
എവർട്ടനിലേക്കുള്ള മടക്കം ഗോളടിച്ചു ആഘോഷമാക്കി വെയ്ൻ റൂണിയും ആഴ്സണലിന് വേണ്ടിയിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് ലകസേറ്റയും അരങ്ങേറി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എവർട്ടനിലേക്ക് മാറിയ റൂണി കളിച്ച ആദ്യ കളിയിൽ തന്നെ 25 വാര അകലെ നിന്ന് നേടിയ ഗോളോടെയാണ് തന്റെ കരിയറിലെ പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചത്. കെനിയൻ ടീമായ ഗോർ മാഹിയായുമായുള്ള സൗഹൃദ മത്സരത്തിലായിരുന്നു റൂണിയുടെ ഗോൾ പിറന്നത്. ടാൻസാനിയായിൽ പ്രീ സീസൺ പര്യടനത്തിലുള്ള എവർട്ടൻ ടീമിനൊപ്പമാണ് റൂണി ഇപ്പോൾ. 2002 ഇൽ എവർട്ടന് വേണ്ടി റൂണി നേടിയ ആദ്യ ഗോളിനോട് സമാനമായിരുന്നു ഈ ഗോൾ. മത്സരത്തിൽ എവർട്ടൻ 2-1 ന് ജയിച്ചു.
തനിക്ക് വേണ്ടി മുടക്കിയ എക്കാലത്തെയും വലിയ തുക വെറുതെയാവില്ല എന്ന പ്രതീക്ഷകൾ ആഴ്സണലിനും ആരാധകർക്കും നൽകിയാണ് ഫ്രഞ്ച് സ്ട്രൈക്കർ അലക്സ്സാന്ദ്രേ ലകസറ്റേയും അരങ്ങേറ്റം കുറിച്ചത്. പ്രീ സീസൺ മത്സരങ്ങൾക്കായി ഓസ്ട്രേലിയയിൽ ഉള്ള ആഴ്സണൽ സിഡ്നി എഫ് സി യുമായി കളിച്ച സൗഹൃദ മത്സരത്തിലാണ് ലകസറ്റേ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇറങ്ങിയ താരം ഏറെ വൈകാതെ തന്റെ ഇംഗ്ലീഷ് ടീമിനായുള്ള ആദ്യ ഗോൾ നേടി. മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത 2 ഗോളിന് ജയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial