സബീത്തിന് ഇരട്ടഗോൾ; കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് കനത്ത തോൽവി

- Advertisement -

സെക്കൻഡ് ഡിവിഷൻ അരങ്ങേറ്റത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത പരാജയം. ഇന്ന് കലൂരിൽ സ്വന്തം കാണികൾക്ക് മുന്നിൽ കർണാടക ക്ലബായ ഓസോണിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെട്ടത്‌. മലയാളി താരം സബീതിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ഇത്ര വലിയ പരാജയം നൽകിയത്.

ആദ്യ പകുതിയിലായിരുന്നു ഓസോണിന്റെ നാലു ഗോളുകളും പിറന്നത്. പെനാൾട്ടിയിലൂടെ ബ്രസീലിയൻ താരം റോബേർട്ടെ ഡിസൂസയാണ് ഓസോണിന് ആദ്യ ഗോൾ നേടികൊടുത്തത്. ഡിസൂസയുടെ അസിസ്റ്റിൽ നിന്നായിരുന്നു കളിയിലെ രണ്ടാം ഗോൾ പിറന്നതും. ഡിസൂസയുടെ പാസ് സ്വീകരിച്ച സബീതിന് ടാപിൻ ചെയ്യേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. സബീതിന്റെ രണ്ടാം ഗോൾ മികച്ചൊരു സോളോ റണ്ണിലൂടെ ആയിരുന്നു. സബീതിനൊപ്പം ഡിസൂസയും ഇരട്ട ഗോളടിച്ച് ആദ്യ പകുതി പിരിയുമ്പോൾ 4-0 എന്ന ലീഡ് ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ റിസ്വാൻ അലിയിലൂടെ ആണ് ബ്ലാസ്റ്റേഴ്സ് ആശ്വാസ ഗോൾ നേടിയത്. ഒരു ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു മുൻ ഗോകുലം എഫ് സി താരമായിരുന്ന റിസ്വാന്റെ ഗോൾ. മാർച്ച് 20ന് ഫതേഹ് ഹൈദരബാദിനോടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement