റൊണാള്‍ഡോയ്ക്ക് ഇതെന്തു പറ്റി!?

ഫിഫയുടെ ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ക്കുളള ട്രോഫി മെസ്സിയെയും നെയ്മറെയും പിന്തള്ളി റൊണാള്‍ഡോ സ്വന്തമാക്കുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് മുപ്പത്തിരണ്ട്. 6 അടി 2 ഇഞ്ച് ഉയരമുള്ള ഈ പോര്‍ച്ചുഗീസ് താരം കഠിനാധ്വാനത്തിലൂടെ ലോകം കീഴടക്കിയ കളിക്കാരനാണെന്ന് പറയാം. തുടര്‍ച്ചയായി രണ്ടുതവണ ലയണല്‍ മെസ്സി ലോക ഫുട്‌ബോളര്‍ക്കുള്ള ട്രോഫി സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോ കൈയുംകെട്ടി നോക്കിനിന്നില്ല. ട്രോഫികള്‍ തന്റെ ഷെല്‍ഫിലെത്തിക്കാനുള്ള ആഗ്രഹത്താല്‍ കഠിനാധ്വാനംചെയ്ത് കടമ്പകളോരോന്നായി കീഴടക്കി. പ്രായം തന്നെ തളര്‍ത്തിയിട്ടില്ലെന്ന ഉറപ്പോടെ നേട്ടങ്ങളോരോന്നായി വെട്ടിപ്പിടിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലിന് യൂറോകപ്പ് നേടിക്കൊടുത്തു. ആ ഫൈനലില്‍ കാലിനു പരിക്കേറ്റ് പുറത്തുപോകുമ്പോള്‍ റോണാള്‍ഡോ ഉതിര്‍ത്ത കണ്ണീരില്‍ ലോകം വിതുമ്പി. കാര്‍ഡിഫില്‍ യുവന്റസിനെ തകര്‍ത്ത് റയലിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കീരീടവും ലാ-ലീഗ കിരീടവും നേടിക്കൊടുത്ത് ഈ വയസ്സിലും തനിക്കു മുമ്പില്‍ എതിരാളികളില്ലെന്ന് കാണിച്ചുകൊടുത്തു. ഈ വര്‍ഷവും ട്രോഫി സ്വന്തമാക്കിയത്തോടെ കരിയറില്‍ അഞ്ചാം തവണയും ലോകഫുട്‌ബോളറായി മെസ്സിയുടെ തോളോടൊപ്പമെത്തി.

എന്നാല്‍ ഈ വര്‍ഷം നിലവിലെ ചാമ്പ്യന്‍മാരായ റയലിന്റെ സ്ഥിതി തീര്‍ത്തും മോശമാണ്. ഒന്നാം സ്ഥാനക്കാരായ ബാര്‍സലോണയുമായി പത്ത് പോയന്റിന്റെ വ്യത്യാസം. ബെയിലിനും കര്‍വഹാലിനും ഇസ്‌ക്കോക്കും പരിക്ക്. ചെറിയ ടീമിനു മുമ്പില്‍പോലും അടിപതറുന്ന സ്ഥിതി.

ആറു മത്സരങ്ങളില്‍ 630 മിനുട്ട് കളിച്ച റൊണാള്‍ഡോ റയലിന് വേണ്ടി ഒരു ഗോളാണ് നേടിയത്, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ റോണാള്‍ഡോ ഗോള്‍മുഖത്ത് പലപ്പേഴും പതറുന്ന കാഴ്ചക്ക് ലോകം സാക്ഷിയായി.

ഈ അവസരങ്ങളില്‍ റോണാള്‍ഡോ പിഎസ്ജിയിലേക്കോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ വില്‍ക്കപ്പെടുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. കൂടെ റയല്‍ റോണാള്‍ഡേയെ ഒഴിവാക്കി നെയ്‌മെറെ സ്വന്തമാക്കുമെന്ന വാര്‍ത്തയും പരക്കുന്നുണ്ട്.

ചരിത്രം എന്നും അങ്ങനെയാണ്, ഇതിഹാസങ്ങള്‍ അവസാന കാലങ്ങളില്‍ തലതാഴ്ത്തി മടങ്ങാറുണ്ട്! ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും മിന്നല്‍ വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ റൊണാള്‍ഡോ ഇങ്ങനെയല്ലായിരുന്നു. ആരാധകരില്‍നിന്ന് ഏറെ പഴികേട്ട റൊണാള്‍ഡോ സടക്കുടഞ്ഞെഴുന്നേറ്റ ഒരു സിംഹത്തെപ്പേലെ എതിര്‍മുഖത്തിലേക്ക് നിരന്തരം ആക്രമണം നടത്തി റയലിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തുകൊണ്ട് ലോകത്തോട് ക്രിസ്റ്റിയാനോ ചോദിക്കുന്നു – ‘ഇനി എന്ത് നല്‍കണം ഞാൻ’.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ വിജയത്തിനായി ആന്ദേർലെക്ട്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ ബയേൺ
Next articleപൊള്ളാര്‍ഡിനു പിഴച്ചു, ധാക്കയെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്