മലപ്പുറത്തിന്റെ സഫ്വാൻ ഇനി വിവാ ചെന്നൈയിൽ

- Advertisement -

ലെഫ്റ്റ് ബാക്കായ യുവതാരം സഫ്വാൻ ഈ‌ സീസണിൽ ചെന്നൈയിലാകും പന്തുതട്ടുക എന്ന് ഉറപ്പായി. ചെന്നൈയുടെ പുതിയ പ്രതീക്ഷയായി വളരുന്ന വിവാ ചെന്നൈ ക്ലബാണ് മലപ്പുറം സ്വദേശിയായ യുവ ഡിഫൻഡർ സഫ്വാനെ സ്വന്തമാക്കിയത്. ചെന്നൈയിൽ ഇത് സഹ്വാന്റെ രണ്ടാം ക്ലബാണ് നേരത്തെ ചെന്നൈ യുണൈറ്റഡ് ക്ലബിനു വേണ്ടിയും സഫ്വാൻ ബൂട്ടു കെട്ടിയിട്ടുണ്ട്.

മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ അദ്ബുൽ കരീം ഫാത്തിമ ദമ്പതികളുടെ മകനാണ് സഫ്വാൻ. ഫസ്ഫാരി യുപി സ്കൂളിൽ മൊറയൂർ സ്വദേശിയായ നിഷാദ് സാറിന്റെ കോച്ചിംഗിലായിരുന്നു ഫുട്ബോളിലെ ആദ്യ ചുവട് സഫ്വാൻ വെച്ചത്. പിന്നീട് വിഷൻ ഇന്ത്യയിൽ സാജിറുദ്ദീൻ കോച്ചിന്റെ കീഴിലെത്തി. അഞ്ചു വർഷത്തോളം സാജിറുദ്ദീൻ കോച്ചിന്റെ കീഴിലായിരുന്നു സഫ്വാന്റെ പരിശീലനം.

ഒമ്പതാം ക്ലാസിൽ വെച്ച് എം എസ് പി മലപ്പുറത്തിൽ സെലക്ഷൻ കിട്ടി. പ്ലസ്ടു കാലഘട്ടം വരെ എം എസ് പിയുടെ ടീമിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു. ബിനോയ് സാറായിരുന്നു അവിടെ സഫ്വാനെ പരിശീലിപ്പിച്ചത്. പൂനെയിൽ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ നടത്തുന്ന അക്കാദമിയുടെ ഭാഗവുമായിട്ടുണ്ട് സഫ്വാൻ. ഒരു വർഷത്തോളം കാലം ഇംഗ്ലീഷ് പരിശീലകരുടെ കീഴിൽ ലിവർപൂൾ അക്കാദമിയിൽ പരിശീലനം നേടിയിരുന്നു ഈ മലപ്പുറംകാരൻ.

പിന്നീട് എൻ എസ് എസ് കോളേജിൽ ബിരുദ പഠനത്തിനെത്തിയ സഫ്വാൻ വീണ്ടും തന്റെ പഴയ കോച്ചായ സാജിറുദ്ദീനൊപ്പം എത്തി. ചെന്നൈ യുണൈറ്റഡിൽ രാമൻ വിജയൻ സാറിന്റെ പരിശീലനത്തിനു കീഴിലും കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിന്റെ ജേഴ്സിയിൽ ബിനോ ജോർജ്ജ് സാറിന്റെ കീഴിലും സഫ്വാൻ കളിച്ചിട്ടുണ്ട്‌.

ഡി എസ് കെ ശിവജിയൻസിനു വേണ്ടി അണ്ടർ 19  ഐ ലീഗിലും കളിച്ചിട്ടുണ്ട്.  നിരവധി ഏജ് ഗ്രൂപ്പുകളിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചിട്ടുള്ള സഫ്വാൻ ഒരിക്കൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പിലും എത്തിയിട്ടുണ്ട്. ഇപ്പോൾ രണ്ടാം വർഷ ബികോം വിദ്യാർത്ഥി കൂടിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement