എൽ ക്ലാസിക്കോയിൽ റയലിന് വേണ്ടി മോഡ്രിച് ഇറങ്ങില്ല

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനു വേണ്ടി ലൂക്കാ മോഡ്രിച് ഇറങ്ങില്ല. സൂപ്പർ കോപ്പയിലെ ബാഴ്സലോണയ്ക്കെതിരെയുള്ള ആദ്യ മൽസരമാണ് റയലിന്റെ പ്ലെ മേക്കർക്ക് നഷ്ടമാവുക. ക്യാമ്പ് നൗവിലെ ക്ലാസിക്കോ മോഡ്രിചിന് നഷ്ടമാവുമെങ്കിലും ബേർണബ്യൂവിൽ വെച്ചുള്ള രണ്ടാം പാദ മൽസരത്തിന് മോഡ്രിച്ചിന് കളിക്കാൻ സാധിക്കും. റയലിന്റെ ആരാധകർ കൂടി ഓർത്തിരിക്കാനിടയില്ലാത്ത ഒരു കാരണം കൊണ്ടാണ് മോഡ്രിച് പുറത്ത് നിൽക്കുന്നത്. 2014 ലെ സൂപ്പർ കോപ്പയിൽ നിന്നുമുള്ള സസ്പെൻഷൻ നിലനിൽക്കുന്നത് കാരണമാണ് മോഡ്രിചിന് മൽസരം നഷ്ടപ്പെടുന്നത്.

അത്ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള സൂപ്പർ കോപ്പ മൽസരത്തിൽ 89ആം മിനുറ്റിൽ ചുവപ്പ് വാങ്ങിയതാണ് മോഡ്രിചിന് വിനയായത്. മൽസരത്തിൽ ലോസ് ബ്ലാങ്കോസ് പരാജയപ്പെട്ടു. അതിനുശേഷം ഇത് വരെ ടൂർണമെന്റിൽ റയൽ പങ്കെടുക്കാത്തത് കൊണ്ട് ഒരു മാച്ച് സസ്പെൻഷൻ ഇപ്പോളും തുടരുകയായിരുന്നു. 31 കാരനായ ക്രൊയേഷ്യൻ താരം റയലിന്റെ ഗെയിം പ്ലാനിലെ അവിഭാജ്യ ഘടകമാണ്.

സിനദിൻ സിദാൻ മോഡ്രിചിന് പകരം അസൻസിയോയേയോ സമ്മർ സൈനിങ്ങ് ഡാനി സെബല്ലോസിനെയോ കളത്തിലിറക്കും. അവധിക്കാലത്തിനു ശേഷം സൂപ്പർക്കപ്പിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാഴ്സയ്ക്കെതിരെ ഇറങ്ങിയേക്കും. പ്രീ സീസണിൽ തുടരെ തുടരെ പരാജയമേറ്റുവാങ്ങിയ റയൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മൽസരത്തിൽ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial