സാലയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും, പരിക്കായാലും ടീമിൽ ഇടുമെന്ന് ഈജിപ്ത്

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് രാത്രിയിൽ നടന്ന പരിക്കിൽ നിന്ന് സാല തിരിച്ചെത്താൻ സമയം എടുത്തേക്കും. സാലയുടെയും ഈജിപ്തിന്റെയും ലോകകപ്പ് പ്രതീക്ഷകൾക്കാണ് ഇത് തിരിച്ചടി ആയിരിക്കുന്നത്. ഇന്നലെ ഫൈനലിന്റെ ആദ്യ പകുതിയിൽ റാമേസ് നടത്തിയ ചലഞ്ച് ആണ് സാലയെ കളം വിടുന്നതിൽ എത്തിച്ചത്. സാലയുടെ പരിക്ക് വളരെ മോശമാണെന്നാണ് മത്സര ശേഷം ലിവർപൂൾ മാനേജർ ക്ലോപ്പ് പറഞ്ഞത്.

ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ ഇന്ന് പുലർച്ചെ അറിയിച്ചത് സാലയ്ക്ക് കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും വേണ്ടി വരുമെന്നാണ്. തോളിനേറ്റ പരിക്കിന് ചിലപ്പോൾ ശസ്ത്രക്രിയയും വേണ്ടി വരും. ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുന്നതിന്റെ അവസാന ദിവസമായ ജൂൺ 4ന് മുമ്പ് സാലയ്ക്ക് ഫിറ്റ്നെസ് തെളിയിക്കാനാകില്ല എന്ന് ചുരുക്കം. എന്നാൽ സാല ഫിറ്റ്നെസ് തെളിയിച്ചാലും ഇല്ലെങ്കിലും സാലയെ 23 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തും എന്നാണ് ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പറയുന്നത്.

സാലയുടെ പരിക്ക് കാരണം ലിവർപൂൾ ഇന്നലെ ഫൈനലിൽ റയൽ മാഡ്രിഡിനോട് പൊരുതി നിൽക്കാനാകാതെ 3-1ന്റെ പരാജയം നേരിടേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement