ഇറ്റലിയിൽ നാണം കെട്ട് ചെൽസിയും കോണ്ടേയും

ചെൽസിയുമായി സ്വന്തം നാടായ ഇറ്റലിയിലേക്ക് ചെന്ന അന്റോണിയോ കോണ്ടേക്ക്‌ നാണക്കേടിന്റെ ദിനം സമ്മാനിച് റോമ ചെൽസിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചു. മത്സരത്തിന്റെ സർവ മേഖലകളിലും ചെൽസിയെ തറ പറ്റിച്ച റോമക്ക് വേണ്ടി എൽശരാവി രണ്ടും, പറേറ്റോ ഒരു ഗോളും നേടി. ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് സി യിൽ റോമ ഒന്നാമതെത്തി. പ്രതിരോധത്തിലെ വൻ പിഴവുകളാണ് ചെൽസിക്ക് കനത്ത പരാജയം സമ്മാനിച്ചത്.

പ്രീമിയർ ലീഗിൽ വിശ്രമം അനുവദിച്ച ഗാരി കാഹിൽ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ആസ്പിലിക്വറ്റ റൈറ്റ് വിങ് ബാക്ക് പൊസിഷനിലേക്ക് മാറി. മത്സരം തുടങ്ങി 39 ആം സെക്കൻഡിൽ തന്നെ റോമ ലീഡ് നേടി. എൽശരാവിയുടെ ഷോട്ട് വലയിൽ പതിച്ചപ്പോൾ ചെൽസി ആദ്യ മിനുട്ടിൽ തന്നെ പിറകിലായി. പക്ഷെ പിന്നീട് ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ച ഈഡൻ ഹസാർഡ് ചെൽസിയുടെ സമനില ഗോൾ കണ്ടെത്തും എന്ന് ഉറപ്പിച്ചിരിക്കെ റോമ രണ്ടാം ഗോൾ നേടി. 36 ആം മിനുട്ടിൽ നൈങ്ങോലാൻ ബോക്സിലേക്ക് നൽകിയ പാസ്സ് ക്ലിയർ ചെയാതെ റൂഡിഗർ വിട്ട അവസരം മുതലെടുത്ത് എൽശരാവി വീണ്ടും ഗോൾ നേടി. റോമ 2 ഗോളുകൾക്ക് മുന്നിൽ. പിന്നീട് ആദ്യ പകുതിയുടെ അവസാനം വരെ ഇരു ടീമുകൾക്കും കാര്യമായി ഒന്നും ചെയാനായില്ല.

രണ്ടാം പകുതിയിലും കാര്യങ്ങൾ ചെൽസിക്ക് അനുകൂലമായിരുന്നില്ല. 62 ആം മിനുട്ടിൽ റോമ വീണ്ടും ചെൽസി വല കുലുക്കി. ബോക്സിന് പുറത്തുനിന്നുള്ള മികച്ച ഷോട്ടിലൂടെ പരോട്ടിയാണ് ഗോൾ നേടിയത്. മൂന്ന് ഗോളുകൾക്കും പിന്നിലായിട്ടും ചെൽസി കളിക്കാർ ഉണർന്ന് കളിക്കാതായതോടെ റോമക്ക് കാര്യങ്ങൾ എളുപ്പമായി. പിന്നീടും മികച്ച ഷോട്ടുകളിലൂടെ റോമ കളം നിറഞ്ഞപ്പോൾ ചെൽസി ഗോൾ കീപ്പർ കുർട്ടോയുടെ മികച്ച സേവുകളാണ് ചെൽസിയെ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയത്.

ജയത്തോടെ 8 പോയിന്റുള്ള റോമ ചെൽസിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. 7 പോയിന്റുള്ള ചെൽസി രണ്ടാം സ്ഥാനത്താണ്. ഹോം ഗ്രൗണ്ടിൽ കരബാഗിനോട് 1-1 ന്റെ സമനില വഴങ്ങി 3 പോയിന്റ് മാത്രമുള്ള അത്ലറ്റികോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതകര്‍ച്ചയില്‍ നിന്ന് കരകയറി വെസ്റ്റിന്‍ഡീസ്, 48 റണ്‍സ് ലീഡ് നേടി
Next articleചാമ്പ്യൻസ് ലീഗ് : നാലാം മത്സരത്തിലും യുണൈറ്റഡിന് വിജയം