ഇനി റയൽ മാഡ്രിസ്- മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ പോരാട്ടം

- Advertisement -

യൂറോപ്യൻ ഫുട്ബോളിലെ ഈ സീസണിലെ അവസാന മത്സരവും റയലിന്റെ ചാമ്പ്യൻസ് ലീഗ് കിരീടധാരണത്തോടെ അവസാനമായതോടെ ഇനി യൂറോപ്യൻ സൂപ്പർ കപ്പ് മത്സരത്തിനായുള്ള കാത്തിരിപ്പ്. യുവേഫയുടെ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിലുള്ള പോരാട്ടമാണ് യുവേഫ സൂപ്പർ കപ്പ്.

ജോസ് മൗറീഞ്ഞോ തന്റെ പഴയ ടീമിനെ നേരിടുന്ന മത്സരം സിദാൻ-മൗറീഞ്ഞോ പോരാട്ടം കൂടിയാകും. യൂണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ നിലവിൽ 3 കിരീടങ്ങൾ സ്വന്തമായുള്ള മൗറീഞ്ഞോക്ക് മറ്റൊരു ട്രോഫി കൂടി ഓൾഡ് ട്രാഫോഡിൽ എത്തിക്കാനുള്ള അവസരമാകും അത്. സിദാൻ കഴിഞ്ഞ തവണ സെവിയ്യയെ തോൽപിച്ചു നേടിയ സൂപ്പർ കപ്പ് നിലനിർത്താനുള്ള ശ്രമത്തിലും.

അടുത്ത സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ആഗസ്റ്റ് 8 നാണ് ഇരു ടീമുകളും സൂപ്പർ കപ്പിനായി കളത്തിൽ ഇറങ്ങുക. പ്രീ സീസണിൽ തങ്ങളുടെ അവസാന ഇലവനിലെ മിടുക്കരെ കണ്ടെത്താനുള്ള ആദ്യ അവസരവുമാവും സൂപ്പർ കപ്പ് പോരാട്ടം. ഒരു പക്ഷെ ആഗസ്റ്റ് 31 ന് അവസാനിക്കുന്ന ട്രാൻസ്ഫർ സമയ പരിധിക്ക് മുൻപ് ക്ലബ്ബ് വിടുന്ന ചിലർക്കെങ്കിലും തങ്ങളുടെ ക്ലബ്ബിനായുള്ള അവസാന മത്സരത്തിനുള്ള അവസരവുമാകും അത്. മാസഡോണിയയിലെ നാഷണൽ അരീന സ്റ്റേഡിയത്തിലാണ് യൂറോപ്പിലെ 2 ജേതാക്കളും ഏറ്റു മുട്ടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement