റുമൈസിന്റെ പരിക്ക് മലപ്പുറത്തിന്റെ കൗമാര ലോക കപ്പ് നഷ്ടം

- Advertisement -

കൗമാര ലോക കപ്പാവേശം കൊച്ചിയടക്കം ഇന്ത്യയിലെ വൻ നഗരങ്ങളിൽ തിരതല്ലുമ്പോൾ അരീക്കോട്ടുകാരൻ റുമൈസ് കൈതറയെ മലപ്പുറത്തെയും കേരളത്തിലെയും ഫുട്ബോൾ പ്രേമികൾ മാക്കാനിടയില്ല. ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ പതിനേഴ് ലോക കപ്പ് ഫുട്ബോൾ 2017 ന് നാല് വർഷം മുമ്പ് തന്നെ ഗോവയിൽ ആരംഭിച്ച അൻപതംഗ ഇന്ത്യൻ ടീം ക്യാമ്പിൽ ഉണ്ടായിരുന്ന പതിനൊന്ന് മലയാളികളിൽ ടീമിലിടം കിട്ടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പേരായിരുന്നു റുമൈസ് കൈതറയുടേത്. എന്നാൽ ക്യാമ്പിൽ തന്റെ മാറ്റു തെളിയ്ക്കുന്നതിനിടയിൽ ഓരോ ഘട്ടത്തിലും ഏറ്റുകൊണ്ടിരുന്ന പരിക്കുകളാണ് റുമൈസിന്റയും അരീക്കോടിന്റെയും അത് വഴി മലപ്പുറത്തിന്റെയും ലോക കപ്പ് സ്വപ്നങ്ങൾക്ക് വിനയായതും, ഇപ്പോൾ ഇന്ത്യൻ ടീമിൽ കേരളത്തിന്റെ ഏക പ്രതിനിധിയായുള്ള കെ.പി രാഹുലിന് ടീമിൽ ഒരു മലയാളി കൂട്ടില്ലാതെ പോയതിന് കാരണമായതും. ഇരുവരും ഗ്രൗണ്ടിലും പുറത്തും ഏറ്റവും ഒത്തിണക്കം കാട്ടിയിരുന്ന കൂട്ടുകാരായിരുന്നു.

ആറാം വയസ്സിൽ മുൻ സന്തോഷ് ട്രോഫി കേരളാ ടീം ക്യാപ്റ്റൻ ജസീർ കരണത്തിന്റെ ശിക്ഷണത്തിൽ അരീക്കോട് സെപ്റ്റിലൂടെയാണ് കൈതറ ബഷീർ – റംല ദമ്പതികളുടെ ഇളയ മകൻ റുമൈസ് ബൂട്ടണിഞ്ഞ് തുടങ്ങിയത്. മലപ്പുറം ജില്ലയ്ക്കും കേരളത്തിനും വേണ്ടി മിക്കവാറും എല്ലാ ഏജ് കാറ്റഗറി ടൂർണ്ണമെന്റുകളിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു റുമൈസ്.

2012 ലെ ദുബൈ സൂപ്പർ കപ്പ് ടൂർണ്ണമെന്റിൽ റണ്ണറപ്പായ കേരളാ സെപ്റ്റ് ടീമിലും, 2014 ലെ ബി.സി റോയ് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിലും അംഗമായിരുന്നു റുമൈസ്. 2012 ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളാ സബ് ജൂണിയർ ടീം ക്യാപ്റ്റനായ റുമൈസ് ആ വർഷത്തെ കെ.എഫ്.എ ബെസ്റ്റ് സബ് ജൂണിയർ പ്ലയർ അവാർഡ് ജേതാവുമായി.

ഇതിനിടയിൽ ജർമ്മനിയിൽ ബയേൺ മ്യൂണിക്ക് ടീമിൽ സ്കോളർഷിപ്പോടെ ഫുട്ബോൾ പരിശീലനത്തിനും പoനത്തിനും ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ച അഞ്ച് പേരിൽ ഒരാളായിരുന്ന റുമൈസ് ജർമ്മനിയിൽ നിന്ന് അണ്ടർ പതിനാറ് സാഫ് ഗെയിംസ് 2015, അണ്ടർ പതിനേഴ് ലോക കപ്പ് 2017 എന്നിവക്കായുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു. എന്നാൽ ഈ ക്യാമ്പുകളിൽ വച്ചാണ് റുമൈസിനെ പരിക്കുകൾ പിടികൂടാൻ തുടങ്ങിയതും അവസാനം മനസ്സില്ലാ മനസ്സോടെ ഇന്ത്യൻ പരിശീലകർ റുമൈസിനെ വിശ്രമത്തിനയച്ചതും.

ഏതായാലും മലപ്പുറത്തിനും കേരളത്തിനും താൻ വഴി കയ്യെത്തും ദൂരത്ത് വരെ എത്തിയ ലോക കപ്പ് സ്വപ്നങ്ങൾ പൊലിഞ്ഞു പോയെങ്കിലും, ലോകകപ്പ് ക്യാമ്പ് കാലത്ത് ഫാറൂഖ് കോളജ് ക്യാമ്പസ് സ്കൂളിലും മലപ്പുറം എം.എസ്.പി സ്കൂളിലുമായിരുന്ന റുമൈസ് ഇപ്പോൾ കോട്ടയം ബസേലിയസ് കോളജിൽ ബിരുദ പoനത്തോടൊപ്പം ശക്തരായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നിരയിൽ കോച്ച് രഞ്ജിത്തിന്റെ കീഴിൽ കഠിന പരിശീലനത്തിലൂടെ ഇനിയൊരു ലോക കപ്പിലോ, സാഫ് കപ്പിലോ, ഏഷ്യൻ കപ്പിലോ രാജ്യത്തിനായി കളിച്ച് സ്വന്തം നാടിനഭിമാനമാകാനുള്ള തീവ്ര യജ്ഞത്തിലാണ്.

ഇപ്പോൾ നടക്കുന്ന അണ്ടർ പതിനേഴ് ലോക കപ്പിലെ മലയാളി കെ.പി രാഹുലടക്കമുള്ള തന്റെ കൂട്ടുകാർക്ക് വിജയാശംകളും പ്രാർത്ഥനകളും നേരുന്ന റുമൈസ് ഭാഗ്യം കൂടി ഉണ്ടായിരുന്നു എങ്കിൽ ഈ ലോക കപ്പിൽ ഇപ്പോൾ തന്നെ‌ തന്റെ കൂട്ടുകാർ അട്ടിമറി വീരൻമാരാകുമായിരുന്നേനെ എന്നും അവസാന മത്സരത്തിൽ ഘാനക്കെതിരെ അവരത് തീർച്ചയായും തെളിയ്ക്കുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement