Picsart 23 03 04 19 18 59 808

ചരിത്രം കുറിച്ച് പഞ്ചാബ് എഫ് സി, ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടുന്ന ആദ്യ ടീം

റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി ചരിത്രം കുറിച്ചു. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടുന്ന ആദ്യ ടീമായി പഞ്ചാബ് എഫ് സി മാറി. ഇന്ന് അവർ രാജസ്ഥാൻ യുണൈറ്റഡിൻവ് തോൽപ്പിച്ചതോടെ അവർ ഐ ലീഗ് കിരീടം ഉറപ്പിച്ചു. ഇതോടെയാണ് പ്രൊമോഷനും ഉറപ്പായത്. ഈ സീസൺ മുതൽ ഐ ലീഗ് ചാമ്പ്യന്മർക്ക് പ്രൊമോഷൻ ലഭിക്കും എന്ന് എ ഐ എഫ് എഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്ന് രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പഞ്ചാബ് തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ 16ആം മിനുട്ടിൽ ചെഞ്ചോയും 41ആം മിനുട്ടിൽ ലൂകയും ആണ് പഞ്ചാബിനായി ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ഹുവാൻ മേരയും ഹിമിങ്തങ്മാവുയയും കൂടെ ഗോൾ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ പഞ്ചാബിന് 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റ് ആയി. രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് ഇനി ബാക്കിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചാലും 47 പോയിന്റ് മാത്രമെ ആകു. ഇതോടെയാണ് കിരീടം ഉറപ്പായത്. മിനേർവ പഞ്ചാബ് റണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സി ആയി മാറിയതിനു ശേഷമുള്ള ആദ്യ ഐ ലീഗ് കിരീടമാണിത്. മലയാളി താരം മൊഹമ്മദ് സലാ പഞ്ചാബ് എഫ് സി ടീമിൽ ഉണ്ട്.

Exit mobile version