സന്തോഷ് ട്രോഫി; പി.ഉസ്മാൻ ‘ഫാക്ട്മണി’യാകുന്നതു കാണാൻ ഫുട്ബോൾ പ്രേമികൾ

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക റൗണ്ടിൽ കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നാളെ പോണ്ടിച്ചേരിയുമായി ആദ്യ മത്സരത്തിനിറങ്ങുമ്പോൾ കേരളം ഏറെ പ്രതീക്ഷയിലാണ്. 2017 വർഷത്തെ സന്തോഷ് ട്രോഫി ടൂർണ്ണമെന്റോടെ കിരീട വിജയത്തിന്റെ എണ്ണം അര ഡസൺ തികയ്ക്കും എന്നതാണ് എല്ലാവരുടെയും പ്രതീക്ഷ. അത് പ്രതീക്ഷിക്കാവുന്ന തരത്തിലുള്ളത് തന്നെയാണ് കേരളാ ടീം പാറ്റേൺ കണ്ട് പൊതുവെ നടക്കുന്ന വിലയിരുത്തലുകൾ.
അതായത് ടീമിൽ പരിചയസമ്പന്നതക്കും യുവാക്കളായ പുതു മുഖങ്ങളായ കരുത്തർക്കും സമ പ്രാധാന്യം. ഇത് മത്സരത്തിൽ ടീമിനു ഗുണം ചെയ്യാനാണ് സാധ്യത. ടീമിൽ ഏറ്റവും സീനിയർ ആയ ഇറ്റലിയുടെ മാൾഡീനിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രതിരോധത്തിൽ കഠിനാധ്വാനിയായ നൗഷാദ് ബാപ്പുവും മിഡ്ഫീൽഡിൽ ടീമിൽ എറ്റവും അധികം സന്തോഷ് ട്രോഫികൾ കളിച്ചിട്ടുള്ള ഷിബിൻലാലും ഫോർവേഡിസിൽ ഇറങ്ങിയാൽ ഗോളടിച്ചേ കയറൂ എന്ന പ്രകൃതക്കാരനായ ഇത് വരെ കളിച്ച എല്ലാ സന്തോഷ് ട്രോഫികളിലും ഗോളടിച്ചു കൂട്ടിയിട്ടുള്ള ലോക ഫുട്ബോൾ ഇതിഹാസം പെലെയോട് ഏറെ രൂപ സാദൃശ്യം പോലുമുള്ള വൈസ് ക്യാപ്റ്റൻ കേരളാ പോലീസ് ടീമിൽ നിന്നുള്ള മഞ്ചേരി കളത്തിങ്കൽ ഫിറോസും അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണെന്ന് തന്റെ ഉയർച്ചയിലൂടെ തെളിയിച്ചിട്ടുള്ള ക്യാപ്റ്റൻ പി.ഉസ്മാനും ചേർന്ന് തങ്ങളുടെ ഊർജ്ജസ്വലരായ ഇളമുറയ്ക്കാരുമായി കൈ കോർത്ത് താളം കണ്ടെത്തിയാൽ നമ്മൾ കേരളം അലമാരയിൽ സന്തോഷ് ട്രോഫിയുടെ എണ്ണം ഒന്നു കൂടി ചേർത്ത് അത് അര ഡസൻ തികയ്ക്കും എന്നുറപ്പ്.

ക്യാപ്റ്റൻ ഉസ്മാൻ യഥാർത്ഥത്തിൽ തീയിൽ കുരുത്തതാണ് അത് കോഴിക്കോട്ടെ വെയിലത്ത് വാടാൻ വഴിയില്ല. അത് കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിന് മുതൽകൂട്ടാകട്ടെ എന്ന പ്രാർത്ഥനയാകും പൊതുവെ ഫുട്ബോൾ പ്രേമികളായ ഓരോ മലയാളികളുടെയും മനസ്സിൽ നാളെ മുതൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് കഴിയുന്നത് വരെ.

ക്യാപ്റ്റൻ വന്ന വഴി:-

ജില്ലയുടെ സബ് ജൂനിയർ, ജൂനിയർ, യൂത്ത് പോയിട്ട് എന്തിനേറെ സ്കൂൾ ടീമിൽ പോലും ഒരിക്കലും അംഗമായിട്ടില്ലാത്ത ഒരു കളിക്കാരൻ ശക്തരായ കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്യാപറ്റൻ സ്ഥാനം അലങ്കരിക്കുമോ എന്ന ചോദ്യത്തിനുത്തരമാണ് പി. ഉസ്മാൻ‌ എന്ന ഇരുപത്തേഴുകാരൻ. മലപ്പുറം ജില്ലയിലെ താനൂർ കണ്ണന്തളി സ്വദേശി. പ്രതിഭാധനരായവർ എവിടെയെങ്കിലും സെലക്ഷനുകളിൽ നിന്ന് തഴയപെട്ടോ ശ്രദ്ധിക്കപ്പെടാതെയോ പോയാൽ മറ്റെവിടെയെങ്കിലും തല പൊക്കും എന്നതിനുത്തമോദാഹരണം കൂടിയാണ് പി.ഉസ്മാൻ. പന്ത്രണ്ടാം ക്ലാസ്സ് പാസായി മലപ്പുറത്തെ സാധാരണ കൗമാരക്കാരുടെ ഹോബികളായ
ക്രിക്കറ്റും ഫുട്ബോളും തനി നഗ്ന പാദനായി കള്ളന്തളിയിലെ തരിശ് കണ്ടങ്ങളിൽ കളിച്ചു നടന്ന ഉസ്മാന്റെ കാൽ പന്ത് കളി അത്ര നല്ല കളിയാണെന്നോ അത് ഇത്ര വലിയ കാര്യമാകും എന്നോ ഉസ്മാൻ പോലും സ്വപ്നം കണ്ടു കാണില്ല. അത് കൊണ്ടായിരിക്കും സാധാരണ ഒരു വിധം കളിക്കുന്നവരൊക്കെ തങ്ങളുടെ കേളി മിടുക്കു കാട്ടി ഏതെങ്കിലും നല്ല ഫുട്ബോൾ ടീമുള്ള കോളജുകളിലൊക്കെ ബിരുദത്തിന് പോകാൻ വെമ്പുന്ന ഇക്കാലത്ത് ഉസ്മാൻ ശ്രമിക്കാതെ പോയതും. അങ്ങിനെ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കാനായി താനൂർ കണ്ണന്തളിയിലെ ഒരു റൊട്ടി കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോഴും എല്ലാ വൈകുന്നേരങ്ങളിലും ഉസ്മാൻ തന്റെ ഹോബി എന്നല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത കാൽപന്ത് മുടക്കാറില്ലായിരുന്നു.

ഈ സമയത്താണ് 2009-’10 ൽ മലപ്പുറം ജില്ലയിലെ എ – ഡിവിഷൻ ക്ലബ്ബായിരുന്ന ബ്രദേഴ്സ് തിരൂരിനു വേണ്ടി സമീപവാസിയായ ഒരു സാധാരണ കളിക്കാരൻ എന്ന നിലയ്ക്ക് പലരെപ്പോലെ ജില്ലാലീഗ് കളിക്കാൻ ഒരു അവസരം ഉസ്മാന് ലഭിച്ചത്. അത് ഉസ്മാൻ മുതലാക്കി എന്നു വേണം പറയാൻ. ആ വർഷം അരീക്കോട് നടന്ന മലപ്പുറം ജില്ലാ എ-ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാരായ തിരൂർ ബ്രദേഴ്സ് ടീമിന്റെ ടോപ് സ്കോറർ ഉസ്മാനായിരുന്നു. എഴുഗോൾ!
ഇത് കഴിഞ്ഞിട്ടും മലപ്പുറത്തെ തീരപ്രദേശങ്ങളിലെ തനി ലോക്കൽ സെവൻസുകളിൽ മാത്രം ഒതുങ്ങി കളിച്ചു നടക്കുമ്പോഴാണ് ഒരിക്കൽ ഒറ്റപ്പാലത്ത് ഒരു ലോക്കൽ കളിക്കാൻ അവസരം കിട്ടിയതും അവിടെയ്ക്ക് തന്റെ ടീമിൽ കൂടെ കളിക്കാൻ വന്ന കേരളത്തിലങ്ങോളമിങ്ങോളം സെവൻസ് കളിച്ചു നടക്കുന്ന മറ്റു ചിലരുമായി പരിചയപെട്ടതും, തന്റെ കാൽപന്ത് തട്ടകം വിപുലമായി തുടങ്ങിയതും.

അതേ വർഷം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇന്ത്യൻ റയിൽവേസും, ബാഗ്ലൂർ എം. ഇ. ജി.യും, തിരുവനന്തപുരം ടൈറ്റാനിയവും തുടങ്ങി പ്രമുഖ ടീമുകൾ പങ്കെടുത്ത ഒരു കാലത്ത് ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഇന്ദർ സിങ്ങിനോടൊപ്പം ഇന്ത്യക്ക് വേണ്ടി ദീർഘകാലം കളിച്ച ഇന്റർ നാഷണൽ മലപ്പുറം മൊയ്തീൻ കുട്ടിയുടെ സ്മാരകമായി അരങ്ങേറിയ പ്രഥമ ആൾ ഇന്ത്യാ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റിൽ ജില്ലാ ലീഗ് ചാമ്പ്യൻസ് എന്ന നിലയിൽ ഉസ്മാൻ കളിച്ച ബ്രദേഴ്സ് തിരൂരിനും എൻട്രി ഉണ്ടായിരുന്നു. പക്ഷെ ടൂർണ്ണമെന്റിന്റെ തലേ ദിവസം ഖത്തറിൽ വച്ചു വാഹനാപകടത്താലുണ്ടായ തന്റെ പ്രിയ പിതാവിന്റെ വിയോഗത്തെ തുടർന്ന് കൊച്ചിൻ ഗോൾഡൻ ത്രഡ്സുമായുള്ള ടൂർണ്ണമെന്റിൽ തിരൂരിന്റ ആദ്യം മത്സരത്തിൽ നിന്നും ഉസ്മാൻ വിട്ടു നിന്നു‌ ഗോൾഡൻ ത്രഡ്സിനോട് ജയിച്ചുകയറിയ തിരൂർ എബിൻ റോസിന്റെ നേതൃത്ത്വത്തിലുള്ള ശക്തരായ ടൈറ്റാനിയത്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇറങ്ങിയപ്പോൾ ഉസ്മാൻ കുടുബാഗങ്ങളുടെയും നാട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി കളിച്ചു. കാരണം ഉസ്മാന്റെ മലപ്പുറത്തെ കളി കാണാനും കൂടി ഖത്തറിൽ നിന്നും വരാനുള്ള ഒരുക്കത്തിനിടയിലായിരുന്നു പ്രിയ പിതാവിന്റെ മരണം. ഈ വേദന കടിച്ചമർത്തിയാണ് ഉസ്മാൻ കളിച്ചിരുന്നത്. ആ കളി തിരൂർ 2-1 ന് തോറ്റെങ്കിലും ഏക മറുപടി ഗോൾ ഉസ്മാന്റെ മനോഹരമായ ഷോട്ടിൽ നിന്നായിരുന്നു എന്നത് ചിലരെയെങ്കിലും ആകർഷിച്ചു കാണും.

എന്നാൽ ആ വർഷം മലപ്പുറം ജില്ലാ സീനിയർ ടീം സെലക്ഷനു ഉസ്മാൻ ചെന്നെങ്കിലും നിരാശ മാത്രം വാങ്ങി മടങ്ങേണ്ടി വന്നു. 2010-11 ൽ ജില്ലാ ലീഗിലേക്കുള്ള പുതിയ പ്ലയേഴ്സ് രജിസ്ട്രേഷൻ ആരംഭിച്ച ദിവസം തന്നെ തന്റെ അറിവില്ലായ്മ കൊണ്ട് ഉസ്മാനൊരബദ്ധം പറ്റി. അന്ന് അതി രാവിലെ തന്നെ തേടിവന്ന ചില ആളുകൾ വഴി ബാസ്കോ ക്ലബ്ബ് ഒതുക്കുങ്ങലിനു വേണ്ടിയും അന്നു വൈകിട്ടു തന്നെ തിരഞ്ഞെത്തിയ തന്റെ ആദ്യ ക്ലബ്ബായ ബ്രദേഴ്സ് തിരൂരിന് വേണ്ടിയും ഉസ്മാൻ ഒപ്പിട്ടു പോയി.
അതു ഉസ്മാനെ വലിയ പ്രശ്നങ്ങളിലേക്കെത്തിച്ചു. ഉസ്മാന്റെടുത്ത് ചിലതുണ്ട് എന്ന് നല്ല ബോധ്യം വന്ന രണ്ട് ക്ലബ്ബുകളാണിവ എന്നത് കൊണ്ടാകാം ഇരു ക്ലബുകളും ഉസ്മാനെ വിട്ടു കൊടുക്കില്ല എന്ന വാശിയിൽ ഉറച്ച് നിന്നത്. അറിയാതെ ചെയ്ത തെറ്റായാലും ഡി എഫ് എ യുടെ രണ്ടോ മൂന്നോ വർഷത്തെ ലിഗിൽ നിന്നുള്ള വിലക്ക് എന്ന നിയമത്തിനു വിധേയമാകുമെന്നുറപ്പായി നിൽക്കുമ്പോഴാണ് മലപ്പുറം ജില്ലയിൽ തന്നെയുള്ള തന്റെ കൂടെ മേൽ പറഞ്ഞ ഒറ്റപ്പാലം സെവൻസിലും മൊയ്തീൻ കുട്ടി മെമ്മോറിയൽ ടൂർണ്ണമെൻറിലും കളിച്ച് ഉസ്മാനെ പെട്ടെന്നു തന്നെ നന്നായി മനസ്സിലാക്കി വച്ച തനിക്ക് ഏറ്റവും പ്രിയപെട്ട തന്നെക്കാൾ ഏറെ മുതിർന്ന ആ ഫുട്ബോൾ സുഹൃത്ത് വഴി തലേവർഷം നടക്കാതെ പോയ തിരുവനന്തപുരം ജില്ലാ ലീഗിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖാ ടീമിന് കളിക്കാൻ ഒരവസരം ഉണ്ടായത്.

“ഏതായാലും നിനക്ക് സസ്പെൻഷൻ ഉറപ്പല്ലേ ഇതും നിയമ വിരുദ്ധം തന്നെയാണെങ്കിലും നീ അതിന് ധൈര്യമായി പോയ്ക്കോളൂ വരുന്നേടത്ത് വച്ചു കാണാം എതായാലും കളിയല്ലേ” എന്നായിരുന്നു അയാളുടെ നിർദ്ദേശം.

ഉസ്മാന്റെ അതിവേഗതയ്ക്കിടയിലും ബോളിലുള്ള അപാര നിയന്ത്രണവും ഷൂട്ടിങ്ങ് കപ്പാസിറ്റിയും അവിടെ വച്ച് കാണാൻ ഇടവരുന്ന ഏതെങ്കിലും ഒരു ഡിപാർട്ട്മെന്റ് ടീമോ വലിയക്ലബ്ബ് ടീമോ ഉസ്മാനെ തേടി വരാതിരിക്കില്ല, എല്ലാ ഡിപ്പാർട്ട്മെന്റ് ടീമുകളും കളിക്കുന്നത് തിരുവനന്തപുരത്താണല്ലോ എന്നതായിരുന്നു ഒരു ചെറിയ ഫുട്ബോൾ പരിശീലകനും കൂടിയായിരുന്ന സുഹൃത്തിന്റെ പ്രതീക്ഷ. ആ കണക്ക് കൂട്ടലാണ് ഉസ്മാൻ യാഥാർത്ഥ്യമാക്കിയതും.

ഉസ്മാന് കൂട്ടിന് മറ്റു നാലു പേരെയും തിരുവനന്തപുരത്തേക്കു വിട്ടു എന്നാൽ ഉസ്മാൻ തന്നെയായിരുന്നു അതിൽ പ്രധാനി. ഇത് ഒരു റംസാൻ നോമ്പു കാലത്തായിരുന്നു. ആദ്യ രണ്ടു കളികളും പരാജയപ്പെട്ടപ്പോൾ വീട്ടിൽ പോയിവരാം എന്നു പറഞ്ഞ് ഒപ്പം പോയവർ തടിതപ്പി. ഉസ്മാൻ അവിടെയും തന്റെ സുഹൃത്തിന്റെ കളി ഉപദേശം മുറുകെ പിടിച്ചു മുഴുവൻ കളികളും നോമ്പെടുത്തുകൊണ്ട് തന്നെ ആർ.ബി. ഐ ക്ക് വേണ്ടി കളിച്ചു. ഒരു സമനില മാത്രമായിരുന്നു ആർ ബി ഐ യുടെ സമ്പാദ്യം. പക്ഷെ മിക്ക കളികളും കണാൻ അവിടെയുണ്ടായിരുന്ന മുൻവിധികളില്ലാത്ത ചില അസ്സൽ ഫുട്ബോൾ പ്രവർത്തകർക്ക് ആ കാഴ്ച്ചകൾ മതിയായിരുന്നു, ഇപ്പോഴത്തെ കേരള സന്തോഷ് ട്രോഫി കോച്ച് ഇന്റർ നാഷണൽ വി.പി ഷാജിക്കടക്കം പി.ഉസ്മാൻ എന്ന പ്ലസ് ടു പയ്യൻ ആരാകും എന്നു മനസ്സിലാക്കാൻ.

ഉസ്മാൻ തിരിച്ച് നാട്ടിൽ എത്തി ഒരാഴ്ചകുള്ളിൽ തന്നെ എസ്‌ബിടി കോച്ചിൽ നിന്നും മലബാർ യുണൈറ്റഡിൽ നിന്നും ഗസ്റ്റ് പ്ലയറായി കളിക്കാൻ വിളി വന്നു. ഉസ്മാന്റെ നാട്ടുകാരും സഹോദരങ്ങളും കേരളത്തിന്റെ‌ ‘മറഡോണ’ എന്നറിയപ്പെടുന്ന മലായാളീ ഫുട്ബോൾ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ആസിഫ് സഹീർ കളിക്കുന്ന എസ്. ബി.ടി ക്ക് പോകാനാൻ സ്വാഭാവികമായും പറഞ്ഞപ്പോൾ , തിരുവനന്തപുരത്തേക്ക് പറഞ്ഞയച്ച സുഹൃത്തിൽ നിന്നും കിട്ടിയ അഭിപ്രായം ഇങ്ങിനെയായിരുന്നു “എസ്. ബി ടി യിൽ ‘കനം’ കൂടിയ സർട്ടിഫിക്കറ്റ് ഒന്നും തന്നെയില്ലാതെ ചെന്ന് ഗസ്റ്റ് പ്ലയർ ആയാൽ എന്നും ഗസ്റ്റ് തന്നെയായി കഴിയേണ്ടി വരും. സന്തോഷ് ട്രോഫിയൊക്കെ കളിക്കാനായി സ്റ്റേറ്റ് ജൂണിയറും യൂത്തും യൂണിവേഴ്സിറ്റിയും ഒക്കെ കളിച്ച് എസ്.ബി.ടി യിൽ സ്ഥിരം നിയമനം നേടിയവർ തന്നെ അവിടെ ക്യൂവിലായിരിരിക്കും, പിന്നെ നിന്നെ പരിഗണിക്കില്ല ഇപ്പോഴത്തെ നിന്റെ ഫോം നിലച്ചാൽ രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് മടങ്ങുകയും വേണ്ടി വരും അത് കൊണ്ട് മലബാറിന് പോകുകയാണ് നല്ലത്”

ഉസ്മാൻ ഈ ഉപദേശവും മുഖവിലക്കെടുത്തു. തുടർന്ന് മലപ്പുറം ഡി.എഫ്.എ.യിലെ ആരോടൊക്കെയോ മലബാറിൽ കിട്ടിയ വിവരം പറഞ്ഞ് മലപ്പുറത്ത് നേരത്തെ ഒപ്പുവച്ച രണ്ട് ക്ലബ്ബുകളിൽ നിന്നും രേഖകൾ പിൻവലിപ്പിച്ചു.

യഥാർത്ഥത്തിൽ എസ്.ബി.ടി. ഫുട്ബോൾ ടീമിനെ ശക്തമായ ഒരു ഫുട്ബോൾ ടീം ആക്കി മാറ്റിയ നജീബ് കോച്ച് ആ സീസണിൽ മലബാറിന്റെ കോച്ചായിരുന്നു. ആ കൊല്ലം തന്നെ കൽപ്പറ്റയിൽ നടന്ന സംസ്ഥാന ക്ലബ് ഫുട്ബോളിലെയും ജാർഖണ്ഡിൽ നടന്ന ഐ ലീഗ് രണ്ടാം ഡിവിഷനിലെയും പ്രകടനം കണക്കിലെടുത്ത് , മലപ്പുറത്ത് ജില്ലാ സ്കൂൾസ് കളിക്കാത്ത, സബ് ജൂനിയർ കളിക്കാത്ത ജൂനിയർ കളിക്കാത്ത, ഒരിക്കൽ മാത്രം ലീഗ് കളിച്ചു ആ വർഷം ജില്ലാ സീനിയർ ടീം ക്യാമ്പിൽ ഒരു ദിവസം താനൂരിൽ നിന്ന് അതി രാവിലെ മലപ്പുറം കൂട്ടിലങ്ങാടിയിൽ കോച്ചിംഗ്‌ ക്യാമ്പിന് എത്തിച്ചേരാൻ കഴിയാത്തതിന് ക്യാമ്പിൽ നിന്നും പേരു വെട്ടിയ ഉസ്മാൻ, പിറ്റേ വർഷം എവിടെയും ലീഗ് കളിക്കാതെ തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തി സന്തോഷ് ട്രോഫി ടീമിൽ.

സന്തോഷ് ട്രോഫി കളിച്ചു വന്ന സമയത്ത് യാദൃച്ഛികമായി എസ്ബിടിയിൽ സ്ഥിരനിയമനം കൊടുത്ത് കളിക്കാരെ എടുക്കാൻ ട്രയൽസ് നടക്കുന്നു എന്ന വാർത്ത വന്നു. അപ്പോഴേക്കും ഉസ്മാന്റെ കയ്യിൽ സന്തോഷ് ട്രോഫി കളിച്ചതിന്റെ ‘കനം’ കൂടിയ സർട്ടിഫിക്കറ്റായ ഫോറം-2 ലഭിച്ചു കഴിഞ്ഞിരുന്നു. ഇതുമായി എസ്.ബി.ടി യുടെ ട്രയൽസിനിറങ്ങി നമ്മുടെ നാട്ടിലെ നല്ല ഫുട്ബോളിന്റെ അന്തകനായ ആരുടെയും ഒരു ‘ശുപാർഷ’യും ഇല്ലാതെ ചെന്ന് നന്നായി കളിച്ച ഉസ്മാനെ എസ്.ബി.ടി റിക്രൂട്ട് ചെയ്തു.

സാധാരണ കേരളത്തിലെ ഘട്ടം ഘട്ടമായി ഒരോ ഏജ് ഗ്രൂപ്പുകളും യൂണിവേഴ്സിറ്റിയും കളിച്ചു വരുന്ന കളിക്കാരിൽ നിന്നും തികച്ചും വ്യത്യസ്ഥമായി ചുമ്മാ നേരം പോക്കിന് മാത്രം ക്രിക്കറ്റും ഫുട്ബോളും ദിനം പ്രതി മാറി മാറി കളിച്ചു നടന്ന ഉസ്മാന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചത് വെറും ഒരു വർഷത്തിനിടയിൽ. യഥാർത്ഥത്തിൽ ഉസ്മാൻ ആദ്യമായി ഒരു ജില്ലാ ടീമിനായി സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത് സന്തോഷ് ട്രോഫി കളിച്ചു വന്നതിന് ശേഷം. അതും തന്റെ മാതൃ ജില്ലക്കായിട്ടല്ല എസ്.ബി.ടി തിരുവനന്തപുരത്തിന്റെ പ്ലയർ എന്ന നിലയ്ക്ക് തിരുവനന്തപുരത്തിന് വേണ്ടി ആയിരുന്നു അത്. മലപ്പുറം അപ്പോഴും ഉസ്മാനെ കണ്ടിരുന്നില്ല.

തന്റെ ആദ്യ സന്തോഷ് ട്രോഫിയിൽ 5 ഗോളടിച്ച ഈ മികച്ച യുവ സ്ട്രൈക്കർ 2012 ൽ മലപ്പുറത്തിന്നായി കളിക്കാനുള്ള ആഗ്രഹം പഴയ സുഹൃത്ത് മുഖേന ഡി.എഫ്. എ അധികാരികളെ അറിയ്ച്ചപ്പോൾ മാത്രമാണ് മലപ്പുറം ടീമിൽ ഉൾപെടുത്തിയത്. പിന്നീട് മൂന്ന് വർഷം ഉസ്മാൻ മലപ്പുറത്തിനും കേരളത്തിനും കളിച്ചു. അതിലൊരു വട്ടം കൊച്ചിയിൽ കേരളം അവസാനമായി സന്തോഷ് ട്രോഫീ റണ്ണർ അപ്പായതിന്റെ ക്രഡിറ്റ് മുഴുവനും ഉസ്മാന്റെ 4 ഗോളുകളിൽ ചെന്നവസാനിക്കും.

പിന്നീട് 2014 ൽ സിലിഗുരി സന്തോഷ് ട്രോഫിയിൽ ഏറ്റ പരിക്കിന്റെ പിടിയിലായിരുന്ന ഉസ്മാനെ എല്ലാവരും മറന്നു തുടങ്ങുകയായിരുന്നു. എന്നാൽ നിശബ്ദനായി എസ്.ബി.ടി കോച്ചിന്റെ കീഴിൽ മുടങ്ങാതെ പരിശീലനവും ആവശ്യത്തിന് വിശ്രമവും എടുത്ത് ഫോം തിരിച്ചു പിടിച്ചാണ് , ഉസ്മാൻ ഈ വർഷം മലപ്പുറത്തിന് വേണ്ടി വയനാട് നടന്ന സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്റ്റ് കളിച്ചുകൊണ്ട് സന്തോഷ് ട്രോഫി ക്യാമ്പിലും, തുടന്ന് ഇപ്പോഴിതാ മികച്ച കളി കൊണ്ടും മുമ്പ് നാല് തവണ സന്തോഷ് ട്രോഫി കളിച്ചതിന്റെ അനുഭവസമ്പത്തും മികച്ച നേതൃത്ത്വ ഗുണവും കാണിച്ച് കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാപ്റ്റനുമായിരിക്കുന്നു.

ഇനി ഒന്നേ പൊതുവേ ഫുട്ബോൾ സ്നേഹികളായ കേരളത്തിലെ ജനങ്ങൾ ഉറ്റു നോക്കാനിടയുള്ളൂ‌ 2004 ൽ എസ്.ബി.ടി യുടെ ഇഗ്നേഷ്യസിന്റെ നായകത്വത്തിൽ അദ്ദേഹത്തിന്റെ തന്നെ കലാശക്കളിയിലെ എക ഗോളിലൂടെ കപ്പ് നേടിയ ശേഷം കേരളം അനുഭവിക്കുന്ന കിരീട ശൂന്യതക്ക് വിരാമമിട്ട് പി.ഉസ്മാൻ ‘രണ്ടാം ഫാക്ട് മണി’ ആയി ദേശീയ ഫുട്ബോൾ കിരീടം മലയാളികളുടെ തലയിൽ ചാർത്തുമോ എന്നായിരിക്കുമത്. ആലുവായിലെ F A C T (ഫാക്റ്റ് )ന്റെ താരമായിരുന്ന ഫാക്ട് മണി എന്ന മണി നയിച്ച ടീം ആയിരുന്നു 1941ൽ തുടക്കം കുറിച്ച സന്തോഷ് ട്രോഫി ചരിത്രത്തിൽ കേരളത്തിന്റെ ആദ്യ കിരീട ദാഹം തീർത്തത്. അത് 1974 ൽ ആയിരുന്നു. പിന്നീട് നാല് തവണ കൂടിയേ (1991,1992, 2001, 2004) നമ്മൾ ട്രോഫി നേടിയിട്ടുള്ളൂ.

ഇവിടെയാണ് ഉസ്മാനിലൂടെ രണ്ടാം ഫാക്ട്മണിയെയും 1941 മുതൽ1973 വരെയുള്ള ദീർഘകാല കാത്തിരിപ്പിനു ശേഷം ട്രോഫി എടുത്ത കേരളാ ടീമിന്റെ പുനർജ്ജനിയെയും മലയാളീ ഫുട്ബോൾ സമൂഹം പ്രതീക്ഷിക്കുന്നുണ്ടാകുക. ആ പ്രതീക്ഷകൾ അസ്ഥാനത്താക്കരുതേ എന്ന് പ്രാർത്ഥിക്കുന്നുണ്ടാകുക എന്നുതീർച്ച.

ഏതായാലും പി.ഉസ്മാൻ എന്ന ഈ മികച്ച ഫുട്ബോളർ സാധാരണ ഈ നിലയിൽ എത്തിയിട്ടുള്ള കളിക്കാരിൽ നിന്നും ഏറെ വിഭിന്ന ഗ്രാഫിനുടമായാണ്. കൊച്ചു നാളിലും കൗമാര കാലത്തും ആരാലും ശ്രദ്ധിക്കപെടാതെ പോയിട്ടും, എന്നാൽ അൽപ്പം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോൾ ഏറ്റ തഴച്ചിലും പിന്നീട് അറിവില്ലായ്മ കൊണ്ട് ഉണ്ടായ അനിവാര്യമായ അസോസിയേഷന്റെ ഫുട്ബോൾ നിയമ കുരുക്കും, വീണത് വിദ്യ എന്ന പോലെ തിരുവനന്തപുരത്ത് പോയി ശ്രദ്ധിക്കപെട്ടതും, കളി ജീവിതം തന്നെ തൽകിയതും. ജ്വലിച്ചു നിൽക്കുന്ന സമയത്ത് നട്ടെല്ലിന് പരിക്കേറ്റിട്ടും പ്രതീക്ഷ വിടാതെ അർപ്പണബോധത്തോടെയുള്ള പരിശീലനവും വിശ്രമവുമായി മൈതാനത്ത് തിരിച്ചെത്തിയതും, എല്ലാം ഏതൊരു പുതിയ കളിക്കാരനും ആത്മ വിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. ഇതിലെല്ലാമുപരി ഉസ്മാന്റെ അച്ചടക്കവും നേതൃത്വ പാടവവും ഏതൊരു കായിക താരത്തിനും മാതൃകയുമാണ് എന്നതൊക്കെയാവാം ഒരു കാലത്ത് ജേതാക്കളായാൽ സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിക്കാൻ മാത്രം പ്രാധാന്യം കൽപ്പിച്ചിരുന്ന സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോളിനുള്ള ആതിഥേയർ കൂടിയായ കേരളത്തിന്റെ ക്യാപ്റ്റൻ സ്ഥാനം ഉസ്മാനിൽ വന്നു ചേർന്നത് എന്നു വേണം കരുതാൻ.