തോറ്റിട്ടും കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ, ജയിച്ചിട്ടും മഹാരാഷ്ട്ര പുറത്ത്

ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിൽ പരീക്ഷണങ്ങളുമായി ഇറങ്ങിയ കേരളത്തിന് പരാജയം. മഹാരാഷ്ട്രയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ആദ്യ പരാജയമാണിത്. പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളം സെമിയിലേക്ക് കടന്നു. സെമിയിൽ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ.

വിജയിച്ചു എങ്കിലും മഹാരാഷ്ട്ര സെമിയിലേക്ക് കടന്നില്ല. മിസോറാം ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റെയിൽവേസിനെ പരാജയപ്പെടുത്തി ഏഴു പോയന്റുമായി ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായി സെമിയിൽ കടക്കുകയായിരുന്നു. ബംഗാളിനെയാണ് മിസോറാം സെമിയിൽ നേരിടുക.

നൗഷാദ് ബാപ്പുവിനു പ്രതിരോധത്തിലും മെൽബിന് ഗോൾ ബാറിനു കീഴിലും അവസരം നൽകി കൊണ്ടാണ് വി പി ഷാജി ഇന്ന് ടീം പ്രഖ്യാപിച്ചത്. പക്ഷെ മാറ്റങ്ങൾ കേരളത്തിന് ഗുണം ചെയ്തില്ല. വിരസമായ മത്സരത്തിൽ ആദ്യ മുപ്പത് മിനുട്ടിൽ ഒരു ഷോട്ട് വരെ ഗോൾ ലക്ഷ്യമാക്കി പിറന്നില്ല. മുപ്പത്തി എട്ടാം മിനുട്ടിലായിരുന്നു കേരളത്തിന്റെ പ്രതിരോധം പിളർന്നു കൊണ്ട് ആദ്യ ഗോൾ വീണത്. വൈഭവാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി വലകുലുക്കിയത്.

രണ്ടാം പകുതിയിൽ 59ാം മിനുട്ടിൽ ശ്രീകാന്തിലൂടെ മഹാരാഷ്ട്ര ലീഡ് ഇരട്ടിയാക്കി. പഞ്ചാബിനെതിരെ നടത്തിയത് പോലൊരു തിരിച്ചുവരവ് നടത്താൻ കേരളത്തിന് മഹാരാഷ്ട്രക്കെതിരെ ആയില്ല. 23നാണ് സെമി ഫൈനൽ മത്സരം നടക്കുക. മഹാരാഷ്ട്രയ്ക്കെതിരെ നേരിട്ട പരാജയം കേരളം എല്ലാം തികഞ്ഞ ടീമല്ല എന്നൊരു ഓർമ്മിപ്പിക്കൽ കൂടിയാണ്.