
ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള ദി ബെസ്ററ് അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. റയൽ മാഡ്രിഡിന് വേണ്ടി ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യമായി ഫിഫ ദി ബെസ്ററ് അവാർഡ് നൽകിയപ്പോൾ ക്രിസ്റ്റ്യാനോ ആയിരുന്നു ജേതാവ്. സിദാന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച റൊണാൾഡോ മെസ്സിയെയും നെയ്മറിനെയും പിന്തള്ളിയാണ് വിജയിയായത്.
എല്ലാ മത്സരങ്ങളുമായി 55 ഗോളാണ് കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ അടിച്ചു കൂട്ടിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവന്റസിനെ 4-1ന് തോൽപ്പിച്ചപ്പോൾ രണ്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ രണ്ടു പാദങ്ങളിലുമായി ബയേൺ മ്യൂണിക്കിനെതിരെ 5 ഗോളും സെമിയിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ മൂന്ന് ഗോളും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നു.
മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ആഴ്സണൽ ഫോർവേഡും ഫ്രഞ്ച് താരവുമായ ഒലിവിയർ ജിറൂദ് നേടി. മികച്ച കോച്ചിനുള്ള പുരസ്ക്കാരം റയൽ മാഡ്രിഡിന് കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗും ലാ ലീഗയും നേടി കൊടുത്ത സിദാനാണ്. ചെൽസി കോച്ച് അന്റോണിയോ കൊണ്ടേയെയും യുവന്റസ് കോച്ച് മാസിമിലാനോ അല്ലെഗ്രിയെയും പിന്തള്ളിയാണ് സിദാൻ വിജയിയായത്. മികച്ച വനിത കോച്ചിനുള്ള പുരസ്കാരം ഡച്ച് കോച്ച് സറീന വീഗ്മൻ നേടി. നെതർലണ്ടിനെ യൂറോപ്യൻ ചാമ്പ്യനാക്കിയതാണ് സറീനക്ക് അവാർഡ് നേടി കൊടുത്തത്.
മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം യുവന്റസ് ഗോൾ കീപ്പർ ബുഫൺ നേടി, റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്ലോർ നവാസിനെയും ബയേൺ മ്യൂണിക് ഗോൾ കീപ്പർ മാനുവൽ ന്യൂയറിനെയും പിന്തള്ളിയാണ് ബുഫൺ വിജയിയായത്.
മികച്ച ഫുട്ബോൾ ഫാൻസിനുള്ള അവാർഡ് സെൽറ്റിക് എഫ് സിയുടെ ടീമിന്റെ ആരാധക സംഘത്തിനാണ് ലഭിച്ചത്. യൂറോപ്യൻ വിജയത്തിന്റെ 58ആം വാർഷികത്തോട് അനുബന്ധിച്ച് ഗാലറിയിൽ ഒരുക്കിയ പ്രദര്ശനം ആണ് അവാർഡിന് അർഹനാക്കിയത്.
ഫിഫ ഫെയർ പ്ലേ അവാർഡ് ഫ്രാൻസിസ് കൊണേ നേടി. എതിർ ടീമിലെ പരിക്കേറ്റ ഗോൾ കീപ്പർക്ക് അവസരോചിതമായി ചികിത്സ നൽകിയതിനാണ് അവാർഡ്. മികച്ച വനിത ഫുട്ബോൾ താരത്തിനുള്ള അവാർഡ് നെതർലാൻഡ് താരം ലീക്ക മാർട്ടിൻസ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial