പരിക്കിനോട് പൊരുതി കബീർ സന്തോഷ് ട്രോഫി ക്യാമ്പിൽ

- Advertisement -

സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾക്കായുള്ള കേരള ക്യാമ്പിലേക്ക് ക്ഷണം കിട്ടിയവരിൽ ഫുട്ബോൾ നിരീക്ഷകർ വളരെ പ്രതീക്ഷയർപ്പിക്കുന്ന താരമാണ് റൈറ്റ് വിങ് ബാക്കായ കബീർ ടി എസ് എന്ന കുകു. കഴിഞ്ഞ ഒരു സീസൺ മുഴുവൻ പരിക്കേറ്റ് ബൂട്ട് കെട്ടാൻ കഴിയാതെ വിശ്രമത്തിൽ ആയിരുന്ന കബീറിന് കേരള ക്യാമ്പിലേക്ക് ഇടം കിട്ടിയിട്ടുണ്ടെങ്കിൽ അത് കബീറിന്റെ തളരാത്ത മനസ്സു കൊണ്ട് മാത്രമാണ്.

ലിഗമെന്റിനേറ്റ പരിക്ക് കാരണമാണ് കഴിഞ്ഞ സീസൺ മുഴുവനായും ഈ താരത്തിന് നഷ്ടമായത്. പരിക്ക് മാറിയ ഉടനെ തന്റെ കോളേജായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനായി ഡി സോൺ മത്സരങ്ങൾക്ക് ബൂട്ടു കെട്ടിയ കബീർ തന്റെ മികവിലേക്കും പെട്ടെന്ന് തന്നെ തിരിച്ചു വന്നു. ഡി സോണിലെ മികവ് തൃശ്ശൂർ ജില്ലാ ടീമിലേക്ക് താരത്തെ എത്തിച്ചു. സംസ്ഥാന സീനിയർ ഫുട്ബോളിൽ കബീർ തൃശ്ശൂർ ജേഴ്സിയിൽ റൈറ്റ് വിങ് ബാക്കായി ഇറങ്ങി.

പ്ലസ് വണ്ണിൽ കടപ്പുറം അഞ്ചങ്ങാടി ഗവൺമെന്റ് സ്കൂളിൽ എത്തിയതോടെയാണ് കബീറിന്റെ ഫുട്ബോൾ കരിയർ ശരിയായ പാതയിൽ ആകുന്നത്. അഞ്ചങ്ങാടിയിൽ എത്തിയ കബീർ ഗ്രാമവേദി അഞ്ചങ്ങാടി ക്ലബിനൊപ്പം ചേർന്നു. ഗ്രാമവേദി ക്ലബിനൊപ്പം ഒരു പ്രൊഫഷണൽ താരമായി കബീർ വളർന്നു. അഞ്ചങ്ങാടി ഗവൺമെന്റ് സ്കൂളും ഗ്രാമവേദി അഞ്ചങ്ങാടിയും തന്നെയാണ് കബീറിന്റെ ഫുട്ബോൾ കരിയറിന് ശരിക്കുമുള്ള തുടക്കമിടുന്നത് എന്ന് പറയാം.

ലിയോൺ തിരുവത്തര ക്ലബിനൊപ്പം ചേർന്നും നിരവധി നേട്ടങ്ങൾ കബീർ കൊയ്തിട്ടുണ്ട്. സന്തോഷ് ട്രോഫി ക്യാമ്പും കഴിഞ്ഞ കേരള ജേഴ്സിയിൽ സന്തോഷ് ട്രോഫി കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ കബീറും ഉണ്ടാകും എന്ന് തന്നെ ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നു.

Advertisement