കെ ലീഗിലെ പുതിയ രാജാക്കന്മാർ ആയി വി.സി.സി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ക്വാളിഫയറിലെ ഫലം ഫൈനലിലും ആവർത്തിച്ചപ്പോൾ കവരത്തിക്ക് പുതിയ ഫുട്‌ബോൾ രാജാക്കന്മാർ. നിലവിലെ ജേതാക്കൾ ആയിരുന്ന യു.എഫ്.സിയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഒരിക്കൽ കൂടി മറികടന്നാണ് വി.സി.സി കിരീടം ഉയർത്തിയത്. തങ്ങളുടെ രണ്ടാമത്തെ മാത്രം ഫൈനൽ കളിക്കുന്ന വി.സി.സിയും കിരീടം നിലനിർത്താൻ യു.എഫ്.സിയും തുണിഞ്ഞ് ഇറങ്ങിയപ്പോൾ മത്സരം കടുത്തു. നസറുള്ളയിലൂടെ 27 മിനിറ്റിൽ മുമ്പിൽ എത്തിയ യു.എഫ്.സി മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ ആധിപത്യം നേടി. എന്നാൽ ആദ്യ പകുതിയിൽ തന്നെ 35 മിനിറ്റിൽ ഫൈസലിലൂടെ ഗോൾ തിരിച്ചടിച്ച വി.സി.സി തങ്ങൾ ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. പിന്നീട് ഗോളിനായി ഇരു ടീമുകളും അധ്വാനിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നപ്പോൾ മത്സരം പെനാൽട്ടിയിലേക്ക്.

പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആദ്യ രണ്ട് ശ്രമങ്ങൾ യു.എഫ്.സിക്കായി നസറുള്ളയും സമീറും ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ വി.സി.സിയുടെ നസീബിനും ഫൈസലിനും പിഴച്ചില്ല. എന്നാൽ ആദ്യ ക്വാലീഫയറിലെ ഭൂതം യു.എഫ്.സി താരങ്ങളെ പിന്തുടർന്നപ്പോൾ മൂന്നും നാലും പെനാൽട്ടി കിക്ക് എടുത്ത സാഹിലിനും അനുവറിനും പിഴച്ചു. എന്നാൽ വി.സി.സിക്കായി തങ്ങളുടെ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ച സിയാബും തഫ്രൂക്കും മത്സരവും കിരീടവും വി.സി.സിക്ക് സമ്മാനിച്ചു. തോറ്റെങ്കിലും മത്സരത്തിൽ നിറഞ്ഞു കളിച്ച യു.എഫ്.സിയുടെ പരിചയസമ്പന്നനായ നസറുള്ളയായിരുന്നു മത്സരത്തിലെ താരം. ടൂർണമെന്റിലും മികച്ച പ്രകടനം നടത്തിയ നസറുള്ള കെ ലീഗിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ക്വാളിഫയറിലും ഫൈനലിലും പെനാൽട്ടി ഷൂട്ട് ഔട്ട് അടക്കം മറികടന്ന വി.സി.സിയുടെ സിയ മുബാറകിനെ ആണ് കെ ലീഗിലെ ഈ വർഷത്തെ മികച്ച ഗോൾ കീപ്പർ ആയി തിരഞ്ഞെടുത്തത്. വി.സി.സിയുടെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച യുവ താരം തഫ്രൂക്ക് ടൂർണമെന്റിലെ മികച്ച യുവതാരം ആയപ്പോൾ അഷ്ഹദുവിനായി ഗോളടിച്ച് കൂട്ടിയ ഹാഷിം കെ ലീഗിലെ ടോപ്പ് സ്‌കോറർ ആയി. സമീപകാലത്തിൽ എന്ന പോലെ മികച്ച വിജയം തന്നെയായിരുന്നു കെ ലീഗ് ഇത്തവണയും. അടുത്ത വർഷം ടീമുകൾ വിപുലീകരിച്ചും മറ്റ് ദ്വീപുകളിൽ നിന്ന് ടീമുകളെ ക്ഷണിച്ചും കെ ലീഗ് കുറച്ച് കൂടി ആവേശകരമാക്കാൻ സംഘാടകർ ഒരുങ്ങുമോ എന്നു കണ്ടറിയണം. അല്ലെങ്കിൽ കെ ലീഗ് മാതൃകകൾ ലക്ഷദ്വീപ് മുഴുവൻ വാപിക്കുമെന്നും പ്രത്യാശിക്കാം. വി.സി.സിക്കും കെ ലീഗിനും ഫാൻപോർട്ടിന്റെ അഭിനന്ദനങ്ങൾ നേരുന്നു.