ദേശീയ നായകനായി മുഹമ്മദ് സലാഹ്, ഈജിപ്തിന് ലോകകപ്പ് യോഗ്യത

95 ആം മിനുട്ടിൽ വിജയ ഗോൾ നേടി മുഹമ്മദ് സലാഹ് ഒരു രാജ്യത്തെ മുഴുവൻ ആനന്ദ നൃത്തമാടിച്ചു. 95 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി സലാഹ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങളുടെ നായകനായി. മത്സരത്തിൽ ഈജിപ്ത് 2-1 ന് കോംഗോയെ തോൽപ്പിച്ചു. 1990 ന് ശേഷം ആദ്യമായാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടുന്നത്.

ഗ്രൂപ്പ് ഇ യിൽ ജയിച്ചാൽ യോഗ്യത ഉറപ്പിക്കാമായിരുന്ന ഈജിപ്ത് സ്വന്തം മണ്ണിലെ അലെക്സൻഡ്രിയയിലെ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. പക്ഷെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ സലാഹ് ഗോൾ നേടി. 63 ആം മിനുട്ടിലായിരുന്നു സലാഹിന്റെ ഗോൾ. എന്നാൽ ഈജിപ്ത് ജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു എന്ന ഘട്ടത്തിൽ 87 ആം മിനുട്ടിൽ കോംഗോ സമനില ഗോൾ നേടി. അർണോൾഡ് ബോക്കോ മൗക്‌ ആണ് സമനില നേടിയത്. എന്നാൽ 95 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സമ്മർദങ്ങൾക്കൊന്നും അടിപെടാതെ ഗോളാക്കി സലാഹ് ഈജിപ്തിന്റെ വിജയ ശിൽപിയായി. ഇളകി മറിഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി അങ്ങനെ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം 28 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.

ഈജിപ്ത് അടങ്ങുന്ന ഗ്രൂപ്പ് ഇ യിൽ 12 പോയിന്റുമായി ഈജിപ്ത് ഒന്നാം സ്ഥാനത്താണ്. ഉഗാണ്ടയാണ് രണ്ടാമത്. ഗ്രൂപ്പിൽ ടീമുകൾക്ക് ഓരോ മത്സരങ്ങൾ വീതം ബാക്കിയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial