റയലിന്റെ മൈതാനത്ത് ഫെഡറർ, നദാൽ ടെന്നീസ് മത്സരം നടത്താൻ ഒരുങ്ങി പെരെസ്?

കാണികളുടെ എണ്ണത്തിൽ ടെന്നീസ് ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും പഴങ്കഥയാക്കാൻ റയൽ മാഡ്രിഡ് ഫുട്‌ബോൾ ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീന പെരെസ് ഒരുങ്ങുന്നതായി സൂചന. ലോക റെക്കോർഡ് കാണികളെ പ്രതീക്ഷിച്ച് ഇതിഹാസ താരങ്ങൾ ആയ റോജർ ഫെഡറർ, റാഫേൽ നദാൽ മത്സരം ക്ലബിന്റെ സാന്റിയാഗോ ബെർണബയോ മൈതാനത്ത് നടത്താൻ ആണ് പെരെസ് ഒരുങ്ങുന്നത് എന്നാണ് സൂചന. അതോടൊപ്പം റയൽ ആരാധകൻ ആയ നദാലിനെ തനിക്ക് ശേഷം ക്ലബ് പ്രസിഡന്റ് ആക്കാൻ പെരെസിന് താല്പര്യമുണ്ട് എന്നും വാർത്തകൾ വന്നിരുന്നു, ഒരുപാട് ആരാധകരുടെ താൽപ്പര്യവും ഇത് തന്നെയാണ്.

എന്നും കടുത്ത റയൽ മാഡ്രിഡ് ആരാധകൻ ആയ റാഫേൽ നദാൽ തന്റെ ഇഷ്ടം എന്നും പരസ്യമാക്കിയിരുന്നു. പലപ്പോഴും ക്ലബിന് പിന്തുണയുമായി ഗാലറിയിൽ നദാൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ടെന്നീസിലെ ഫെഡറർ, നദാൽ പോര് എന്ന പോലെ ഫുട്‌ബോളിലെ മെസ്സി, റൊണാൾഡോ പോര് പലപ്പോഴും താരതമ്യങ്ങൾക്കും വിധേയമായിട്ടുണ്ട്. നദാലിന്റെ ഇഷ്ടതാരം റൊണാൾഡോ ആണെങ്കിൽ ഫെഡറർ മെസ്സി ആരാധകൻ ആണെന്ന വാർത്തകൾ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം പലപ്പോഴും നദാലിന്റെ കളി കാണാൻ റൊണാൾഡോ പ്രത്യക്ഷപ്പെട്ടതും ഫെഡറർക്ക് പിന്തുണയുമായി മെസ്സി എത്തിയതും വാർത്ത ആയിരുന്നു.