Picsart 22 12 31 13 43 04 724

റൊണാൾഡോയ്ക്ക് വിലക്കാണ്, അൽ നാസറിനായുള്ള അര‌ങ്ങേറ്റം വൈകും

ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബായ അൽ നാസറിൽ എത്തി എങ്കിലും അദ്ദേഹത്തിന്റെ അരങ്ങേറ്റം ഏറെ വൈകും. റൊണാൾഡോക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ഉള്ളതിനാൽ താരം തിരികെ കളത്തിൽ എത്താൻ കാത്തിരിക്കേണ്ടതുണ്ട്.

ഇംഗ്ലീഷ് എഫ് എയുടെ വിലക്ക് ആണ് സൗദിയിലും റൊണാൾഡോക്ക് പ്രശ്നം ആകുന്നത്. കഴിഞ്ഞ സീസൺ അവസാനം എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ഒരു ആരാധകനോട് മോശമായി പെരുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ ഇംഗ്ലീഷ് എഫ് എയുടെ നടപടി എടുത്തിരുന്നു. റൊണാൾഡോ തെറ്റ് ചെയ്തതായി കണ്ടെത്തിയ എഫ് എ താരത്തെ രണ്ട് മത്സരത്തിൽ നിന്ന് വിലക്കാനും 50,000 പൗണ്ട് പിഴ ഇടാനും കഴിഞ്ഞ മാസം ആണ് തീരുമാനിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടെങ്കിലും റൊണാൾഡോ ഏത് ലീഗിലേക്ക് പോയാലും ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാൻ ആകില്ല എന്ന് എഫ് എ അറിയിച്ചിരുന്നു.

എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടിച്ച് താഴെ ഇടുന്ന വീഡിയോ അന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. എവർട്ടണ് എതിരായ പരാജയത്തിന്റെ നിരാശയോടെ റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് പോകവെ ആയിരുന്നു ഒരു പ്രകോപനവും ഇല്ലാതെ ഒരു യുവ ആരാധകന്റെ കയ്യിലെ ഫോൺ ക്രിസ്റ്റ്യാനോ ഇടിച്ചു താഴെ ഇട്ടത്‌

റൊണാൾഡോ അൽ നാസറിന് ഒപ്പം ചേർന്നാലും ആദ്യ രണ്ട് മത്സരങ്ങൾ വിലക്ക് കാരണം കളിക്കാൻ ആകില്ല. സൗദി മാധ്യമങ്ങൾ പറയുന്ന പ്രകാരം ജനുവരി 5ന് അൽ തയെക്ക് എതിരായ മത്സരവും ജനുവരി 14ന് നടക്കുന്ന അൽ ശബാബിന് എതിരായ മത്സരവും റൊണാൾഡോക്ക് വിലക്ക് കാരണം നഷ്ടമാകും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്ക് എതിരെ നടക്കുന്ന മത്സരം ആകും റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റ മത്സരം.

Exit mobile version