ബ്ലാസ്റ്റേഴ്സിന്റെ ജിഷ്ണുവും സഹലും സ്പെയിനിലേക്ക്, വലൻസിയയിൽ പരിശീലനം

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ എത്തിയ ഏറ്റവും പുതിയ ടാലന്റുകളായ ജിഷ്ണു ബാലകൃഷ്ണനും സഹൽ അബ്ദുൽ സമദിനും മികച്ച പരിശീലനത്തിന് അവസരം ഒരുങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇവരെ പരിശീലനത്തിനായി സ്പാനിഷ്‌ ലീഗിലെ വമ്പൻ ക്ലബായ വലൻസിയയിലേക്ക് അയക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് വലൻസിയയുമായി കൈകോർക്കുന്നതിനെ പറ്റി ചർച്ചകൾ നടത്തിയിരുന്നു. ഇതിനായി കേരള ബ്ലാസ്റ്റേഴ്സ് പുതിയ സി ഇ ഒ വരുൺ ത്രിപുരനേനി സ്പെയിനിൽ എത്തി വലൻസിയ ക്ലബ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. വരുന്ന മാസം വലൻസിയ അധികൃതർ കേരളത്തിൽ എത്തിയ ശേഷം കേരള ബ്ലാസ്റ്റേഴ്സുമായി ചേർന്നു പ്രവർത്തിക്കുന്നത് ഔദ്യോഗികമായി അറിയിക്കും.

ഈ കൂട്ടുകെട്ടിന്റെ ഭാഗമായാകും ഐ എസ് എൽ തുടങ്ങുന്നതിനു മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ വലൻസിയ ക്ലബിൽ പരിശീലനത്തിന് അയക്കുക. ജിഷ്ണുവിനെയും സഹലിനേയും മൂന്നു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ രണ്ടു താരങ്ങളെ കൂടാതെ കുറച്ച് യുവതാരങ്ങളെ കൂടെ കേരള ബ്ലാസ്റ്റേഴ്സിക് എത്തിക്കാൻ ക്ലബ് അധികൃതർ ശ്രമിക്കുന്നുണ്ട്. പുതുതായി വരുന്നവർക്കും സ്പെയിനിൽ പരിശീലനത്തിന് സൗകര്യം ഒരുങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial