ലോറിസിന്റെ കിടിലൻ സേവുകൾ, ബെർണാബുവിൽ സമനില വഴങ്ങി റയൽ

- Advertisement -

ക്യാപ്ടൻറ്റെ പ്രകടനവുമായി ടോട്ടൻഹാം ഗോളി ഹ്യുഗോ ലോറിസ് നിറഞ്ഞു നിന്ന മത്സരത്തിൽ റയലിന് സ്പർസിനെതിരെ സമനില. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയ മത്സരത്തിൽ റയൽ ഗോളി നവാസിന്റെ സേവുകളും നിർണായകമായി. എവേ മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി റയലിനെതിരെ ഗോൾ നേടിയ സ്പർസ് ബെർണാബുവിൽ മികച പ്രകടനം തന്നെയാണ് നടത്തിയത്. റയലിനായി റൊണാൾഡോ ഗോൾ നേടിയപ്പോൾ സ്പർസിന് ലഭിച്ച ഗോൾ റയൽ പ്രതിരോധകാരൻ വരാൻ വഴങ്ങിയ സെൽഫ് ഗോൾ ആയിരുന്നു.

റയലിന്റെ ആക്രമണ നിരയെ തടയാൻ 5-3-2 ഫോർമേഷനിലാണ് പോചെട്ടിനോ ടീമിനെ ഇറക്കിയത്. ആക്രമണത്തിൽ കെയ്നിനൊപ്പം യോറന്റെയെയും ഇറക്കിയ സ്പർസ് മധ്യ നിരയിൽ യുവ താരം ഹാരി വിങ്ക്സിനെ ഉൾപ്പെടുത്തി. സിദാനാവട്ടെ റൊണാള്ഡോകൊപ്പം ബെൻസീമയെയും ഇസ്‌കോയെയും ഉള്പെടുത്തിയപ്പോൾ റൈറ്റ് ബാക് പൊസിഷനിൽ യുവ താരം അഷ്റഫ് ഹകിമിയെ ഉൾപ്പെടുത്തി.

മത്സരം തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ റയൽ ആദ്യ അവസരം സൃഷ്ടിച്ചു. റൊണാൾഡോയുടെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് റീ ബൗണ്ടിൽ ഗോളാക്കാനുള്ള അവസരം ബെൻസീമ പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി. 28 ആം മിനുട്ടിലാണ് ബെർണാബുവിനെ നിശ്ശബ്ദമാക്കി ടോട്ടൻഹാം ലീഡ് നേടിയത്. വലത് വിങ്ങിൽ നിന്ന് ഓറിയേർ ഹാരി കെയ്നെ ലക്ഷ്യമാക്കി ബോക്സിലേക്ക് നൽകിയ പാസ്സ് റയൽ ഡിഫൻഡർ വാരാനിന്റെ കാലിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. പിന്നീട് റയൽ നടത്തിയ ഏതാനും മികച്ച അവസരങ്ങളെ നന്നായി പ്രതിരോധിച്ച സ്പർസിന് പക്ഷെ 43 ആം മിനുട്ടിൽ പിഴച്ചു. ടോണി ക്രൂസിനെ ഒറിയേർ ബോക്‌സിൽ വീഴ്ത്തിയപ്പോൾ റഫറി റയലിന് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റൊണാൾഡോ സ്കോർ സമനിലയിലാക്കി. അങ്ങനെ ആദ്യ പകുതി 1-1 ഇൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ലീഡ് നേടാനായി റയൽ നിരന്തരം ആക്രമണം അഴിച്ചുവിട്ടപ്പോൾ സ്പർസിന് കൂടുതൽ നേരവും പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. ഇതിനിടയിൽ ബെൻസീമയയെയും റൊണാൾഡോയെയും കിടിലൻ സേവുകളിലൂടെ ടോട്ടൻഹാം ക്യാപ്റ്റിൻ ഹ്യുഗോ ലോറിസ് തടഞ്ഞു. 69 ആം മിനുട്ടിൽ കെയ്‌നിന്റെയും ഷോട്ട് നവാസ് തടുത്തതും മത്സര ഫലത്തിൽ നിർണായകമായി. 76 ആം മിനുട്ടിൽ സിദാൻ ബെൻസീമയെ പിൻവലിച്ചു അസെൻസിയോയെ ഇറക്കിയെങ്കിലും വിജയ ഗോൾ കണ്ടെത്താൻ റയലിനായില്ല. സ്പർസിന്റെ മികച്ച പ്രതിരോധത്തെ മറികടക്കാൻ സിദാനും സംഘത്തിനും പിന്നീട് ആയതുമില്ല.

പോയിന്റുകൾ പങ്കുവച്ച ഇരു ടീമുകൾക്കും 7 പോയിന്റ് വീതമായി. ഗ്രൂപ്പിൽ ഇതോടെ റയലും സ്പർസും ആദ്യ രണ്ടു സ്ഥാനങ്ങൾ പങ്കു വെച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement