റയൽമാഡ്രിഡ് ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ

- Advertisement -

ഗ്രീമിയോയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് വീണ്ടും ക്ലബ് വേൾഡ് കപ്പ് ചാമ്പ്യന്മാർ. രണ്ടാം പകുതിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഫ്രീ കിക്ക്‌ ഗോളിൽ നിന്നാണ് റയൽ മാഡ്രിഡിന്റെ വിജയ ഗോൾ പിറന്നത്. 2014 ന് ശേഷം റയൽ മാഡ്രിഡിന്റെ മൂന്നാമത്തെ ക്ലബ് വേൾഡ് കപ്പ് ആണ്. ഇതോടെ മൂന്ന് തവണ ക്ലബ് ലോകകപ്പ് കിരീടം നേടിയ ബാഴ്‌സലോണക്കൊപ്പമെത്താനും റയൽ മാഡ്രിഡിനായി.

ഡാനി കാർവഹാളും സെർജിയോ റാമോസും ടോണി ക്രൂസും അടങ്ങുന്ന ശക്തമായ നിരയെയാണ് ഗ്രീമിയോയെ നേരിടാൻ സിദാൻ ഇറക്കിയത്. മികച്ച തുടക്കമാണ് അബുദാബിയിൽ റയൽ മാഡ്രിഡിന് ലഭിച്ചത്. റൊണാൾഡോയും ഇസ്കോയും ബെൻസേമയും ഗ്രീമിയോ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും പ്രതിരോധത്തിൽ ഊന്നി കളിച്ച ഗ്രീമിയോ മറികടക്കാൻ റയൽ മാഡ്രിഡിനായില്ല. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച് കളിച്ച ഗ്രീമിയോ ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് ഗോൾ നേടുന്നതിൽ നിന്ന് തടയുകയായിരുന്നു.

രണ്ടാം പകുതിയിൽ മത്സരം കടുപ്പിച്ച റയൽമാഡ്രിഡ് റൊണാൾഡോയുടെ മികച്ചൊരു ഫ്രീ കിക്കിലൂടെ ഗോൾ നേടുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ നേടാൻ മോഡ്രിച്ചിനും ബെയ്‌ലിനും അവസരം ലഭിച്ചെങ്കിലും രണ്ടാമത്തെ ഗോൾ നേടാൻ റയൽ മാഡ്രിഡിനായില്ല. 2017ൽ മാത്രം അഞ്ച് ട്രോഫികളാണ് സിദാനും സംഘവും ബെർണാബ്യൂവിൽ എത്തിച്ചത്. ആദ്യമായിട്ടാണ് റയൽമാഡ്രിഡ് ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത്. ക്ലബ് ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമും കൂടിയാണ് റയൽമാഡ്രിഡ്.

റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ശനിയാഴ്ച നടക്കുന്ന ബാഴ്‌സലോണയുമായി നടക്കുന്ന എൽ ക്ലാസിക്കോയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement