റൊണാൾഡോക്ക് ഹാട്രിക്, ക്ലബ് ലോകകപ്പ് റയൽ മാഡ്രിഡിന്

ജാപ്പനീസ് ക്ലബ് കശിമയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് നേടി. ക്രിസ്റ്റിയാനോ റൊണാൾഡോ ഹാട്രിക് നേടിയ മത്സരത്തിൽ 90 മിനിറ്റ് നേരം ശക്തമായി പൊരുതിയ ശേഷമാണ് കശിമ ആന്റ്ലെഴ്സ് ശക്തരായ റയൽ മാഡ്രിഡിനോട് കീഴടങ്ങിയത്.

സ്‌കോർ കാണുന്നത് പോലെ ആയിരുന്നില്ല കശിമയുടെ പ്രകടനം. രണ്ടാം പകുതിയിൽ ലീഡ് എടുത്ത് റയലിനെ വിറപ്പിച്ച ശേഷമാണ് മത്സരം കശിമയുടെ കൈവിട്ടു പോയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മോഡ്രിക് നൽകിയ പന്ത് ക്ളോസ് റേഞ്ചിൽ നിന്നും വലയിലാക്കി കരീം ബെൻസിമ റയലിന് ലീഡ് നൽകി. മിത്സു ഓഗസ്വരയിലൂടെ തൊട്ടടുത്ത നിമിഷം ഗോൾ മടക്കാൻ ജാപ്പനീസ് ക്ലബ് ശ്രമിച്ചു എങ്കിലും നിർഭാഗ്യവശാൽ ഗോൾ ആവാതെ പോവുകയായിരുന്നു. എങ്കിലും ആദ്യ പകുതി അവസാനിക്കാനിരിക്കെ 44ആം മിനിറ്റിൽ ഷിബാസാക്കിയിലൂടെ ഗോൾ മടക്കിയ കശിമ മത്സരത്തിലേക്ക് തിരികെ വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഷിബിസാക്കിയിലൂടെ കശിമ വീണ്ടും ഗോൾ നേടിയതോടെ റയൽ അക്ഷരാർത്ഥത്തിൽ വിറക്കുകയായിരുന്നു. ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനം നടത്തിയ റൊണാൾഡോയിലൂടെ പെനാൽറ്റി ഗോൾ ആക്കി മാറ്റി റയൽ ഒപ്പം എത്തി. 90 മിനിറ്റ് വരെ ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തി എങ്കിലും ഇരു ടീമുകൾക്കും അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ തന്റെ തനതായ ഫോം വീണ്ടെടുത്ത റൊണാൾഡോ 97ആം മിനിറ്റിൽ വീണ്ടും ഗോൾ നേടിയതോടെ റയൽ മത്സരത്തിൽ മുന്നിൽ എത്തി. തുടർന്ന് വീണ്ടും റൊണാൾഡോ ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് ലോകകപ്പ് ഉറപ്പിക്കുകയായിരുന്നു.
റയൽ മാഡ്രിഡിന്റെ രണ്ടാമത്തെ ക്ലബ് ലോകകപ്പ് നേട്ടമാണിത്. 2017ൽ റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് ബാഡ്‌ജ് ധരിച്ചായിരിക്കും കളിക്കുക.
Previous articleപുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യ ലോക ചാമ്പ്യന്മാര്‍
Next articleപരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍