Picsart 23 08 15 01 35 10 537

റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ അൽ നസറിന് പരാജയം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ അൽ നസറിന് ലീഗിലെ ആദ്യ മത്സരത്തിൽ പരാജയം. ഇന്ന് ജെറാഡിന്റെ ക്ലബായ അൽ ഇത്തിഫാഖിനെ നേരിട്ട അൽ നസർ ഒന്നിനെതിരെ 2 ഗോളുകളുടെ പരാജയം ആണ് വഴങ്ങിയത്. ഇത്തിഫാഖിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അൽ നസർ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. നാലാം മിനുട്ടിൽ സാഡിയോ മാനെയിലൂടെ ആയിരുന്നു അൽ നസർ ലീഡ് എടുത്തത്.

ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ അൽ നസറിനായി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 47ആം മിനുട്ടിൽ ക്വൊയ്സണിലൂടെ ഇത്തിഫാഖ് സമനില നേടി. അധികം വൈകാതെ ഇത്തിഫാഖ് ലീഡും നേടി. 53ആം മിനുട്ടിൽ മൗസ ഡെംബലെ ആയിരുന്നു വിജയ ഗോളായി മാറിയ രണ്ടാം ഗോൾ നേടിയത്.

റൊണാൾഡോ, ബ്രൊസോവച്, ഫൊഫാന, ടെല്ലസ് എന്നിവർക്ക് വിശ്രമം നൽകിയായിരുന്നു അൽ നസർ ഇന്ന് ഇറങ്ങിയത്. അതാണ് അൽ നസറിന് തിരിച്ചടിയായി. ജെറാഡ് പരിശീലിപ്പിക്കുന്ന ഇത്തിഫാഖിനായി ഹെൻഡേഴ്സൺ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

Exit mobile version