മാഞ്ചസ്റ്റർ വീണു, റയൽ മാഡ്രിഡ് തന്നെ യൂറോപ്യൻ ചാമ്പ്യന്മാർ

സിദാനെയും സംഘത്തേയും യൂറോപ്പിൽ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് സീസണ് തുടക്കം. സീസണിലെ ആദ്യ കിരീടമായ യുവേഫ സൂപ്പർ കപ്പ് ഒരിക്കൽ കൂടി മാഡ്രിഡിന് സ്വന്തം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുറോപ്പ കപ്പ് ജേതാക്കളായ മാഞ്ചസ്റ്ററിനെ ചാമ്പ്യൻസ്‌ ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് കീഴടക്കിയത്. നാലാം തവണയാണ് യുവേഫ സൂപ്പർ കപ്പ് റയൽ സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷവും റയൽ തന്നെ ആയിരുന്നു ചാമ്പ്യന്മാർ.

സൂപ്പർ താരം റൊണാൾഡോയെ ബെഞ്ചിലിരുത്തി ആണ് റയൽ ഇറങ്ങിയത് എങ്കിലും തുടക്കം മുതൽ കളിയിൽ ആധിപത്യം മാഡ്രിഡ് ശക്തികൾക്ക് തന്നെ ആയിരുന്നു. മോഡ്രിച്ച്-ക്രൂസ്-കാസമേറോ മിഡ്ഫീൽഡ് ത്രയങ്ങൾ നിയന്ത്രിച്ച കളിയിൽ 24ാം മിനുട്ടിലാണ് ആദ്യ ഗോൾ പിറന്നത്. കാസമോറയുടെ ഡൈവിങ്ങ് ഫിനിഷ് ഡിഹിയെ പരാജയപ്പെടുത്തുക ആയിരുന്നു.

രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന റയൽ മാഡ്രിഡ് 52ാം മിനുട്ടിൽ ഇസ്കോയിലൂടെ വീണ്ടും യുണൈറ്റഡ് പ്രതിരോധം ഭേദിച്ചു. റൊണാൾഡോയുടെ അഭാവത്തിൽ യുണൈറ്റഡ് പ്രതിരോധത്തിന് പ്രധാന വെല്ലുവിളി ആയതും ഇസ്കോ തന്നെ ആയിരുന്നു.

തുടർന്ന് റാഷ്ഫോർഡിനേയും ഫെല്ലൈനിയേയും പകരക്കാരായി കൊണ്ടു വന്നു മാഞ്ചസ്റ്റർ കീച്ച് ഹോസെ മൗറീന്യോ കളിയിലേക്ക് തിരിച്ച് വരവിനുള്ള ശ്രമങ്ങൾ തുടങ്ങി. 62ാം മിനുട്ടിൽ ആ ശ്രമങ്ങൾക്ക് പ്രതീക്ഷയേകി കൊണ്ട് ലുകാകു നവാസിനെ കീഴടക്കി റയൽ വലകുലുക്കി. പക്ഷെ, റയലിനൊപ്പം എത്താൻ അതു മതിയായിരുന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ റാഷ്ഫോർഡിന് സമനില ഗോൾ നേടാൻ അവസരം ലഭിച്ചു എങ്കിലും നവാസ് റയലിന്റെ രക്ഷകനായി. റൊണാൾഡോ റയലിനു വേണ്ടി അവസാന പത്തു മിനുട്ട് മാത്രമാണ് കളത്തിൽ ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial