ദേശീയ ലീഗിലേക്ക് കൈനിറയെ താരങ്ങളെ സംഭാവന ചെയ്ത് റെഡ്സ്റ്റാർ അക്കാദമി

- Advertisement -

റെഡ്സ്റ്റാർ എഫ്‌ സി തൃശ്ശൂരിന്റെ ദേശീയ ഫുട്ബോളിലേക്കുള്ള സംഭാവനകൾ വലുതാവുകയാണ്. റെഡ് സ്റ്റാർ അൽകാദമിയുടെ ഭാഗമായിരുന്ന 8 താരങ്ങൾ ഐ എസ് എല്ലിലും ഐലീഗിലുമായി ദേശീയ ഫുട്ബോളിന്റെ ഭാഗമാവാൻ പോവുകയാണ്. ഏഴു താരങ്ങളും ദേശീയ ക്ലബുകളുമായി കരാറിൽ എത്തി.

കഴിഞ്ഞ ദിവസം തൃശ്ശൂർ സ്വദേശിയും ഇന്ത്യൻ അണ്ടർ 17 താരവുമായിരുന്ന ആയിരുന്ന ഋഷി ദത്ത് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയിരുന്നു. മുൻ റെഡ് സ്റ്റാർ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഋഷി. ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമുമായി മൂന്നു വർഷത്തേക്കാണ് ഋഷി കരാറിൽ എത്തിയിരിക്കുന്നത്.

ഋഷി സീനിയർ ടീമിൽ ആണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയർ ടീമിലേക്കും റെഡ്സ്റ്റാറിന്റെ കുട്ടികൾ ഉണ്ട്. കൗമാര താരങ്ങളായ അലക്സ്‌ സജി, ദീപക്‌ രാജ്. ഗോകുൽ, ഫയസ് എന്നീ നാലു താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യൂത്ത് ഐ ലീഗുകളിൽ ഇവർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയും.

കേരളത്തിലെ പുതിയ ഐലീഗ് ക്ലബായ ഗോകുലം എഫ്സിയിലും റെഡ്സ്റ്റാറിന്റെ മുന്നു കുട്ടികൾ ഉണ്ട്. സന്തോഷ് ട്രോഫി ടീമിൽ ഉണ്ടായിരുന്ന അനന്തു മുരളി, ബിജേഷ് ബാലൻ, റോഷൻ ജിജി എന്നിവർ ഈ സീസണിൽ ഐലീഗിൽ ഗോകുലത്തിനു വേണ്ടി ബൂട്ട് അണിയും.

ഇപ്പോൾ പഞ്ചാബ് യുണൈറ്റഡ് സീനിയർ ടീമിലെ ഗോൾ കീപ്പർ മുഹമ്മദ് സമദ്, ബെംഗളൂരു എഫ് സി അണ്ടർ 19 ടീമിലെ സജീവ സാന്നിദ്ധ്യമായ രാഹുൽ വയനാട് എന്നിവരും റെഡ് സ്റ്റാർ അക്കാദമിയിലൂടെ വളർന്നവരാണ്. കഴിഞ്ഞ വർഷം എഫ് സി കേരളയുടെ ഗോൾവല കാത്ത അഭിനവ് കെവിയും റെഡ്സ്റ്റാറിന്റെ സംഭാവനയാണ്. ഇപ്പോൾ കാലികറ്റ് യൂണിവേഴ്സിറ്റി ഗോൾകീപ്പറാണ് അഭിനവ്.

ഈ താരങ്ങളുടേയെല്ലാം വളർച്ചയുടെ പിന്നിൽ ബിനോ ജോർജ്ജ് കോച്ചിന്റെ സംഭാവനയും വലുതാണ്. കേരളത്തിലെ ആദ്യത്തെ പ്രോ ലൈസൻസ് കോച്ചായ ബിനോ ജോർജ്ജ് ഈ താരങ്ങളുടെയൊക്കെ വളർച്ചയിൽ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ റസിഡൻഷ്യൽ അക്കാദമിയായ റെഡ് സ്റ്റാറ് കഴിഞ്ഞ സീസണിൽ അണ്ടർ 17 കേരള സോൺ ചാമ്പ്യന്മാരായിരുന്നു. അടുത്ത യൂത്ത് ഐ ലീഗിനായി ഒരുങ്ങുകയാണ് ഇപ്പോൾ റെഡ് സ്റ്റാർ അക്കാദമി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement