മിഥുൻ രക്ഷകൻ!! പെനാൾട്ടി ഷൂട്ടൗട്ടിൽ ബംഗാളിനെ വീഴ്ത്തി കേരളത്തിന് ആറാം സന്തോഷ്ട്രോഫി

സന്തോഷ് ട്രോഫി കിരീടം നീണ്ട ഇടവേളക്കയ്ക്കു ശേഷം കേരളത്തിലേക്ക്. ആവേശം മാനംതൊട്ട മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു കിരീടം ആർക്കെന്നു തീരുമാനിക്കാൻ. എക്സ്ട്രാ ടൈമിൽ അവസാന കിക്കുവരെ 2-1ന്റെ ലീഡിൽ നിന്ന ശേഷമാണ് കേരളം മത്സരം പെനാൾട്ടിയിൽ എത്തിച്ചത്. അവസാന കിക്കിലായിരുന്നു ബംഗാൾ സമനിലഗോൾ കണ്ടെത്തിയത്. പെനാൾട്ടിയിൽ കേരള ഗോൾ കീപ്പർ മിഥുന്റെ മികവാണ് ആറാം കിരീടം കേരളത്തിൽ എത്തിച്ചത്.

സെമി ഫൈനൽ ഹീറോ അഫ്ദാലിനെ ആദ്യ ഇലവനലിലേക്ക് മടക്കികൊണ്ട് വന്നതാണ് ഇന്നത്തെ ടീമിൽ കോച്ച് സതീവൻ ബാലൻ കൊണ്ടു വന്ന പ്രധാന മാറ്റം. കളി തുടക്കത്തിൽ ബംഗാളിന്റെ മുന്നേറ്റങ്ങളോടെയാണ് തുടങ്ങിയത് എങ്കിലും പതുക്കെ കേരളം കളിയിലേക്ക് വന്നു. 19ആം മിനുട്ടിൽ സീസൻ നൽകിയ ത്രൂ ബോളാണ് കേരളത്തിന്റെ ഗോളിന് വഴിയൊരുക്കിയത്. സീസന്റെ പാസ് വലതു വിംഗിൽ നിന്ന് സ്വീകരിച്ചു മുന്നേറിയ ജിതിൻ ഗോൾ കീപ്പറുടെ കാലിനിടയിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ജിതിൻ ടൂർണമെന്റിൽ നേടുന്ന നാലാം ഗോളായിരുന്നു ഇത്.

മത്സരത്തിൽ നിരവധി അവസരങ്ങൾ കേരളത്തിന് ലഭിച്ചു എങ്കിലും രണ്ടാം ഗോൾ കണ്ടെത്താനായില്ല. നഷ്ടപ്പെടുത്തിയ അവസരങ്ങൾക്കുള്ള വില 67ആം മിനുട്ടിൽ കേരളം നൽകേണ്ടി വന്നു. ജിതിൻ മുർമുവിന്റെ ഗോളിൽ ബംഗാൾ സമനില കണ്ടെത്തി. കേരളം ടൂർണമെന്റിൽ വഴങ്ങിയ രണ്ടാം ഗോൾ മാത്രമായിരുന്നു ഇത്. ഗോൾ വഴങ്ങിയ അടുത്ത നിമിഷം തന്നെ വീണ്ടും മുന്നിലെത്താൻ അവസരം ലഭിച്ചു എങ്കിലും അനുരാഗിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി.

83ആം മിനുട്ടിൽ അഫ്ദാലിന്റെ മികച്ച മുന്നേറ്റത്തിനൊടുക്കം കിട്ടിയ അവസരം ജിതിൻ ഗോപാലന് മുതലെടുക്കാനായില്ല. മൂന്നു മിനുട്ടുകൾക്ക് പിറകെ എത്തിയ ഗോൾ കീപ്പർ പോലുമില്ലാത്ത അവസരം അഫ്ദാലിനും മുതലെടുക്കാനായില്ല. അഫ്ദാലിന്റെ ഷോട്ട് ഗോൾ ലൈനിൽ നിന്നാണ് ബംഗാൾ ഡിഫൻസ് രക്ഷപ്പെടുത്തിയത്.

കളി നിശ്ചിത സമയവും എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിൽ തന്നെ തുടർന്നു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ കേരള ഗോൾ കീപ്പർ മിഥുനെ ഫൗൾ ചെയ്തതിന് ബംഗാൾ താരം ചുവപ്പ് കണ്ട് പുറത്തായത് കേരളത്തിന് മുൻതൂക്കം നൽകി. ഇതിനു പിറകെ കിട്ടിയ കോർണറിൽ നിന്ന് വിപിൻ തോമസ് കേരളത്തിന് ലീഡ് നൽകിയപ്പോൾ കിരീടം ഉറച്ചെന്ന് കരുതിയതായിരുന്നു. പക്ഷെ ബംഗാളിന്റെ പോരാട്ടവീര്യം വീണ്ടും അവരെ ഒപ്പമെത്തിക്കുക ആയിരുന്നു.

മുമ്പ് രണ്ട് തവണ സന്തോഷ് ട്രോഫി ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എന്ന പോലെ ഇത്തവണയും പെനാൾട്ടിയിൽ തന്നെ വിധി എത്തി. പക്ഷെ ഇത്തവണ ജയവും കിരീടവും കേരളത്തിന് സ്വന്തമായി. 4-2 എന്ന സ്കോറിനാണ് കേരളം ഷൂട്ടൗട്ട് വിജയിച്ചത്. ആദ്യ രണ്ട് ബംഗാൾ കിക്കുകളും സേവ് ചെയ്ത മിഥുൻ തന്നെയാണ് ഈ കിരീട പോരാട്ടത്തിലെ ഹീറോ.