ആൽബർട്ട് റോക ബെംഗളൂരു എഫ് സി വിട്ടു

- Advertisement -

സ്പാനിഷ് പരിശീലകൻ ആൽബർട്ട് റോക ബെംഗളൂരു എഫ് സി ക്ലബ് വിടാൻ തീരുമാനിച്ചു. രണ്ട് വർഷത്തെ കരാർ അവസാനിക്കുന്നതോടെയാണ് ഈ തീരുമാനം റോകയും ക്ലബും ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് ഈ മുൻ ബാഴ്സലോണ അസിസ്റ്റന്റ് കോച്ചിന്റെ സ്പെയിനിലേക്കുള്ള മടക്കത്തിന് കാരണം.

കഴിഞ്ഞ ദിവസം എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിന് യോഗ്യത നേടിക്കൊടുത്ത് കൊണ്ടാണ് റോക്ക രാജകീയമായി വിടവാങ്ങുന്നത്. റോകയുടെ കീഴിൽ രണ്ട് വർഷത്തിനിടെ രണ്ട് കിരീടങ്ങൾ ബെംഗളൂരു എഫ് സി നേടിയിരുന്നു. ആദ്യ വർഷം ഫെഡറേഷൻ കപ്പും, ഈ സീസണിൽ സൂപ്പർ കപ്പും. രണ്ടു കിരീടങ്ങൾക്ക് പുറമെ എ എഫ് സി കപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമായി ബെംഗളൂരു എഫ് സിയെ മാറ്റാനും റോകയ്ക്ക് ആയി.

ഐ എസ് എല്ലിലേക്ക് ബെംഗളൂരു എഫ് സി എത്തിയപ്പോൾ ഭൂരിഭാഗം കളിക്കാരെയും നഷ്ടപ്പെട്ടിട്ടും ബെംഗളൂരു എഫ് സിയെ രാജ്യത്തിലെ മികച്ച ക്ലബായി തന്നെ നിലനിർത്താൻ സ്പാനിഷ് പരിശീലകനായി. ഈ കഴിഞ്ഞ ഐ എസ് എല്ലിൽ ലീഗിൽ ഒന്നാമതെത്താനും പ്ലേ ഓഫിൽ ഫൈനലിൽ എത്താനും ബെംഗളൂരു എഫ് സിക്കായിരുന്നു.

റോകയുടെ സംഭാവനകളെ സ്മരിക്കുന്നതായും ഭാവിയിൽ എല്ലാവിധ ആശംസകളും റോകയ്ക്ക് ക്ലബ് നൽകുന്നതായും ബെംഗളൂരു എഫ് സി ഉടമ പാർത ജിൻഡാൽ പറഞ്ഞു. ബെംഗളൂരു എഫ് സിയിലെ കാലം തന്റെ ഏറ്റവും മികച്ച ഫുട്ബോൾ നാളുകളായി എന്നും ഉണ്ടാകുമെന്ന് ആൽബർട്ട് റോക പറഞ്ഞു. ക്ലബിനെ എപ്പോഴും പിന്തുടരുമെന്നും പിന്തുണയ്ക്കുമെന്നും റോക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement