ്ടി വരും. ഉസ്മാൻ നയിക്കുന്ന ടീമിലുള്ള യുവരക്തത്തിൽ തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷകളത്രയും. മുന്നേറ്റ നിരയിൽ ഇറങ്ങുന്ന കണ്ണൂർക്കാരൻ സഹൽ സമദ് , ഗോകുലം എഫ് സിയുടെ ജിഷ്ണു ബാലകൃഷ്ണൻ തുടങ്ങി മികച്ച യുവതാരങ്ങൾ കേരള പരിശീലകന്റെ കയ്യിലുണ്ട്. യോഗ്യതാ റൗണ്ടിൽ ഒരിക്കൽ പോലും അവസരം കിട്ടാത്ത ഡിഫൻഡർ നൗഷാദ് ബാപ്പുവിന് ഗോവയിൽ അവസരം കിട്ടുമോ എന്നതും ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നുണ്ട്. പക്ഷെ, യോഗ്യതാ റൗണ്ടിൽ ഒരൊറ്റ ഗോൾ വഴങ്ങാതിരുന്ന കേരളം പ്രതിരോധ നിരയിൽ പുതിയ പരീക്ഷണങ്ങൾക്ക് മുതിരാൻ സാധ്യതയില്ല.

റെയിൽവേസിനെതിരെ ജയത്തോടെ തുടങ്ങുക എന്നതിൽ കുറഞ്ഞതൊന്നും കേരളത്തിന് ചിന്തിക്കാനാവില്ല. മരണ ഗ്രൂപ്പിൽ ഒരു സമനില പോലും കേരളത്തിന്റെ സെമി പ്രതീക്ഷകളെ അവസാനിപിച്ചുകളയും. നാളെ വൈകിട്ട് നാലു മണിക്കാണ് കിക്കോഫ്.

Advertisement