റൂണി ദേശീയ ടീമിന് പുറത്ത്

ഇംഗ്ലീഷ് ഫുട്ബോളിൽ വെയ്ൻ റൂണി യുഗം അവസാനിക്കുകയാണെന്ന സൂചനയാണ് അവിടെ നിന്നുള്ള വാർത്തകളിൽ നിന്ന് വരുന്നത്. ഇംഗ്ലണ്ടിന്റെ വോൾഡ് കപ്പ് യോഗ്യത, ഫ്രാൻസിനെതിരെയുള്ള സൗഹൃദ മത്സരം എന്നിവക്കായുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്യാപ്‌റ്റൻ വെയ്ൻ റൂണിക്ക് ഇടമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരമായി കളിക്കാൻ സാധിക്കാതെ പോയതാണ് റൂണിക്ക് ദേശീയ ടീമിൽ ഇടം നഷ്ട്ടമാവാൻ കാരണം. ഈ സീസണിൽ വളരെ ചുരുക്കം മത്സരങ്ങളിൽ മാത്രമാണ് റൂണിക്ക് യൂണൈറ്റഡിനായി കളിക്കാനായത്. തന്റെ പ്രതാപകാലത്തിന്റെ അടുത്തെങ്ങും എത്താൻ പറ്റാതെ പോയ പ്രകടനമാണ് ഈ സീസണിൽ റൂണി നടത്തിയത്. സീസൺ അവസാനത്തോടെ റൂണി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും എന്ന സൂചനകൾക്കിടയിലാണ് ഗാരേത് സൗത്ത് ഗേറ്റ് റൂണിയെ പുറത്താക്കി തന്റെ ടീമിനെ പ്രഖ്യാപിച്ചത്.

പരിശീലകൻ ഗാരേത് സൗത്ത് ഗേറ്റ് പ്രഖ്യാപിച്ച ടീമിൽ ടോട്ടൻഹാം താരം ട്രിപ്പിയർ പുതുമുഖമാണ്. വെസ്റ്റ് ഹാം താരം ആരോൻ ക്രെസ് വെല്ലും ടീമിൽ ഇടം കണ്ടു. നിലവിൽ ഹാരി കെയ്ൻ, ജേർമൈൻ ഡിഫോ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയുള്ള സ്‌ട്രൈക്കേഴ്‌സ്. റൂണിയുടെ സഹതാരം 21 കാരൻ മാർകസ് രാഷ്ഫോർഡും ടീമിൽ ഇടം കണ്ടെത്തി.