വീണ്ടും റാമോസ് ഹെഡ്ഡർ, റയൽ ഒന്നാമത്

- Advertisement -

സെർജിയോ റാമോസെന്ന ക്യാപ്റ്റൻ വീണ്ടും രക്ഷകനായപ്പോൾ റയൽ മാഡ്രിഡിന് ല ലീഗയിൽ നിർണായക ജയം. ബദ്ധവൈരികളായ ബാഴ്സലോണ തോറ്റ ദിവസം റയൽ ബെറ്റിസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ കിരീടത്തിലേക്ക് നിര്ണായകമായേക്കാവുന്ന 3 പോയിന്റുകൾ നേടിയത്.

ഇത്തവണ ല ലീഗയിൽ ഒരുപാട് തവണ കണ്ട പോരാട്ട വീര്യം പുറത്തെടുത്ത റയൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് ജയിച്ചത്. ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയ റയൽ മാഡ്രിഡ് പക്ഷെ ഗോൾ കീപ്പർ കെയ്‌ലർ നവാസിന്റെ പിഴവിൽ ആദ്യ ഗോൾ വഴങ്ങി. റയൽ ബെറ്റിസ്‌ താരത്തിന്റെ ഒട്ടും അപകടകരമല്ലാത്ത ഷോട്ട് കൈപ്പിടിയിൽ ഒതുക്കുന്നതിൽ നവാസിന് പിഴച്ചപ്പോൾ 24 ആം മിനുട്ടിൽ ബെറ്റിസ്‌ അപ്രതീക്ഷിത ലീഡ് നേടി. എന്നാൽ ആത്മവിശ്വാസം നഷ്ടപ്പെടാതെ കളിച്ച റയൽ ക്രിസ്റ്റിയാനോ റൊണാള്ഡോയിലൂടെ സമനില ഗോൾ നേടി.

രണ്ടാം പകുതിയിൽ 70 മിനിറ്റ് ആയിട്ടും വിജയ ഗോൾ കണ്ടെത്താനാവാതെ പോയതോടെ റോഡ്രിഗസ് , മൊറാട്ട എന്നിവരെ പിൻവലിച്ച സിദാൻ ലൂക്കാസ് വാസ്‌ക്വേസ് , ബെൻസേമ എന്നിവരെ കളത്തിലിറക്കി. ഇതിനു ഇടയിൽ ബെറ്റിസ്‌ താരം പിച്ചിനി ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഇതോടെ കൈ മെയ് മറന്നു ആക്രമിച്ച റയലിന് അതിന്റെ ഫലം ലഭിക്കാൻ 81 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ടോണി ക്രൂസിന്റെ കോർണർ കിക്ക്‌ തന്റെ പതിവ് സ്റ്റൈലിൽ ഹെഡ്ഡറിലൂടെ ബെറ്റിസ്‌ വലയിൽ എത്തിച്ചാണ് റാമോസ് റയലിന്റെ രക്ഷകനായത്.

Advertisement