സന്തോഷ് ട്രോഫി ക്യാപ്റ്റൻസിക്ക് പിറകെ ഉസ്മാനെ തേടി മകളും

- Advertisement -

കേരളാ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ പി. ഉസ്മാൻ ഇന്ന് (23-02-2017 വ്യാഴം) ഒരു പെൺകിടാവിന്റെ പിതാവായി,തന്റെ ആദ്യ സന്തതിക്കാണ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ രാത്രി 8.30 ന് ഉസ്മാന്റെ ഭാര്യ ജാസിറ ജന്മം നൽകിയത്.

തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മീ ഭായ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്യാമ്പസിൽ അടുത്ത മാസം 15ന് ഗോവയിൽ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്കൊരുങ്ങുന്ന പരിശീലന ക്യാമ്പിൽ നിന്ന് ഇന്നലെയാണ് കോച്ചിന്റെയും ടീം മാനേജ്മെന്റിന്റെയും പ്രത്യേകാനുമതിയോടെ പിതാവാകുന്ന നിമിഷങ്ങളിലേക്ക് ഉസ്മാൻ കോട്ടക്കലിലെത്തിച്ചേർന്നത്. കുഞ്ഞിന്റെയും, കുഞ്ഞിന്റെ  അമ്മയായ ജാസിറയുടേയും കൂടെ ഒരു നാൾ ചിലവഴിച്ച് ഉസ്മാൻ നാളെ രാത്രി തന്നെ തിരുവനന്തപുരത്ത് കേരളാ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് വണ്ടി കയറും. പിതാവയത് പോലെ തന്നെ ദീർഘമായ ഇടവേളക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന് സമ്മാനിക്കുക എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിനായി പുത്തനടവുകൾ പരിശീലിക്കാൻ.

മുമ്പ് ഫെഡറേഷൻ കപ്പ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് അന്നത്തെ കേരളാ പോലീസ് ക്യാപ്റ്റൻ കുരിക്കേശ് മാത്യുവിന് പെൺകുഞ്ഞ് ജനിച്ചത് ആ വർഷം കേരളാ പോലീസ് ടീം ആദ്യമായി ഫെഡറേഷൻ കപ്പ് ജേതാക്കളാകുകയും ചെയ്തിരുന്നു, അങ്ങിനെ കുരിക്കേഷ് പുത്രിക്ക് ഫെഡറീന എന്ന് പേര് നൽകിയതും കേരളാ ഫുട്ബോളിന്റെ ചരിത്രമാണ്. ആ നിലയ്ക്ക് സന്തോഷ് ട്രോഫി നടക്കുന്നതിനിടെ ക്യാപ്റ്റൻ പി. ഉസ്മാന് പിറന്ന പിഞ്ചു പൈതൽ ഇത്തവണ കേരളം സന്തോഷ് ട്രോഫി ജേതാക്കളായാൽ തീർച്ചയായും കേരളാ ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗവും ഭാഗ്യവുമാകും എന്നുറപ്പാണ്.

Advertisement