മൊ സാലയ്ക്ക് സീസണിൽ 50ന്റെ തിളക്കം

- Advertisement -

മുമ്പ് ചെൽസിയിൽ കണ്ട സാലയോ കഴിഞ്ഞ സീസണിൽ റോമയിൽ കണ്ട സാലയോ അല്ല ഈ ലിവർപൂളിന്റെ ചുവപ്പണിഞ്ഞ സാല. ക്ലോപ്പിന്റെ കീഴിൽ തന്റെ കരിയറിലെ ഏറ്റവും മികവിലേക്ക് ഉയർന്നിരിക്കുന്ന ഈജിപ്ഷ്യൻ ഇന്നലെ സെമി ഫൈനൽ ഉറപ്പിച്ച ഗോളോടെ ഒരു നേട്ടത്തിൽ എത്തിയിരിക്കുകയാണ്. സീസണിൽ ലിവർപൂളിന്റെ 50 ഗോളുകളുടെ ഭാഗമായിരിക്കുകയാണ് സാല ഇന്നലത്തെ ഗോളോടെ.

39 ഗോളുകളും 11 അസിസ്റ്റുകളുമാണ് സാല ക്ലോപ്പിന്റെ ടീമിനായി ഇത്തവണ നേടിയത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ആദ്യമായാണ് ഒരു താരം 50 ഗോളുകളുടെ ഭാഗമാകുന്നത്. 39 ഗോളുകൾ എന്നത് ലിവർപൂളിന്റെ പ്രീമിയർ ലീഗ് കാലഘട്ടത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് താരമായും സാലയെ മാറ്റുകയാണ്. ലിവർപൂളിൽ എറ്റവും മികവിലെത്തിയ സുവാരസിന്റെ ഏറ്റവും മികച്ച സീസണിൽ 31 ഗോളുകൾ ആയിരുന്നു നേടിയത്. ടോറസിന്റെ ഏറ്റവും മികച്ച സീസണിൽ പിറന്നത് 33 ഗോളുകളും.

സാല ആ നമ്പറുകൾ ഒക്കെ മറികടന്നാണ് ഇപ്പോൾ 39ൽ എത്തിയിരിക്കുന്നത്. ഇനിയും എട്ടോളം മത്സരങ്ങൾ ഈ സീസണിൽ സാലയ്ക്ക് കളിക്കാനാകും എന്നതുകൊണ്ട് പലറെക്കോർഡുകളും ഇനിയും തകർന്നേക്കാം. 39 ഗോളുകളിൽ 29 ഗോളുകൾ പ്രീമിയർ ലീഗിലാണ് പിറന്നത്. പ്രീമിയർ ലീഗിലെ ടോപ്സ്കോററും ഇപ്പോൾ സാലയാണ്. 9 അസിസ്റ്റുകളും പ്രീമിയർ ലീഗിൽ ഉണ്ട് സാലയ്ക്ക്. ചാമ്പ്യൻസ്ലീഗിൽ ഇന്നലെ നേടിയ ഗോളടക്കം എട്ടു ഗോളുകളായി ഈ സീസണിൽ സാലയ്ക്ക്. ഇനി ഈ ഈജിപ്ഷ്യൻ മജീഷ്യൻ ആൻഫീൽഡിലേക്ക് ആറാം ചാമ്പ്യൻസ് ലീഗ് കൊണ്ടുവരുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement